കർമ്മത്തെ മറന്ന്... പ്രദീപ് പുറവങ്കര


അണയാത്ത സങ്കടത്തിന്റെ മറുഭാഗമാണ് ആളികത്തുന്ന അക്രമം എന്ന് മിക്കവരും വിശ്വസിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ്  അതിവൈകാരികമായി ചിന്തിക്കുന്നവരെന്ന് നമ്മൾ ഇടയ്ക്കിടെ ആരോപിക്കുന്ന നമ്മുടെ അയൽനാട്ടുക്കാർ ഇന്നലെ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമെന്ന് നമ്മൾ മിക്കവരും വിശ്വസിച്ചത്. അവർക്ക് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത് ആധുനിക തമിഴ് ചരിത്രത്തിൽ തന്നെ ഒരിക്കലും മായ്ച്ച് കളയാൻ സാധിക്കാത്ത വ്യക്തിത്വത്തിനെയാണ്. അമ്മയും, പുരൈട്ചി തലൈവിയും, ഇദയകനിയുമൊക്കെയായിരുന്ന അവരുടെ സ്വന്തം ജയലളിതയെ. 

അങ്ങിനെ ഏതൊരു തമിഴ്നാട്ടുക്കാരനെയും വേദനിപ്പിക്കുന്ന ഒരു ദിവസമായ ഇന്നലെ അവർ റോഡുകൾ കൈയേറി അക്രമപരന്പരകൾ സൃഷ്ടിക്കുമെന്നും, മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുമെന്നും, വഴിയെ പോകുന്നവരെ തടഞ്ഞുനിർത്തി അക്രമിക്കുമെന്നുമൊക്കെ നമ്മൾ വെറുതെ പ്രതീക്ഷിച്ചു. ചാനൽ ചർച്ചകളിൽ പോലും ഇടയ്ക്കിടെ അവിടെ എന്തെങ്കിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് വാർത്താവായനക്കാർ എടുത്തു എടുത്തു ചോദിച്ചു മടുക്കുന്നതും നമ്മൾ കണ്ടു. അവിടെ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നിരവധി പേർ വല്ലവിധേനയും നാട്ടിലേയ്ക്ക് ഓടിവന്നു.  എന്നാൽ ഭയപ്പെട്ടതൊന്നും തന്നെ തമിഴ്നാടിൽ സംഭവിച്ചില്ല. അവർ നമ്മെ ശരിക്കും വിസ്മയിപ്പിച്ചിരിക്കുന്നു.അങ്ങേയറ്റത്തെ സങ്കടത്തോടെയാണെങ്കിലും ഏറെ സമചിത്തതയോടെ തമിഴ് ജനത ഇന്നലെ പെരുമാറി. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ ഏറെ സമാധാനപൂർണമായിരുന്നു ഇന്നലെ തമിഴ്നാട്. ഭരണകക്ഷിയും, പ്രതിപക്ഷവും, പോലീസും, കേന്ദ്ര സേനയും ഒക്കെ പുലർത്തിയ പക്വത
യാർന്ന സമീപനവും ഈ നേരത്ത് ഏറെ അഭിനന്ദനം അർഹിക്കുന്നു. 

ജയലളിലതയുടെ മരണത്തിന് ശേഷം അവരുടെ ജീവിതത്തെപ്രകീർത്തിച്ച് ലക്ഷകണക്കിന് പേർ മുന്പോട്ട് വരുന്നതിനോടൊപ്പം തന്നെ അവരെ അത്രയ്ക്കൊന്നും അഭിനന്ദിക്കേണ്ട കാര്യമില്ലെന്നും ചിലർ പറയുന്നു. അവർ ഏകാധിപതിയാണെന്നും, അഴിമതിയുടെ കാര്യത്തിലും, സ്വജനപക്ഷപാതത്തിലും ചില്ലറക്കാരിയായിരുന്നില്ലെന്നും വിമർശകർ ആരോപിക്കുന്നു. ഇങ്ങിനെ പറയുന്നവരിൽ വലിയൊരു ശതമാനം പേർ നമ്മൾ മലയാളികളാണ് എന്ന് നവമാധ്യമങ്ങളിലൂടെ മനസിലാകുന്നു. അതേസമയം തമിഴ് സ്വദേശികളിൽ നിന്നും അങ്ങിനെയൊരു വിമർശനം വരുന്നതായി കാണുന്നില്ല. അവരുടെ ശത്രുക്കൾ എന്ന് വിളിക്കപ്പെട്ടവർ പോലും മരണ ദിവസമായത് കൂടി കൊണ്ടാവാം ആദരവ് നിറഞ്ഞ തരത്തിലാണ് പ്രതികരിച്ചത്. 

ഇതിൽ നിന്ന് മനസിലാകുന്ന പ്രധാനപ്പെട്ട ഒരു കാര്യം മറ്റ് പല ഇടങ്ങളിലും, പ്രശസ്തരും പ്രഗത്ഭരുമായ ആളുകളെ അവിടുത്തെ ജനങ്ങൾ സ്നേഹിക്കുന്നത് അവരുടെ വ്യക്തിപരമായ ജീവിതം മാത്രം നോക്കികൊണ്ടല്ല. പകരം അവരുടെ ജീവിത കാലയളവിൽ അവരുടെ കർമ്മരംഗങ്ങളിൽ നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകൾ നടത്തുന്ന
ത് എന്നാണ്. അതേ സമയം നമ്മുടെ നാട്ടിൽ പ്രശസ്തനാകുന്ന ഒരുവ്യക്തിയുടെ കിടപ്പുമുറിയിൽ വരെ പോയി അവരുടെ സ്വകാര്യമായ ജീവചരിത്രം പോലും മാന്തിയെടുത്ത് കീറിമുറിച്ച് പരിശോധിച്ച് കറകൾ കണ്ടെത്താനാണ് താൽപ്പര്യം. ഈ താൽപ്പര്യമുള്ളത് കൊണ്ടാണ് തികച്ചും സ്വകാര്യമായ കാര്യങ്ങളെ പോലും അതിവൈകാരികമായ രീതിയിൽ പൊലിപ്പിച്ചു കാണിച്ചു ആരെയും പൊതുബോധത്തിന്റെ ശത്രുവോ, മിത്രമോ ആക്കി തീർക്കാൻ കുറച്ചെങ്കിലും പേർ സദാസമയവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കർമ്മത്തെ കാണാതെ കർമ്മിയെ മാത്രം കാണുന്ന ഈ പ്രവണത നല്ലതാണോ എന്ന് കാലം തന്നെ തെളിയിക്കട്ടെ!!

You might also like

Most Viewed