കുഞ്ഞുങ്ങളെ കരയിക്കരുത്
പ്രദീപ് പുറവങ്കര
മനുഷ്യജീവിതത്തിൽ ഏറ്റവും നിഷ്കളങ്കമായ കാലമാണ് ബാല്യം. വളരുംതോറും മനുഷ്യരിൽ പലരും മൃഗങ്ങളാകുന്നു. ശത്രുക്കളാകാനും, പാരപണിയാനുമൊക്കെ അവൻ വളർച്ചയുടെ ഓരോ ഘട്ടത്തിലും പഠിച്ചെടുക്കുന്നു. ചിരിച്ചുകൊണ്ട് മുന്പിലുള്ളവനെ കൊല്ലാനും വളർന്ന മനുഷ്യന്റെ മനസിന് സാധിക്കുന്നു. എന്നാൽ പിഞ്ചുകുഞ്ഞുങ്ങൾ അങ്ങനെയല്ല. അവർക്ക് രണ്ട് കാര്യങ്ങളേ അറിയൂ. സന്തോഷം തോന്നിയാൽ ചിരിക്കാനും, വേദനിച്ചാൽ കരയാനും. ഇന്നലെ രാത്രി ഫോണിലേയ്ക്ക് ആരോ അയച്ചു തന്ന ഒരു വീഡിയോ ദൃശ്യത്തിൽ ഒരു കുഞ്ഞ് ഇങ്ങിനെ കരഞ്ഞ് ബഹളം വെച്ചപ്പോൾ അതു കാണേണ്ടി വന്ന മുതിർന്ന മനുഷ്യനായ ഞാനും പക്ഷെ വല്ലാതെ കരഞ്ഞുപോയി. വീഡിയോ അയച്ചയാളോട് ഏറെ ദേഷ്യം തോന്നുകയും ചെയ്തു.
ഒരു കുഞ്ഞിന്റെ മുന്പിൽ വെച്ച് മറ്റൊരു കുഞ്ഞിന്റെ കാൽ തല്ലിയൊടിക്കുന്നതായിരുന്നു ആ ദൃശ്യം. ഈ സംഭവം ഭിക്ഷാടന മാഫിയക്കാർ ചെയ്യുന്നതാണെന്നാണ് അതിൽ വന്നിരിക്കുന്ന വിവരം. പല തവണ ഇതേ വിഷയത്തെ പറ്റി തോന്ന്യാക്ഷരത്തിൽ തന്നെ എഴുതിയിട്ടുണ്ട്. സമാന പ്രായത്തിലുള്ള കുഞ്ഞുങ്ങൾ എനിക്കുമുള്ളത് കൊണ്ട് മാത്രമല്ല ഇതെഴുതുന്നത്. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായി ഇതിനെ കാണുന്നത് കൊണ്ടും കൂടിയാണ്. എത്രയോ വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണുന്ന യാചകരോട് കരുണ തോന്നാത്തതും ഇതേ കാരണം കൊണ്ട് തന്നെ. എറണാകുളത്ത് ഇടപ്പള്ളിയിൽ പോയാൽ എല്ലാ ദിവസവും ഒരു പോലെ കാണാൻ സാധിക്കുന്ന യാചകമുഖങ്ങളെ കാണാം. ഇവരോ ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരോ കൊടും ക്രിമിനലുകളാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ഒരു വ്യക്തി പകൽ വെളിച്ചത്തിൽ യാചിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രാഥമികാവശ്യം ഭക്ഷണമാണ്. രണ്ടാമത്തേത് വസ്ത്രവും, മൂന്നാമത്തേത് പാർപ്പിടവും. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന പല ആരാധനാലയങ്ങളിലും ഭക്ഷണം സൗജന്യമായി നൽകുന്ന പതിവുണ്ട്. പല ഹോട്ടലുകളും ഫ്രീ മീലുകളും നൽകുന്നു. അപ്പോൾ പിന്നെ ഭക്ഷണമല്ല നമ്മുടെ മുന്പിൽ വരുന്ന യാചകരുടെ ലക്ഷ്യം. രണ്ടാമത്തേത് വസ്ത്രവും, പാർപ്പിടവുമാണ്. കേരളത്തിലെ നിരവധി ജീവകാരുണ്യ സംഘടനകൾ വിചാരിച്ചാൽ ഒരൊറ്റ ദിവസം കൊണ്ട് ഈ രണ്ട് സഹായങ്ങളും നൽകാൻ സാധിക്കും. അപ്പോൾ നമുക്ക് മനസ്സിലാകുന്ന കാര്യം ടാർജറ്റ് വെച്ച് ജോലി ചെയ്യുന്ന സെയിൽസ് എക്സിക്യൂട്ടീവുകളാണ് ഇന്ന് കേരളത്തിലെ ഓരോ യാചകനും എന്നു തന്നെയാണ്. അവർക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങളെ കാണുന്പോൾ വേദനയല്ല, മറിച്ച് വെറുപ്പാണ് തോന്നേണ്ടത്. ആ കുഞ്ഞുങ്ങളെ ഒരു നിമിഷമെങ്കിലും നമ്മുടെ മക്കളായി കരുതി അവരെ സംരക്ഷിക്കുന്നതിന് പകരം അവരെ പിറ്റേന്നും കൊടുംവെയിലത്ത് നിർത്തിപൊരിക്കാനാണ് പണം കൊടുത്ത് നമ്മളൊക്കെ പ്രോത്സാഹിപ്പിക്കുന്നത്. പ്രബുദ്ധത കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെങ്കിലും യാചകരെ ഇല്ലാത്താക്കാനുള്ള ബാധ്യത എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ നേതാക്കൾക്കുണ്ട്. കാരണം കുഞ്ഞുങ്ങൾ ആരുടേതായാലും അവർ ദൈവത്തിന്റെ സ്വന്തം മക്കളാണ്. അവരെ കരയിക്കരുത്. അത് തെറ്റാണ്. തീർച്ച !!