ഉത്സവ തലേന്ന്...
നമ്മുടെ നാട് നാളെ മറ്റൊരു ദേശീയോത്സവത്തിനു തയ്യാറെടുത്തു കഴിഞ്ഞു. പൊതുവെ ദുർബ്ബല ഇപ്പോൾ ഗർഭിണി എന്നൊരു ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ നോട്ട് പ്രശ്നത്തിൽ പെട്ട് കുറച്ചൊക്കെ കഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ പൂർണ്ണമായും ബുദ്ധിമുട്ടുന്ന മധുര മനോജ്ഞമായ ദിവസമായി നാളെ മാറുമെന്നുറപ്പാണ്. സ്വന്തം വീട്ടിൽ പോലും ഒരു വിലയും കിട്ടാത്തവർ ഹർത്താലിന് ആഹ്വനം ചെയ്താൽ അതിന്റെ കാരണം പോലും അന്വേഷിക്കാതെ ചുരുണ്ടു കൂടി വീട്ടിൽ ഇരിക്കാൻ ശീലിച്ചവരാണ് 99 ശതമാനം മലയാളികളും. ജോലി ചെയ്യാതെ എങ്ങനെ ജീവിക്കാം എന്ന വിഷയത്തിലാണ് വിവരം വെയ്ക്കുന്ന കാലം മുതൽ നമ്മിൽ മിക്കവരും ഡിഗ്രി എടുത്തിരിക്കുന്നത് എന്ന് തോന്നും ഹർത്താൽ ദിനത്തിൽ കടകന്പോളങ്ങൾ അടഞ്ഞു കിടക്കുന്നത് കാണുന്പോൾ.
നോട്ടു വിഷയത്തിൽ ക്യുവിൽ നിന്ന് തളർന്നു വീഴുന്നവരുടെയും മരിച്ചു പോകുന്നവരുടെയും വാർത്തകൾ സാധാരണക്കാരെ വേദനിപ്പിക്കുന്ന ഒരു കാലമാണ് കടന്നു പോകുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർ തന്നെ ഹർത്താൽ പോലുള്ള ജനദ്രോഹ സമരങ്ങൾ സംഘടിപ്പിക്കുന്പോൾ സത്യത്തിൽ എന്ത് ന്യായീകരണമാണ് നൽകാനുള്ളത്. ഒരു ജനതയെ അവരുടെ വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാൻ സമ്മതിക്കാതെ പീഡിപ്പിക്കുന്നതിനെ സമരമെന്ന് ഈ കാലത്തു വിളിക്കുന്നത് തന്നെ തെറ്റല്ലേ.
എന്തുകൊണ്ട് മറ്റൊരു പ്രതിഷേധ മാർഗ്ഗം സംഘടിപ്പിക്കാൻ ഇത്രയും ബുദ്ധിയും വിവരവും ഉള്ള രാഷ്ട്രീയ നേതാക്കൾക്ക് സാധികുന്നില്ല. കാരണം വളരെ ലളിതമാണ്. ഇതിനു തീരെ ചിലവില്ല. ഒരു പത്ര പ്രസ്താവന മാത്രം മതി, സ്വന്തം ജീവനിൽ ഭയമുള്ള മിക്കവരും വീട്ടിൽ ഇരുന്നോളും. വളരെ എളുപ്പത്തിൽ സമരം വൻ വിജയമെന്ന് അവകാശപ്പെടാനും സാധിക്കും. നമ്മുടെ രാജ്യം മുൻ കാലങ്ങളിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയത് ഇത്തരം സമരങ്ങളിലൂടെയാണെന്നു ചില സുഹൃത്തുക്കൾ പറയാറുണ്ട്. പക്ഷെ ഒരു സാധാരണക്കാരൻ എന്ന രീതിയിൽ ഈ സമരത്തിനോട് അതാര് തന്നെ നടത്തിയാലും ഒരു തരത്തിലും യോജിക്കാൻ എനിക്ക് സാധിക്കില്ല. പുതിയ തലമുറയിലേയ്ക്കും തെറ്റായ സന്ദേശമാണ് ഈ സമര രീതി പടർത്തുന്നത്.
ഇനി അഥവാ നടത്തണം എന്ന് തന്നെ ഉണ്ടെങ്കിൽ എന്റെ അഭിപ്രയത്തിൽ ഇത്തരം കലാപരിപാടികൾ ഒരു ദിവസത്തേക്കായി പ്രിയപ്പെട്ട നേതാക്കൾ ഒതുക്കരുത്. ഡിസംബർ 31 വരെ നല്ല കാലം വരുന്നതും കാത്തു ക്യുവിൽ നിൽക്കാൻ ആണല്ലോ മോഡി ആവശ്യപ്പെട്ടിരിക്കുന്നത്. പറ്റുമെങ്കിൽ അത്രയും ദിവസം വരെ നമ്മൾ പണിമുടക്കി വീട്ടിലിരിക്കണം. ഇരുന്നു തയന്പ് വരുന്പോഴേക്കും ചിലപ്പോ നാടിനു ഭയങ്കര മുന്നേറ്റമുണ്ടായേക്കാം. എല്ലാവർക്കും ഒരിക്കൽ കൂടി ഹർത്താൽ ദിനാശംസകൾ !!