ഞാനും ഞാനുമെന്റാളും...
തമിഴ് നടൻ ശരത്ത് കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യ രാധികയെയും വർഷങ്ങൾക്ക് മുന്പ് ബഹ്റിനിൽ വന്നപ്പോൾ നേരിട്ടു കാണാനും സംസാരിക്കാനുമൊക്കെ അവസരം ലഭിച്ച കാര്യം ഓർക്കുന്നു. രണ്ട് പേരും രണ്ടോ അതിലധികം തവണയോ പുനർവിവാഹിതരായവരാണ്. ഓരോ ബന്ധത്തിലും കുട്ടികളുമുണ്ട്. മുന്പുള്ള പങ്കാളികളോടും, അതിലുണ്ടായ മക്കളോടുമൊക്കെ വളരെ മാറിയ സാഹചര്യത്തിൽ പോലും സ്നേഹത്തോടെ പെരുമാറുന്നതും, അവരെ വിളിച്ച് സംസാരിക്കുന്നതുമൊക്കെ ആ പരിചയപ്പെടലിന്റെ നേരത്ത് നേരിട്ട് മനസിലാക്കാൻ സാധിച്ചു. സത്യത്തിൽ അന്ന് പുനർവിവാഹങ്ങൾ കഴിച്ച അവരോട് വെറുപ്പൊന്നും തോന്നിയില്ലെന്ന് മാത്രമല്ല, ഏറെ ബഹുമാനവും മനസിൽ ഉണ്ടായി. തമിഴ്നാട്ടിൽ കമലഹാസനുൾപ്പടെ നിരവധി പ്രശസ്തർ ഇതേ രീതിയിൽ ജീവിക്കുന്നുണ്ട്.
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നതാണെന്നും, അതൊരിക്കലും ലംഘിക്കപ്പെടാൻ പാടില്ലാത്ത ഒരുടന്പടിയാണെന്നും തന്നെയാണ് നമ്മിൽ മിക്കവരുടെയും വിശ്വാസം. അത് ആഗ്രഹിച്ച് തന്നെയാണ് 99 ശതമാനം പേരും വിവാഹിതരാകുന്നത്. എന്നാൽ ഇന്ന് ജീവിതസാഹചര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. പരസ്പരം കാണാൻ പോയിട്ട്, ഒരഞ്ച് മിനിട്ട് ഹൃദയം തുറന്ന് സംസാരിക്കാൻ തന്നെ ആർക്കും സമയമില്ല. ഇത് കാരണം മധുവിധു നാളുകൾ തീരുന്നതിന് മുന്പെ പ്രണയബന്ധരായ പങ്കാളികൾക്ക് പോലും അകൽച്ച പെട്ടന്നുണ്ടായി തുടങ്ങുന്നു. അവർക്ക് പിന്നീട് അന്യോന്യം കാണാതിരിക്കാനും, കേൾക്കാതിരിക്കാനുമാണ് കൂടുതൽ താത്പര്യം. എത്രയോ പേർ വിവാഹ ബന്ധം നിലനിർത്തി കൊണ്ട് സമൂഹത്തിന് മുന്പിൽ മുഖം നഷ്ടപ്പെടുത്താതെ മാനസികമായ ആശ്വാസത്തിന് വേണ്ടിയെങ്കിലും ജാര ബന്ധങ്ങളും ഉണ്ടാക്കുന്നു. ഡിജിറ്റൽ യുഗത്തിൽ അത് ഏറെ എളുപ്പവുമായിരിക്കുന്നു. ഇത് പറയുന്പോൾ എന്നെ സദാചാര പോലീസായി ദയവ് ചെയ്ത് ആരോപിക്കരുത്. വിശ്വാസ വഞ്ചന ചെയ്യുന്നതിനെക്കാൾ നിയമപരമായി പരസ്പരം അംഗീകരിച്ച് ബന്ധം ഒഴിഞ്ഞ് വ്യവസ്ഥാപിത രീതിയിൽ ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിതത്തെ മുന്പോട്ട് കൊണ്ടുപോകുന്നത് തന്നെയാണ് നല്ലത് എന്ന ചിന്ത ഇതോടൊപ്പം പുതുതലമുറയിൽ ഏറെ സജീവമായി കൊണ്ടിരിക്കുന്നു എന്ന യാത്ഥാർത്ഥ്യത്തെയും നമ്മൾ തിരിച്ചറിയണം.
പാശ്ചാത്യസംസ്കാരത്തിന്റെ അടിമകളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുക എന്നൊക്കെ ആരോപിക്കാമെങ്കിലും, പരസ്പരം പറ്റിച്ച്, തീരെഒത്തുപോകാൻ പറ്റാതെ ജീവിക്കുന്നതിനേക്കാൾ ഇതല്ലെ നല്ലത് എന്ന ചിന്ത ഒരു തരത്തിൽ നോക്കിയാൽ ഈ കാലത്ത് പ്രസക്തം തന്നെ.
അതേസമയം ഇവിടെ ബുദ്ധിമുട്ടുന്നത് കുഞ്ഞുങ്ങളാണെന്ന കാര്യം മറച്ചുവെക്കുന്നില്ല. ചിലപ്പോൾ കാലത്തിന് അനുസരിച്ച് അവരുടെയും കോലം മാറുമായിരിക്കും. ഒപ്പം വരുംകാലങ്ങളിൽ പാശ്ചാത്യലോകത്തെ ബന്ധങ്ങളിൽ എന്നും കേൾക്കാറുള്ള പദങ്ങളായ ബയോളജിക്കൽ ഫാദർ/മദർ എന്നിങ്ങിനെയുള്ള വാക്കുകൾ മലയാളികളുടെയിടയിലും ഏറെ പ്രചാരം നേടാൻ സാധ്യതയുണ്ട്.
വിവാഹം എന്ന ബന്ധം യത്ഥാർത്ഥത്തിൽ രണ്ട് വ്യക്തികൾ പരസ്പരം അംഗീകരിച്ച് ഒരു ശരീരവും, മനസുമായി മാറുക എന്നത് തന്നെയാണ്. അതിൽ ചെറുതായി പോലും മുറിവുകൾ വീഴുന്പോൾ അത് ഉണക്കാൻ ശ്രമിക്കേണ്ടവരാണ് എല്ലാ ദന്പതികളും. എന്നാൽ ആഴത്തിൽ മുറിവുണ്ടായാൽ പിന്നെ ഉണങ്ങാൻ ബുദ്ധിമുട്ടാണ്. അപ്പോൾ പലരും പാടി പോകുന്നത് ഞാനും.. ഞാനുമെന്റാളും... പിന്നെ.... ആ... മറ്റൊരാളും എന്ന് തന്നെ... !!