തത്വമസി
പ്രദീപ് പുറവങ്കര
വീണ്ടുമൊരു മണ്ഡലകാലം ആരംഭിച്ചിരിക്കുന്നു. ശബരിമല നട തുറന്നിരിക്കുന്നു. ഏതൊരു ജനതയും ഓരോ കാലഘട്ടങ്ങളിലും വ്രതവും നോന്പുമൊക്കെ എടുക്കുന്നത് സ്വയം തിരിച്ചറിയാനുള്ള ആഗ്രഹം കൊണ്ട് തന്നെയാണ്. ഞാൻ തന്നെ നീ എന്ന മഹാതത്വത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ശബരിമലയിലെ കാനന ക്ഷേത്രം മനുഷ്യകുലത്തിനാകെ നൽകുന്നതും ഈ തിരിച്ചറിവിന്റെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ്. ഇരുമുടിക്കെട്ടുമേന്തി പരസ്പരം ഏകോദര സഹോദരങ്ങളെ പോലെ തൊട്ടുരുമ്മി അയ്യപ്പനെ കാണാൻ മല കയറുന്നവരിൽ ജാതിയും മതവുമൊന്നും പൊതുവെ സംസാരവിഷയമാകാറില്ല. പരസ്പരം സ്വാമി എന്നു വിളിച്ച് ബഹുമാനിച്ച് ആദരിച്ച് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ അയ്യപ്പ ദർശനം എന്ന ഏക ലക്ഷ്യത്തിലേയ്ക്ക് നടന്നടുക്കുകയാണ് ഓരോ വിശ്വാസിയും ഇവിടെ ചെയ്യുന്നത്.
കേവലം മലയാളിയുടെ മാത്രം ആത്മീയകേന്ദ്രമല്ല ശബരിമല. വിദേശങ്ങളിൽ നിന്നുപോലും ഭക്തകോടികൾ മല ചവിട്ടാൻ ഇവിടെ എത്തുന്നു. അതുകൊണ്ട് തന്നെ അടുത്ത രണ്ട് മാസം നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ആതിഥ്യ മര്യാദകൾ പരമാവധി പാലിക്കേണ്ട കാലം കൂടിയാണ്. മനുഷ്യനെ കേവല ജാതിയുടെയും മതത്തിന്റെയും ആവരണം പൊതിഞ്ഞു മഞ്ഞകണ്ണിലൂടെ നോക്കുന്നതിന് പകരം പച്ച മനുഷ്യനായി കാണാൻ പഠിക്കേണ്ട ഒരു പഠന കാലമായിട്ട് കൂടി ഇത് മാറണം. പലപ്പോഴും ശബരിമലയിൽ പോകാൻ അവസരം ലഭിച്ചിട്ടുള്ള ആളെന്ന നിലയിൽ പന്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രവും പരിസരവും കുറേകൂടി നല്ല രീതിയിൽ പരിപാലിച്ചുകൂടെ എന്ന ചിന്ത എന്നും എന്റെ മനസ്സിൽ വരാറുണ്ട്. പെരിയാർ ടൈഗർ റിസർവ്വിൽ പെട്ട ശബരിമല മേഖല അപൂർവ്വമായ ജൈവ സന്പത്തിന്റെ വലിയൊരു കലവറ കൂടിയാണ്. കടുവകൾ ഉൾപ്പടെ വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളും, ഔഷധസസ്യങ്ങളും ഈ മേഖലയിലുണ്ട്. ഓരോ തീർത്ഥാടന കാലം കഴിയുന്പോഴും ഇവിടെ പ്രകൃതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വളരെയേറെയാണ്. പരിപൂർണ്ണമായി പ്ലാസ്റ്റിക്ക് നിരോധന മേഖലയാണെങ്കിൽ പോലും അതൊന്നും തന്നെ കണക്കിലെടുക്കാതെയാണ് പല ഭക്തരും ഇവിടെ എത്തിചേരുന്നത്. ഇതു കാരണം ഇവിടെയുള്ള വന്യമൃഗങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭക്ഷിച്ച് ചത്തൊടുങ്ങുന്നതും സാധാരണയാണ്. ഇതിനെതിരെ കർശനമായ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിൽ പോലും ഇവിടെയെത്തുന്ന ഭക്തരും ഇതിനോട് സഹകരിക്കേണ്ടതുണ്ട്.
മറ്റ് വിവാദങ്ങളൊക്കെ നിലനിൽക്കുന്പോൾ തന്നെ ശബരിമല നൽകുന്ന സന്ദേശങ്ങൾ ഏതൊരു കാലത്തും പ്രസക്തമാണെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ.