സ്മാർട്ടായില്ലെങ്കിൽ...

പ്രദീപ് പുറവങ്കര
എറണാകുളത്തുള്ളവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ റെയിലിന്റെ ജോലി നന്നായി തന്നെ പുരോഗമിച്ചു വരികയാണ്. നോട്ടുണ്ടാക്കിയ ചില്ലറ പ്രതിസന്ധികൾക്കിടയിലും മെട്രോയുടെ ജോലി തകൃതിയായി തന്നെ മുന്പോട്ട് പോകുന്നുണ്ട്. അവിചാരിതമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിൽ എറണാകുളത്തിന്റെ വിഷുകണി ഈ മെട്രോ റെയിൽ തന്നെയായിരിക്കും. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ആദ്യം സെർവീസ് നടത്തുക. പിന്നീട് അത് മഹാരാജാസ് കോളേജ് വരെ നീളുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
മെട്രോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി നൽകുന്ന കാർഡുകൾ അടുത്ത മാസം മുതൽ പുറത്തിറക്കാനാണ് പദ്ധതി. ഇതേ കാർഡ് ഉപയോഗിച്ച് മെട്രോയ്ക്ക് പുറമേ, വാട്ടർ മെട്രോയിലും, ബസിലും യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഈ കാർഡ് പുറത്തിറങ്ങുന്നത്. എന്തിന് സാധനങ്ങൾ വാങ്ങാനും സേവനങ്ങൾക്കും, ക്രെഡിറ്റ് കാർഡായും ഇതേ കാർഡ് ഉപയോഗിക്കാമത്രെ. ഇനി കാർഡ് വേണ്ടെങ്കിൽ മൊബൈൽ വാലറ്റായും ഉപയോഗിക്കാം. കൊച്ചി വൺ കാർഡ് എന്നാണ് ഇതിന്റെ പേര്. ഇതേ പേരിൽ തന്നെ ആപ്ലികേഷനുമുണ്ടാകും.
പ്രവാസലോകത്ത് കുറേക്കാലം നിന്ന് പോകുന്പോൾ പലപ്പോഴും നാടിന്റെ കുതിപ്പിന്റെ പറ്റി ശരിക്കും മനസിലാകണമെന്നില്ല. വാർത്തകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയുമാണ് നാടിന്റെ സ്പദനങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്. മുകളിൽ പറഞ്ഞ കാർഡിനെ പറ്റിയും അപ്ലിക്കേഷനെ പറ്റിയും വായിക്കുന്പോൾ പുച്ഛത്തോടെ നെറ്റിചുളിക്കുന്ന എത്രയോ പ്രവാസി സുഹൃത്തുക്കൾ ഉണ്ടാകും. ഇതൊക്കെ ആര് ഉപയോഗിക്കാൻ എന്നാകാം അവരുടെ ചിന്ത. അതേ സമയം ഇവർ കുറച്ച് കാലം നാട്ടിൽ വന്ന് നിന്നാൽ ഏറെ അബന്ധമായ ധാരണകൾ വെച്ചുപുലർത്തുന്നുണ്ട് എന്ന് അവർ തിരിച്ചറിയും. കാരണം കേരളത്തിൽ ഇന്ന് സാങ്കേതികമായി മനുഷ്യർ ഏറെ പുരോഗമച്ചിരിക്കുന്നു. ഗ്രാമങ്ങളിൽ പോലും സ്മാർട്ട് ഫോൺ ഇന്ന് ഒരുത്ഭുത വസ്തുവല്ല. അവർ ആപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യാനും അതു ഉപയോഗിക്കാനും പഠിച്ചിരിക്കുന്നു. ഇങ്ങിനെ മുന്പെ തന്നെ സന്പൂർണ സാക്ഷരത നേടിയ മലയാളി സമൂഹം ഇന്ന് ഇ സാക്ഷരതയുടെ കാര്യത്തിലും ഏറെ മുന്പിലാണുള്ളത്.
അതിന്റെ ഉദാഹരണങ്ങൾ കൂടിയാണ് നാട് നീളെയുള്ള ടെക്നോ പാർക്കുകൾ. അനുനിമിഷം സ്മാർട്ടാക്കുന്ന ഒരു ജനത ഈ നാട്ടിലുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രവാസജീവിതം അവസാനിപ്പിച്ച് എന്നെങ്കിലും നാട്ടിലേയ്്ക്ക് വരുന്പോൾ തീരെ പരിചിതമല്ലാത്ത ഒരു ലോകത്ത് ജീവിക്കേണ്ട അവസ്ഥ ആർക്കും വന്നു ചേരും, തീർച്ച!!