സമരത്തിനും വേണം ഒരാപ്പ്... പ്രദീപ് പുറവങ്കര
“ഭായിയോ ബഹനോം കൽ ഹോനേവാല ഹർത്താൽ മെ ആപ്പ് സബ് ഭാഗ് ലേലോ ഔർ ഹർത്താൽ കോ...” ഇന്നലെ വൈകീട്ട് കാക്കനാട് കുട്ടികൾക്കൊപ്പം പാർക്കിൽ വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് കാതിൽ വന്നുവീണ ഈ രസകരമായ ഈ അനൗൺസ്മെന്റ് എന്നെകോരിതരിപ്പിച്ചത്. നമ്മുടെ നാട് ഇന്ന് കൊണ്ടാടുന്ന ഹർത്താൽ മഹോത്സവത്തിൽ പങ്കെടുത്ത് സംഭവം അതിജോറാക്കി തരണമെന്ന് അന്യഭാഷാ തൊഴിലാളികളോട് പ്രിയ നേതാക്കൾ അപേക്ഷികുകയായിരുന്നു ഇവിടെ. അതിന് പുറകേ വന്ന മറ്റൊരു അനൗൺസ്മെന്റ് വാഹനം ഒരു ജാതി മതസംഘടനയുടേതായിരുന്നു. അവരും ഉച്ചത്തിൽ എന്തോ പരിപാടിക്ക് ക്ഷണിച്ചത് നമ്മുടെ രാഷ്ട്ര ഭാഷയിൽ തന്നെ. മാതൃഭാഷയിൽ നിന്ന് രാഷ്ട്രഭാഷയിലേയ്ക്കുള്ള ഈ വളർച്ച കണ്ട് എന്റെയുള്ളിലും വല്ലാത്തൊരു രോമാഞ്ചമുണ്ടായി.
അന്യഭാഷ തൊഴിലാളികളോട് ഏറെ സ്നേഹമുള്ളവനാണ് ഈ ഞാനും. കാരണം അവരില്ലെങ്കിൽ ഞാനടക്കമുള്ള മലയാളികൾ പെട്ടുപോകും എന്നൊരുറപ്പ് എനിക്കിപ്പോൾ ഉണ്ട്. കാരണം മടി ശീലമായി പോയി. മേലനങ്ങാൻ തീരെ നിവൃത്തിയില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഫേസ്ബുക്കിൽ ചൂടൻ തെറികളും, കമന്റുകളും വാരി വിതറാൻ ഒരു വിരൽ മാത്രം മതിയല്ലോ. അത് നന്നായി നടക്കുന്നുമുണ്ട്. പക്ഷെ ഇപ്പിപ്പോ കാര്യങ്ങൾ ചെറുതായി കൈവിട്ടുപോകുന്നുണ്ടോ എന്നൊരിത് ഇല്ലാതില്ല. സാധാരണ വൈകുന്നേരങ്ങളിൽ പാലാരിവട്ടത്തെ എടിഎമിന്റെ മുന്പിൽ കാണാറുള്ള അന്യഭാഷക്കാരെ ഇവിടെ വന്നത് മുതൽ കാണുന്നില്ല. ചിലർ പറയുന്നത് പലരും കേരളം വിട്ട് പോകാൻ തുടങ്ങിയെന്നാണ്. കൊടുക്കാൻ നമ്മുടെ കൈയിൽ നോട്ടുമില്ല, അവർക്കാണെങ്കിൽ പ്രത്യേകിച്ച് പണിയുമില്ല. സൗദി അറേബ്യയിൽ നിതാഖത്ത് ഒക്കെ പ്രഖ്യാപിച്ചപ്പോൾ പ്രവാസികൾക്ക് സംഭവിച്ച അതേ അവസ്ഥ.
അതേസമയം അന്യഭാഷക്കാർ അധികം ചേക്കേറാത്ത നാട്ടിൻപുറങ്ങളിൽ മറ്റ് ചില അസാധാരണ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് അച്ഛൻ പറഞ്ഞു. സാധാരണ തെങ്ങിൽ കയറാൻ വരാറുള്ള ബാബുവേട്ടന്റെ പിന്നാലെ പ്രായമായ അച്ഛനാണ് കൊണ്ടുപിടിച്ചു നടക്കാറുള്ളത്. ലോട്ടറി ടിക്കറ്റുകാരൻ മോഹിപ്പിക്കാറുള്ളത് പോലെ നാളെ നാളെ എന്ന് പറഞ്ഞ് ബാബുവേട്ടൻ അച്ഛനെ ഒരു വക ചുറ്റിപ്പിക്കുമായിരുന്നു. ആകെ കൂടി വീട്ടിലെ അൽപ്പം തെങ്ങുകളിൽ നിന്നും കിട്ടുന്ന അന്പതോ നൂറോ തേങ്ങ മൊത്തം കൊടുത്താൽ പോലും ബാബുവേട്ടന്റെ കൂലിക്ക് പോലും തികയുമായിരുന്നില്ല. പിന്നെ പുരപ്പുറത്ത് വീണ് അത് നാശമാകേണ്ടെന്ന് കരുതിയാണ് തേങ്ങ പറിപ്പിക്കുന്നത്. ഇപ്പോ നോട്ട് തീർന്നതോടെ കാര്യങ്ങൾ നേരെ വിപരീതമായി. അച്ഛന്റെ കൈയിലാണെങ്കിൽ തേങ്ങ പറിച്ചാൽ ബാബുവേട്ടന് കൊടുക്കാൻ നോട്ടില്ല. ബാബുവേട്ടനാണെങ്കിൽ എല്ലാ ദിവസവും വന്ന് തേങ്ങ പറിക്കട്ടെ എന്നും ചോദിക്കുന്നു. സത്യത്തിൽ ഇതാണോ ഡിമാന്റ് വേർസസ് സ്കേർസിറ്റി തീയറി. എക്ണോമിക്സിന്റെ പോളിടെക്നിക്കൊന്നും പഠിക്കാത്തത് കൊണ്ട് എന്തോ എനിക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല.
നോട്ട് നിരോധനം തീർച്ചയായും നാട്ടിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. സാധാരണക്കാർക്ക് പെട്ടന്ന് പ്ലാസ്റ്റിക്ക് കറൻസിയിലേയ്ക്ക് മാറാനും പ്രയാസം തോന്നുന്നുണ്ട്. എന്നാൽ അതേ സമയം മാറ്റങ്ങൾ അനിവാര്യതയാണ് എന്ന കാര്യവും നമ്മൾ മറന്നുകൂടാ. മാറ്റങ്ങളെ ഇഷ്ടമാകുന്നില്ലെങ്കിൽ എതിർക്കാനുള്ള പുതിയ സംവിധാനങ്ങളെയാണ് ഇനി ജനനേതാക്കൾ കണ്ടുപിടിക്കേണ്ടത്. പറ്റുമെങ്കിൽ അതും ഒരു ആപ്പായി മാറട്ടെ എന്നാണ് ആഗ്രഹം !!