ആരാധകരുടെ ശ്രദ്ധയ്ക്ക്
പ്രദീപ് പുറവങ്കര
ജയൻ എന്ന സിനിമാതാരം നമ്മൾ മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സൂപ്പർ ഹീറോ ആണ്. അദ്ദേഹം അതിമാനുഷൻ ആണെന്ന് തന്നെ അദ്ദേഹത്തിന്റെ ആരാധകർ ഉറപ്പിച്ചു. എന്നാൽ കോളിളക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന അപകടത്തിൽ പെട്ട് അദ്ദേഹം മരണപ്പെട്ടപ്പോൾ പലരും അദ്ദേഹവും മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം കർണാടകയിൽ ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ രണ്ടു യുവനടൻമാർ മരണപ്പെട്ട വിവരം ഏറെ വേദനയോടെയാണ് നമ്മൾ അറിഞ്ഞത്. മുൻകരുതലുകൾ ഒന്നും എടുക്കാതെ നടത്തിയ സംഘട്ടന രംഗമാണ് ആരോഗ്യ ദൃഢഗാത്രരായ ഇവരുടെ ജീവനെടുത്തത്.
സിനിമ എന്നത് അഭ്രപാളിയിലെ വിസ്മയങ്ങളാണ്. അതിൽ പ്രേക്ഷകൻ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതുമായ ജോലിക്കാരെയാണ് നാം അഭിനേതാക്കൾ എന്ന് വിളിക്കുന്നത്. പിന്നണിയിൽ ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെയുള്ള നീണ്ട നിരയുണ്ട്. അവരിൽ ഏറെ പ്രശസ്തരെ മാത്രമേ സാധാരണ ആസ്വാദകൻ തിരിച്ചറിയാറുള്ളു. അതേസമയം തിരശീലയിലെ നായകന്മാരുടെ പ്രകടനം കണ്ട് ആവേശഭരിതനാകുന്ന പ്രേക്ഷകൻ പലപ്പോഴും അഭിനേതാവിനുള്ളിലെ സാധാരണക്കാരനായ പച്ച മനുഷ്യനെ തിരിച്ചറിയാൻ ശ്രമിക്കാറില്ല.
ഇത് കാരണമാണ് പല നായക നടൻമാരും പൊതുജനമധ്യത്തിൽ ധൈര്യത്തോടെ ഇറങ്ങി നടക്കാൻ ഭയപ്പെടുന്നത്. ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അരങ്ങേറാറുള്ള േസ്റ്റജ് ഷോകളിൽ പങ്കെടുക്കാൻ എത്താറുള്ള അഭിനേതാക്കൾ ഈ ഒരു കാര്യം പല തവണ സൂചിപ്പിച്ചിട്ടുള്ളത് ഓർക്കട്ടെ. എയർപോർട്ടിൽ ഇറങ്ങുന്പോൾ മുതൽ സ്വീകരണത്തിന്റെയും ആവേശത്തിന്റെയും പേരിൽ ഇവരെ പിച്ചിയും, കടിച്ചുമൊക്കെ നടത്തുന്ന സ്നേഹപ്രകടനങ്ങളാണ് മിക്ക മഹാനടൻമാരെയും അഹന്തയുടെ മൂടുപടം ധരിക്കാൻ പ്രേരിപ്പിക്കുന്നത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിയാനുള്ള വിവേകം ആസ്വാദകർ കാണിക്കുമെങ്കിൽ ഈ അഭിനേതാക്കളും മാറുമെന്നുറപ്പാണ്.
അഭ്രപാളികളിൽ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നവരോട് ആരാധനയ്ക്കപ്പുറം ബഹുമാനിച്ചു തുടങ്ങിയാൽ അവരിലെ നന്മ നമ്മൾ തിരിച്ചറിയും. മമ്മൂട്ടിയായാലും, മോഹൻലാലായാലും, അമിതാഭ് ബച്ചനായാലും, അവരിലെ പ്രതിഭയെ ആണ് നാം വണങ്ങേണ്ടത്. അതിനു പകരം സിനിമകളിലെ പ്രകടനങ്ങൾ കണ്ട് ആരാധകർ ഇഷ്ടതാരങ്ങൾക്ക് അമാനുഷികമായ കഴിവുകൾ ചാർത്തി കൊടുക്കുന്പോൾ യഥാർത്ഥത്തിൽ ഈ പാവങ്ങൾ വേദനിക്കുകയാണെന്ന് തന്നെ പറയേണ്ടി വരും.
മുന്പൊരിക്കൽ രാമായണം ടെലിവിഷൻ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടൻ പൊതുജന മധ്യത്തിൽ സിഗരറ്റ് വലിച്ചപ്പോൾ അദ്ദേഹത്തിന് തല്ല് കിട്ടിയ സംഭവം ഓർമ്മ വരുന്നു. വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നവരെ കാണുന്പോൾ സ്ത്രീകളടക്കമുളളവർ അവരെ ശപിക്കുന്നതും സ്ഥിരം സംഭവമാണ്. റീൽ ജീവിതവും റീയൽ ജീവിതവും വേർതിരിച്ചു കാണാൻ പറ്റാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിൽ ഒരു മാറ്റം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ.