അമ്മ പഠിപ്പിക്കുന്നത്...


പ്രദീപ് പുറവങ്കര

ഈ കുറിപ്പെഴുതുമ്പോഴും തമിഴ്നാടിന്റെ പ്രിയപ്പെട്ട അമ്മ ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന വാർത്ത തന്നെയാണ് ഞങ്ങളെ തേടി വരുന്നത്. അവർ സ്വസ്ഥമായിജീവിതത്തിലേയ്ക്ക് തിരികെ വരണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതേസമയം മരണം എന്നത് ജനിച്ചുപോകുന്ന ആരെയും ഏത് സമയത്തും പിടികൂടാവുന്ന അവസ്ഥയാണ് എന്നുള്ളത് കൊണ്ട് തന്നെ ശ്രീമതി ജയലളിതയുടെ ആയുസിന്റെ കടിഞ്ഞാൺ ആരുടെയും കൈയിൽ ഒതുങ്ങുന്നതല്ല എന്നും മനസിലാക്കുന്നു.  പക്ഷെ കഴിഞ്ഞ 75 ദിവസമായി ഓരോ തവണയും ജയലളിതയുടെ ആരോഗ്യനിലയിലുണ്ടാകുന്ന മാറ്റങ്ങൾ അവരുടെ അണികളിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന വികാരവിക്ഷോഭങ്ങൾ നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തേണ്ടത് തന്നെയാണ്. 

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ തമിഴ്നാട് എന്നൊരു സംസ്ഥാനത്തിലെ ഒരു ഏകാധിപതി തന്നെയാണ് ജയലളിത എന്ന് നമുക്കറിയാം. അവർ മറ്റ് ഭരണാധികാരികളെ പോലെ അഞ്ച് വർഷം കൂടുന്പോൾ വോട്ടിന് വേണ്ടി ജനങ്ങളെ സമീപിച്ചിടുണ്ട്. ചില നേരങ്ങളിൽ പരാജയപ്പെടുന്പോൾ മിക്കപ്പോഴും അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവരെ പറ്റി നമ്മൾ കേൾക്കാത്ത അഴിമതി കഥകളില്ല. തമിഴ്നാടിൽ മാത്രമായിട്ടല്ല, ലോകമെന്പാടും അവരുടെ ബിനാമി ഇടപ്പാടുകൾ ഉണ്ടെന്നും പറയപ്പെടുന്നു.  അഴിമതി കാരണം അവർക്ക് ജയിലിലും കഴിയേണ്ടി വന്നു. പക്ഷെ അതൊന്നും തന്നെ തമിഴ്നാടിലെ ഭൂരിഭാഗം പേർക്കും പ്രശ്നമല്ല എന്നു തെളിയിക്കുന്നതാണ് അവരുടെ ഭരണതുടർച്ച. ഇതിനർത്ഥം ആ നാട്ടുക്കാർക്ക് ബുദ്ധിയില്ലെന്നല്ല. കലയിലും, സാഹിത്യത്തിലും, ഗവൺമെന്റ് തലത്തിലുമൊക്കെ ഏറ്റവും ഉന്നതമായ വ്യക്തിത്വങ്ങൾ ദ്രാവിഡലോകത്തിന് സ്വന്തമാണ്. എന്നിട്ടുമെന്തുകൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിലെ റാണിയായി ജയലളിത തന്നെ തുടർന്നു എന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ പഠനവിധേയമാക്കേണ്ട വിഷയം തന്നെയാണ്്.  

കേവലം ഒരു താരാരാധനയായി മാത്രം ഇതിനെ കാണാൻ സാധിക്കില്ല. സ്വന്തം ജനതയുടെ വിശപ്പ് പരിഹരിക്കുന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ കർത്തവ്യമെന്ന് അവർ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് അവിടെയുള്ള സാധാരണക്കാർക്ക് അവർ ദൈവം പോലെയായി മാറിയത്. കേവലം നാല് രൂപയ്ക്ക് നാല് ഇഡ്ഡലിയും സാന്പാറുമടങ്ങുന്ന പ്രാതലും, മൂന്ന് രൂപയ്ക്ക് തൈര് ചേർത്ത ചോറും, പത്ത് രൂപയ്ക്ക് വെജിറ്റേറിയൻ ഊണും, ആറ് രൂപയ്ക്ക് രാത്രി ഭക്ഷണവും നൽകി അവർ അവരുടെ ജനതയെ ഊട്ടി. പ്രത്യയ ശാസ്ത്രങ്ങളുടെ വലിയ ഭാണ്ഠകെട്ടൊന്നും അവർ ചുമന്നിരുന്നില്ല. ദേശീയസമരങ്ങളുടെ മാറാപ്പും അവർ വലിച്ചിഴച്ചില്ല. മക്കളുടെ മനസറിഞ്ഞ് ആ അമ്മ വാരി കോരി നൽകി. ആ ഒറ്റ കാരണം കൊണ്ടു തന്നെയാണ് അവരെ തമിഴ് ജനത അമ്മ മഹാറാണിയുടെ പട്ടം നൽകി ആദരിച്ചത്. 

തന്റെ ജനതയുടെ ദൈനംദിന ആവശ്യങ്ങളെ കണ്ടറിഞ്ഞ് വേണ്ടത് നൽകാനും, അവരെ കൊണ്ട് തന്നെ നാടിന് പുരോഗതി ഉണ്ടാക്കാനും, ആ നാടിന്റെ ഭാഗമായതിൽ അഭിമാനിക്കാനും  കഴിയുന്നതാണ് ഒരു നല്ല ഭരണാധികാരിയുടെ മുഖമുദ്രയെന്ന പഠനമാണ് ജയലളിത എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരി നമുക്ക് നൽക്കുന്നത്. അതു കൊണ്ട് തന്നെയാണ് രാവും പകലും പൊട്ടികരഞ്ഞും ആർത്തലച്ചും ഒരു വലിയ ജനസമൂഹം അപ്പോളോ ആശുപത്രിയുടെ മുന്പിലും അല്ലാതെയും ദിവസങ്ങളായി കഴിഞ്‍ഞുകൂടുന്നത്. നമ്മുടെ എത്ര ജനനേതാക്കളെ ഇങ്ങിനെയൊരു വിലാപം കാത്ത് നിൽക്കുന്നുണ്ടെന്നതും ഈ നേരത്ത് ചിന്തനീയം!!

You might also like

Most Viewed