ഒറ്റപാച്ചിലുകളുടെ ലോകം
പ്രദീപ് പുറവങ്കര
ഏറെ കാലത്തിന് ശേഷമാണ് ആ കൂട്ടുകാരൻ കഴിഞ്ഞ ദിവസം വിളിച്ചത്. ബഹ്റിനിൽ നേരത്തെ ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ കുടുംബസമേതം മറ്റൊരു ഗൾഫ് രാജ്യത്താണ്. കളിതമാശകൾ പറഞ്ഞ് എന്നും കുടുംബസദസ്സുകളിൽ സജീവമായിരുന്ന സുഹൃത്തിന്റെ ശബ്ദത്തിൽ ഉണ്ടായികൊണ്ടിരുന്ന ഇടർച്ച മനസ്സിലാക്കിയാണ് ഞാൻ എന്തോ വിഷമം അദ്ദേഹത്തിനുണ്ടെന്ന് സംശയിച്ചത്. ദീർഘമായ സംഭാഷണത്തിൽ ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ജീവിതദുരന്തങ്ങളെ പറ്റി കർക്കിടകത്തിലെ തോരാ മഴ പെയ്യുന്നത് പോലെ അദ്ദേഹം പറഞ്ഞു തീർത്തു.
2014 അവസാനം വരെ അദ്ദേഹത്തിന്റെ ജീവിതം ഏറെ സന്തോഷകരമായിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ അച്ഛൻ, വീടിന്റെ കാര്യം നന്നായി നോക്കുന്ന അമ്മ, കോളേജ് വിദ്യാർത്ഥിയും, സ്നേഹമുള്ള അനിയൻ, അതോടൊപ്പം തന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണയേകുന്ന ഭാര്യ എന്നിവർ അടങ്ങുന്നതായിരുന്നു സുഹൃത്തിന്റെ സന്തുഷ്ടമായ കുടുംബം. നല്ല ജോലി ഉള്ളത് കൊണ്ട് തന്നെ വീടൊക്കെ പുതുക്കി പണിയാനും ആരംഭിച്ചു. ഏറെ കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണി ആയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം ബഹ്റിൻ വിട്ട് മറ്റൊരു ഗൾഫ് രാജ്യത്തേയ്ക്ക് ചെക്കേറിയത്.
2015 മുതൽക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ദുരന്തങ്ങളുടെ കരിനിഴൽ വീണു തുടങ്ങിയത്. കോളേജിലേയ്ക്ക് പോകുന്ന വഴിയിലുണ്ടായ ബൈക്കപകടത്തിൽ സഹോദരൻ മരണപ്പെട്ടതോടെയാണ് ഇതാരംഭിച്ചത്. അതിന്റെ വേദന കാരണമാകണം മൂന്ന് മാസത്തിന് ശേഷം സുഹൃത്തിന്റെ അച്ഛൻ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ഇതിനിടയിൽ കുഞ്ഞ് ജനിച്ചത് മാത്രം ആശ്വസമായി. ആറ് മാസത്തിനപ്പുറം ഭാര്യ വീണ്ടും ഗർഭിണിയായെങ്കിലും അതിലുണ്ടായ കുഞ്ഞ് ജനിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ മരണപ്പെട്ടു. ഇതോടെ ഭാര്യയുടെ മാനസികാവസ്ഥയും തകരാറിലായി. വീട്ടിൽ തനിച്ചായിരുന്ന അമ്മയെ രണ്ട് ദിവസം അവരെ വിളിച്ചിട്ട് കിട്ടാത്തപ്പോൾ സംശയം തോന്നി ആളെ വിട്ട് അന്വേഷിച്ചപ്പോഴാണ് അമ്മ ഹൃദയാഘാതം കാരണം മരണപ്പെട്ട വിവരം മനസിലാകുന്നത്. രണ്ട് ദിവസത്തോളം ആരും തന്റെ അമ്മ മരിച്ച വിവരം അറിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ ദുഃഖം ഇരട്ടിപ്പിച്ചു. ജോലി രാജിവെച്ച് സുഖമില്ലാത്ത ഭാര്യയെയും, ഒന്നരവയസുകാരി മകളെയും കൂട്ടി നാട്ടിലേയ്ക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ് ആ കൂട്ടുകാരൻ. കുടുംബത്തിലുണ്ടായിരുന്ന എല്ലാ അംഗങ്ങൾക്കും വേണ്ടി പുതിയ മുറികളൊക്കെ പണിതുണ്ടാക്കിയ വീട് വിൽക്കാനും അദ്ദേഹം ശ്രമിക്കുന്നു. ഒന്നര വർഷത്തിനിടയിൽ തന്റെ സന്തുഷ്ടമായ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെയും ദുരിതങ്ങളെയും പറ്റി വിവരിച്ച കൂട്ടുക്കാരനോട് എങ്ങിനെയാണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാനും തളർന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാതെ പതിയെ ഫോൺ വെച്ചു.
ജീവിതത്തിൽ പലപ്പോഴും എങ്ങോട്ടെന്നറിയാത്ത ഓട്ടപാച്ചിലുകളാണ് നമ്മൾ മിക്കവരും നടത്തുന്നത്. ഇടയ്ക്ക് മുന്പിലെത്തി എന്നു തോന്നുന്പോൾ അതിന്റെ അഹങ്കാരം തലയിലേറ്റും. സുഹൃത്തുക്കളും ശത്രുക്കളും ഉണ്ടാകും. സമയം മാറി മറയുന്പോൾ ഇതൊക്കെ മിഥ്യകൾ മാത്രമാണെന്ന് തിരിച്ചറിയും. അപ്പോഴേയ്ക്കും കാലം ഏറെ മുന്പോട്ട് പോയിരിക്കും എന്നു മാത്രം...