ഇന്നെന്റെ അന്ത്യമാണെങ്കിൽ..


പ്രദീപ് പുറവങ്കര

ആപ്പിൾ‍ കന്പനിയുടെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് ലക്ഷകണക്കിന് ആളുകളെ ഈ കാലഘട്ടത്തിൽ‍ പ്രചോദിപ്പിച്ച വ്യക്തിയാണ്. ഓരോ തവണയും കഷ്ണം മുറിച്ചെടുത്ത ആപ്പിൾ‍ ലോഗോ കാണുന്പോൾ‍ ആ മനുഷ്യനെ മിക്കവരും ഓർ‍ക്കും. പലപ്പോഴും ജീവതത്തിൽ‍ വിജയിക്കണമെങ്കിൽ‍ നല്ല സാന്പത്തിക ചുറ്റുപാടും, സന്തോഷകരമായൊരു കുടുംബജീവിതവുമൊക്കെ അത്യാവശ്യമാണെന്ന് വിചാരിക്കുന്നവരാണ് നമ്മൾ‍ മിക്കവരും. അതു കൊണ്ട് തന്നെ നല്ല ജീവിതം നയിക്കാൻ‍ സാധിച്ചില്ലെങ്കിൽ‍ താൻ‍ ജനിച്ചു പോയ കുടംബത്തെ ശപിച്ചും, സാഹചര്യങ്ങളെ പറ്റി വിലപിച്ചും അവർ‍ ജീവിതാവസാനം വരെ വലിയൊരു പരാജയമായി തുടരുന്നു. അത്തരം ആളുകൾ‍ എന്നും ചിന്തിക്കേണ്ട പേരാണ് സ്റ്റീവ് ജോബ്സിന്റേത്. ആ പാഠപുസ്തകത്തിന്റെ ചില താളുകൾ‍ ഇടയ്ക്ക് മറിച്ചു നോക്കുന്നത് ഗുണകരമാകും. 

അവിവാഹിതരായ അച്ഛനമ്മമാർ‍ക്ക് ജനിച്ച അവിഹിത സന്തതിയാണ് നമ്മുടെ കാഴ്ച്ചപ്പാടിൽ‍ സ്റ്റീവ് ജോബ്സ്. അപാവദം ഭയന്ന് ആ കുട്ടിയെ അവർ‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഒരു വർ‍ക് ഷോപ്പ് മെക്കാനിക്കാണ് അദ്ദേഹത്തെ എടുത്തി വളർ‍ത്തിയത്. മുഴു ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം കടന്നുപോയത്. എങ്കിലും സ്കൂൾ‍ വിദ്യാഭ്യാസം പൂർ‍ത്തീകരിച്ചു. പിന്നീട് പഠിക്കാനുള്ള ശേഷി ഇല്ലെങ്കിലും കോളേജിൽ‍ ചേർ‍ന്നു. ഒഴിവുദിവസങ്ങളിൽ‍ തെരുവിൽ‍ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികൾ‍ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് പുസ്തകങ്ങൾ‍ വാങ്ങി. പട്ടിണി ശീലമായിരുന്നു അദ്ദേഹത്തിന്. പഠനം ഒരു വിധത്തിലും മുന്പോട്ട് കൊണ്ട് പോകാൻ‍ സാധിക്കാത്തത് കാരണം കോളേജ് പഠനം പൂർ‍ത്തിയാക്കിയില്ല. ഇങ്ങിനെ ഏതൊരു മനുഷ്യനും ജീവിതം മടുക്കാനും, ആത്മഹത്യ വരെ ചെയ്യാനുമുള്ള എല്ലാ കാരണങ്ങളും സ്റ്റീവ് ജോബ്സിന്റെ മുന്പിലും ഉണ്ടായിരുന്നു. എന്നാൽ‍ ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ അദ്ദേഹം വെല്ലുവിളിച്ചു. ആരും പോകാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവനാണ് ചരിത്രത്തിന്റെ ഭാഗമാവുക എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കൈയിൽ‍ ചില്ലി കാശില്ലെങ്കിൽ‍ പോലും അദ്ദേഹം ചിന്തിച്ചത് വലിയൊരു ബിസിനിസ് സാമ്രാജ്യത്തെ പറ്റിയാണ്. തന്റെ വളർ‍ത്തച്ഛന്റെ പഴയ ഗ്യാരേജിൽ‍ വെച്ച് ബാല്യം മുതൽ‍ക്കുള്ള കൂട്ടുക്കാരനൊപ്പം തന്റെ സ്വപ്നത്തിന് അദ്ദേഹം ആപ്പിൾ‍ എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ മനസ്സും, ശരീരവും ആപ്പിളിനെ പറ്റി മാത്രം ചിന്തിക്കാൻ‍ തുടങ്ങി. പേഴ്സണൽ‍ കന്പ്യൂട്ടറുകളിലൂടെ, ഐ ഫോണിലൂടെ, എംപി ത്രീ പ്ലെയറുകളിലൂടെ, മാക്ക് പിസിയിലൂടെ, ഐ പാഡിലൂടെയൊക്കെ ലോകത്തെ തന്നെ കീഴടക്കിയ ആപ്പിൾ‍ എന്ന ബ്രാൻ‍ഡ് ജനിച്ചത് ഇങ്ങിനെയാണ്. 1976ൽ‍ താൻ‍ ചോരയും നീരും നൽ‍കി ഉണ്ടാക്കിയ ഈ ബ്രാൻ‍ഡിൽ‍ നിന്ന് അപ്രതീക്ഷിതമായി 1985ൽ‍ അദ്ദേഹം പുറത്താക്കപ്പെട്ടിരുന്നു. ആരും തകരുന്ന ആ നിമിഷത്തിലും സ്റ്റീവിനുള്ളിലെ പോരാളി തളരാതെ നിന്നു. നെക്സ്റ്റ്, പിക്സൽ‍ എന്നീ ബ്രാൻ‍ഡുകളുമായി വീണ്ടും അദ്ദേഹം തിരിച്ചെത്തി. അതോടൊപ്പം സ്റ്റീവ് പോയപ്പോൾ‍ മുതൽ‍ തകർ‍ന്നു തുടങ്ങിയ ആപ്പിളിന് വീണ്ടും അദ്ദേഹത്തെ തിരികെ കൊണ്ടുവരേണ്ടി വന്നു. അങ്ങിനെ വിജയിച്ചു മുന്പോട്ട് പോകുന്പോഴാണ് 2003ൽ‍ അദ്ദേഹത്തിന് പാൻ‍ക്രിയാസിൽ‍ ക്യാൻ‍സറാണെന്ന് സ്ഥിരീകരിച്ചത്. എന്നിട്ടും തളരാതെ 2011ൽ മരിക്കുന്നത് വരെ അദ്ദേഹം തന്റെ പ്രവർ‍ത്തനം തുടർ‍ന്നുകൊണ്ടേയിരുന്നു. 

അദ്ദേഹം ഉണ്ടാക്കിയെടുത്ത സന്പത്തോ, ബ്രാൻ‍ഡോ മാത്രമല്ല സ്റ്റീവ് ജോബ്സിനെ ഓർ‍ക്കാൻ‍ കാരണം. മറിച്ച് ആരോഗ്യമുണ്ടെങ്കിൽ‍ ഏത് തിരിച്ചടിയും അതിജീവിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന വിശ്വാസത്തെയും, അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയുമാണ് ഞാൻ‍ ആദരിക്കുന്നത്. എന്നെ തോൽ‍പ്പിക്കാൻ‍ പറ്റില്ലെന്ന് ഒരാൾ‍ക്ക് സ്വയം തോന്നിയാൽ‍ തന്നെ അയാൾ‍ എൺ‍പത് ശതമാനവും വിജയിക്കും. അല്ലെങ്കിൽ‍ ഭീകരമായ പരാജയമാണ് കാത്തിരിക്കുക. ഇങ്ങിനെ എഴുതാൻ‍ തോന്നിയത് ബഹ്റിനിൽ‍ വീണ്ടും ഉണ്ടായ ഒരു ആത്മഹത്യയുടെ വാർ‍ത്ത കാരണമാണ്. ലോകം മുഴുവൻ‍ അൽ‍പ്പം സാന്പത്തിക പ്രയാസങ്ങളിലൂടെയാണ് മുന്പോട്ട് പോകുന്നത്. ഇത് ഒരു യാഥാർ‍ത്ഥ്യമാണ്. ഈ പ്രശ്നങ്ങളെ പേടിച്ച് ഭയന്നോടി തുടങ്ങിയാൽ‍ ആർ‍ക്കും എവിടെയും നിൽ‍ക്കാൻ സാധിക്കില്ല. വേണ്ടത് ആത്മവിശ്വാസവും, പരസ്പര സഹകരണവും, ഉത്തരവാദിത്വമേറ്റെടുക്കലും, പൂർ‍ത്തീകരിക്കലുമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ‍ നിന്ന് ദയവ് ചെയ്ത് ഒളിച്ചോടരുത്. ആത്മഹത്യ ചെയ്യരുത്. അതിരുകളില്ലാത്ത കഴിവുകളുടെയും, ഊർ‍ജ്ജത്തിന്റെയും മഹാപ്രവാഹത്തിന്റെ ഉറവിടമാണ് നമ്മൾ‍ ഓരോരുത്തരും എന്ന് തിരിച്ചറിഞ്ഞാൽ‍ ഒരു ലക്ഷ്യവും അപ്രാപ്യമല്ല... തീർ‍ച്ച.

സ്റ്റീവ് ജോ-ബ്സ് പറഞ്ഞു-, “ഇന്ന് എന്റെ അന്ത്യമാണെങ്കിൽ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ‍ ചെയ്യുക? കുറേ ദിവസം തുടർ‍ച്ചയായി ‘അല്ല’ എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കിൽ മാറ്റത്തിന് സമയമായി എന്ന് തിരിച്ചറിയുക.

You might also like

Most Viewed