ശരിയല്ലാത്ത വാർത്തകൾ
പ്രദീപ് പുറവങ്കര
ചേട്ടാ വാർത്ത ശരിയാണോ... ദിനാറിന് 250 ആയോ.. രാവിലെ ഉറക്കം ഞെട്ടിച്ച് ഫോൺകോൾ വന്നത് ബഹ്റിനിലെ പരിചയക്കാരനായ സുഹൃത്തിൽ നിന്നായിരുന്നു. ലോകമെന്പാടും സാന്പത്തിക മേഖലയിൽ നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങൾ കാരണം ഒറ്റ രാത്രി കൊണ്ട് ദിനാറിന് ഇത്രയും പെട്ടന്ന് വിലകുറയമോ എന്ന ചിന്തയിൽ ഞാനും അറിയാവുന്ന എക്സ്ചേഞ്ച് സുഹൃത്തുക്കളെ വിളിച്ചു നോക്കി. ഗൂഗിളിൽ കാണിക്കുന്ന വില വ്യത്യാസത്തെ പറ്റി ഒരു സൂചനയും അവർക്ക് ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോഴും ഗൂഗിളെന്ന പാതാളതകരണ്ടിയെ അവിശ്വസിക്കാൻ ആദ്യം തോന്നിയില്ല. പിന്നെ തുടർച്ചയായ കോളുകളും, വാട്സാപ്പ് മെസേജുകളും കൊണ്ട് ഫോൺ തിരക്കിലായി. ഏവർക്കും അറിയേണ്ടത് ഇതേ കാര്യം. ഒടുവിൽ ബഹ്റിനിലെ സെൻട്രൽ ബാങ്ക് തന്നെ ഇത്തരമൊരു മാറ്റത്തെ തള്ളികളഞ്ഞപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. ഒപ്പം ബഹ്റിനിലെ ഇന്ത്യക്കാർ ബന്ധപ്പെടുന്ന എക്സ്ചേഞ്ചുകളും വിശദീകരണവുമായി രംഗത്തെത്തി.
കാള പെറ്റെന്ന് കേൾക്കുന്പോൾ കയറെടുക്കുന്നവർ തന്നെയാണ് നമ്മൾ ഭൂരിഭാഗം പേരുമെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിച്ചു. സമാനമായ മറ്റൊരു സംഭവം ഇന്നലെ ബഹ്റിനിലെ ആലിയിലും സംഭവിച്ചു. അവിടെ ഒരു സ്വദേശിയെ ഇന്ത്യക്കാരനായ ഒരു വ്യക്തി കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വൈകീട്ട് ആ വഴിയിലൂടെ പോകുന്ന ഇന്ത്യക്കാരെയൊക്കെ തടഞ്ഞുനിർത്തി അക്രമികൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു എന്ന വാർത്ത വളരെ പെട്ടന്ന് പരക്കുകയുണ്ടായി. ഇതോടൊപ്പം പലരും കൊല ചെയ്യപ്പെട്ട വ്യക്തിയുടെ ചിത്രവും പരസ്പരം അയച്ചു. ബഹ്റിൻ പോലുള്ള ചെറിയ രാജ്യത്ത് അനാവശ്യമായ ഭീതിയും പരിഭ്രാന്തിയും പരത്താൻ ഇത് കാരണമായി. പരസ്പരം ഒരടിസ്ഥാനമോ, ഉറപ്പോ ഇല്ലാതെ വാർത്തകളും ചിത്രങ്ങളും ഷെയർ ചെയ്യുന്നത് ബഹ്റിനിലെ നിയമ പ്രകാരം കുറ്റകരമാണ്. ഫേസ്ബുക്ക് പോലെയുള്ള ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും തെറ്റാണ്. എന്നാൽ നമ്മളിൽ പലരും ഇതറഞ്ഞിട്ടു പോലും ഫോർവേർഡുകളിൽ കുരുങ്ങി കിടക്കുന്നു.
ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ മഹാസമുദ്രം തന്നെയാണ്. പക്ഷെ അതേസമയം ഇതിൽ വരുന്ന എല്ലാം സത്യമായിരിക്കണമെന്നില്ല എന്നു കൂടി നമ്മൾ മനസ്സിലാക്കണം. ഫേസ്ബുക്കിലും, വാട്സാപ്പിലുമൊക്കെ വ്യാജമായി നിർമ്മിച്ച നിരവധി ചിത്രങ്ങൾ ഇതു പോലെ പ്രചരിക്കാറുണ്ട്. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ശതകോടീശ്വരന്‍മാർ നോട്ട് മാറാൻ എടിഎമ്മിന്റെ മുന്പിൽ ക്യൂ നിൽക്കുന്ന ചിത്രം ഇതിനിടെ പ്രചരിച്ചത് ഓർക്കട്ടെ. മറ്റേതൊ അവസരത്തിൽ എടുത്ത ഫോട്ടോ മുറിച്ച് മാറ്റി എടിമിന്റെ ചിത്രത്തിനൊപ്പം കൂട്ടിയൊട്ടിച്ചാണ് ഇത് ചെയ്തത്. ചരിത്രങ്ങളും, സത്യങ്ങളും പോലും അപനിർമ്മിക്കപ്പെടുന്ന ഒരു കാലത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളുടെ നിജസ്ഥിതി അറിഞ്ഞ് ജീവിച്ചാൽ നമുക്ക് കൊള്ളാം എന്നു മാത്രം ഓർമ്മിപ്പിക്കട്ടെ...