ഒന്നാം തീയ്യതിയാകുമ്പോൾ...
പ്രദീപ് പുറവങ്കര
നാളെ ഒന്നാം തീയ്യതി ആണ്. ഡിസംബർ ഒന്ന്. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരുടെയും ഭാഗ്യം ലഭിച്ച അൽപ്പം കുറച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ശന്പള ദിനം. രാജ്യത്ത് നവംബർ എട്ടിന് ആരംഭിച്ച നോട്ട് പിൻവലിക്കൽ പ്രക്രിയയുടെ പ്രത്യാഘാതങ്ങളെ പറ്റി നാടു നീളെചർച്ചകൾ നടക്കുന്ന നേരത്താണ് ഒരു ഒന്നാം തീയ്യതി കടന്നുവരുന്നത്. സാധാരണക്കാരായ മിക്കവരുടെയും ജീവിതചക്രം ഈ ഒന്നാം തീയ്യതിയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വീടിന്റെ ലോൺ മുതൽ, പാൽ, പത്രം, മീൻ, പലചരക്ക് കട, കുട്ടികളുടെ ട്യൂഷൻ, അവരുടെ മറ്റുപഠനങ്ങൾ അങ്ങിനെ എണ്ണമറ്റ അക്കൗണ്ടുകൾ കണക്ക് തീർത്ത് കൊടുക്കേണ്ട ദിനമാണ് മിക്കവർക്കും ഈ ഒന്നാം തീയ്യതി.
വർഷങ്ങളായി പല ദുരിതങ്ങളും മാനേജ് ചെയ്യുന്നത് പോലെ കറൻസി പ്രശ്നത്തെയും പലവിധേനയും സാധാരണ ജനം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ മുന്പിലെത്തുന്ന ഒന്നാം തീയ്യതിയെ എങ്ങിനെ നേരിടുമെന്ന ആശങ്കയിലാണ് പലരും ഇന്ന് കഴിയുന്നത്. ഗവൺമെന്റ് ബാങ്കുകൾ ഇപ്പോൾ അഞ്ഞൂറിന്റെ നോട്ടുകൾ ഉപഭോക്താക്കൾക്ക് മിക്കയിടങ്ങളിലും നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും എത്രയോ പേർ ആശ്രയിക്കുന്ന സ്വകാര്യ ബാങ്കുകളിൽ രണ്ടായിരം മാത്രമേ ഇപ്പോഴും കിട്ടാനുള്ളൂ. അതോടൊപ്പം വിതരണം ചെയ്യേണ്ട മതിയായ പണം അവരുടെ കൈയിൽ ഇല്ലതാനും. ഇതുകാരണം സ്വകാര്യ ബാങ്കുകൾക്ക് നാളെ മുതൽ കുറച്ച് ദിവസത്തേയ്ക്ക് ദുരിതദിനങ്ങൾ തന്നെയാകാനാണ് സാധ്യത. കഴിയുന്നത്ര പണം ഓൺലൈനിലൂടെയും അക്കൗണ്ടിലൂടെയും കൈമാറാൻ സാധാരണക്കാർ പഠിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ ഈ ഒരു നിയന്ത്രണം കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ശന്പളവും പെൻഷനും നൽക്കാൻ പറ്റാത്തതിന്റെ വിഷമം അറിയിച്ചിട്ടുണ്ട്. 1200 കോടി രൂപയാണ് സംസ്ഥാന സർക്കാറിന് ഇതിനായി വേണ്ടത്. റിസർവ് ബാങ്ക് ഇത്രയും തുക നൽകിയില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളവും പെൻഷനും മുടങ്ങാൻ തന്നെയാണ് സാധ്യത.
കഴിഞ്‍ഞ ദിവസം കോഴിക്കോടിന്റെ കലക്ടർ ബ്രോ ഫേസ് ബുക്കിലൂടെ പറഞ്ഞ കാര്യം ഇനി ഏറെ പ്രസക്തമാണ്. അക്കൗണ്ട് ഇല്ലാത്തവർക്ക് അതുണ്ടാക്കാനായി ബാങ്കുകൾ തന്നെ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ക്യാന്പുകളെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ഇനിയും ബാങ്ക് അക്കൗണ്ട് എടുക്കാത്തവർ നിങ്ങളുടെ സമീപത്തോ പരിചയത്തിലോ ഉണ്ടെങ്കിൽ അവരെ തൊട്ടടുത്തുള്ള ബാങ്ക് ശാഖയെ സമീപിക്കാനും അഭ്യർത്ഥിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇനി വരുന്ന കാലത്ത് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് വേണം ഈ പ്രതിസന്ധിയെ നേരിടാൻ.