കൃഷ്ണമണികളെ കാണാതാകുന്പോൾ...


പ്രദീപ് പുറവങ്കര 

ദശരഥൻ ഇതിഹാസങ്ങളിൽ എന്നെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ്. പ്രിയപ്പെട്ട പുത്രൻ തന്നിൽ നിന്നകന്ന വേദനയിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഒരാൾ ജീവിച്ചിരിക്കുന്പോൾ അവരുടെ മക്കൾ നഷ്ടപ്പെടുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഇതിൽ മരണത്തിന് പരിഹാരമില്ല. അത് ശാശ്വതമാണ്. പക്ഷെ അതേസമയം വളർത്തി വലുതാക്കുന്ന മക്കളെ ഒരു സുപ്രഭാതത്തിൽ കൺ‍മുന്പിൽ നിന്ന് കാണാതായാൽ മരണം വരെ ഒരാളെ നിരന്തരം വേട്ടയാടുന്ന സംഭവമായി അത് മാറും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അത്തരം മാതാപിതാക്കളുടെ എണ്ണം നിരന്തരം വർദ്ധിക്കുകയാണ്. ഇന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഇത്. കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഫോർ പിഎം പല തവണ വാർത്തകളും പരന്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ മുന്പിൽ ഈ പ്രശ്നത്തിന്റെ ഗൗരവം എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. 

രാവിലെ കുഞ്ഞുടുപ്പും പുസ്തക സഞ്ചിയുമായി നമ്മുടെ മക്കളെ സ്കൂളിലേയ്ക്ക് അയക്കുന്പോൾ കേവലം മനുഷ്യകോലങ്ങളെയല്ല ആരും പറഞ്ഞയക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളെയും, പ്രതീക്ഷളെയും, ആശകളെയുമൊക്കെയാണ്. അവർ പഠിച്ച് വലുതായി നന്നായി ജീവിക്കുന്ന കാഴ്ച്ച കാണാൻ‍ വേണ്ടി തന്നെയാണ് കഠിനാദ്ധ്വാനം ചെയ്ത് ഓരോരുത്തരും ദിവസങ്ങൾ മുന്പോട്ട് കൊണ്ടുപോകുന്നത്. കേവലം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് മാത്രമല്ല ഇതിലെ പ്രശ്നം. അതോടൊപ്പം ഇന്ന് നമ്മുടെ നാട്ടിലെ സ്കൂളുകളിൽ എത്രയോ കുട്ടികൾ സ്കൂളിലെത്തുന്നില്ല എന്ന ഭീകരമായ അവസ്ഥയും നിലനിൽ‍ക്കുന്നുണ്ട്. സ്കൂളിലേയ്ക്കുള്ള വഴിയിൽ ഇവരെ പല വിധ ആവശ്യങ്ങൾ‍ക്കായി ഉപയോഗിക്കുന്നവരും നാട്ടിലേറെ വർ‍ദ്ധിച്ചിരിക്കുന്നു.

കൊച്ചിയിലെ ഒരു പ്രധാനപ്പെട്ട സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളോട് നേരിട്ട് സംസാരിച്ചപ്പോൾ ലഭിച്ച ഞെട്ടിക്കുന്ന ഒരു വിവരം ഇവിടെ പങ്കിടുന്നു. സ്വതവേ നല്ല ഉന്‍മേഷവനായിരുന്ന അവരുടെ കുട്ടി പതിയെ ആരോടും സംസാരിക്കാതെയും, കളികളുമൊക്കെ നിർ‍ത്തി ഏകനായി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർ‍ന്നാണ് കുട്ടിയെ നിരീക്ഷിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും അവർ തീരുമാനിച്ചത്. സ്കൂൾ ബസ്സിൽ രാവിലെ കയറി പോയ കുട്ടിയെ സ്കൂളിന് തൊട്ടടുത്തുള്ള ജംഗ്ഷനിൽ ഡ്രൈവർ ഇറക്കിവിടുന്ന കാഴ്ച്ചയാണ് ഇവർ‍ക്ക് കാണേണ്ടി വന്നത്. അവിടെ നിന്നും സ്കൂളിൽ പഠിക്കുന്ന ചില ചേട്ടന്‍മാർ ഇവനെ കൂട്ടി കൊണ്ടുപോകുന്നത് കണ്ട മാതാപിതാക്കൾ ഇവരുടെ പിറകെ പോയി കുട്ടിയെ മോചിപ്പിച്ചതിനെ തുടർ‍ന്നാണ് ആ കുട്ടി താൻ‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഏറെ നേരത്തെ നിർ‍ബന്ധത്തിന് ശേഷം തുറന്ന് പറഞ്ഞത്. ലൈംഗികമായി ആ അഞ്ചാം ക്ലാസുകാരനെ മാസങ്ങളോളം ഉപയോഗിക്കുകയായിരുന്നുവത്രെ ഈ ചേട്ടന്‍മാർ‍. പേടിപ്പിച്ചും, ഭീഷണിപ്പെടുത്തിയും ആ കുട്ടിയെ പീഢിപ്പിച്ചവർ‍ക്കെതിരെ നിയമപരമായി കേസ് കൊടുക്കാൻ‍ പോയ മാതാപിതാക്കളോട് പ്രശ്നം ഒതുക്കി തീർ‍ക്കാനാണത്രെ പോലീസും, സ്കൂർ അധികൃതരും ആവശ്യപ്പെട്ടത്. ഒടുവിൽ ഗത്യന്തരമില്ലാതെ നഗരം തന്നെ വിട്ട് ദൂരെയുള്ള സ്ഥലത്തേയ്ക്ക് ട്രാൻ‍സ്ഫറിന് അപേക്ഷ കൊടുത്തിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾ‍. 

ഇത് കേവലം ഒന്നോ രണ്ടോ പേരുടെ പ്രശ്നമല്ല. ആയിരക്കണക്കിന് പേർ ഇന്ന് തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ ഏറെ ആശങ്കാകുലരാണ്.ഒരു ജനതയ്ക്ക് വേണ്ട സുരക്ഷിതത്വം പ്രത്യേകിച്ച് ആ നാട്ടിലെ കുട്ടികൾ‍ക്ക് തരാൻ‍ ഭരണാധികാരികൾ‍ക്ക് കഴിയുന്നില്ലെങ്കിൽ വലിയ പരാജയമായിട്ട് തന്നെ അതിനെ കാണേണ്ടിയിരിക്കുന്നു. ഇതിൽ കർ‍ശനമായ തീരുമാനങ്ങൾ സർ‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന വലിയ ആഗ്രഹത്തോടെ...

You might also like

Most Viewed