വരേണ്ടത് ബാങ്കിങ്ങ് സംസ്കാരം..


പ്രദീപ് പുറവങ്കര

“രണ്ടുനാളു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ‍, മാളിക മുകളേറിയ മന്നന്റെ തോളിൽ‍ മാറാപ്പു കേറ്റുന്നതും ഭവാൻ‍.” പൂന്താനം ഈ വരികൾ‍ എഴുതിയത് അക്ഷരാർ‍ത്ഥത്തിൽ‍ സത്യമാകുന്ന കാഴ്ചകളാണ് ഇന്ത്യയിൽ‍ ഇന്ന് കാണാൻ‍ സാധിക്കുന്നത്. പുതിയൊരു സിസ്റ്റം നടപ്പിലാക്കുന്പോൾ‍ ഉണ്ടാക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ‍ ഓരോ ഇന്ത്യക്കാരനും ഇപ്പോൾ‍ തീർ‍ച്ചയായും അനുഭവിക്കുന്നുണ്ടാകും. ഒരു രാഷ്ട്രത്തിലെ ഉത്തരവാദിത്വപ്പെട്ട പൗരൻ‍ എന്ന നിലയിൽ‍ അവിടെയുണ്ടാകുന്ന നയരൂപീകരണങ്ങളെ പ്രതിഷേധിക്കാനുള്ള അവസരത്തോടൊപ്പം തന്നെ അവ ഏറ്റെടുക്കേണ്ട ബാധ്യതയും നമുക്കൊക്കെയുണ്ട്.  ഇത്തരം നയപരമായ മാറ്റങ്ങളുണ്ടാക്കാൻ തന്നെയാണ് ജനാധ്യപത്യ വ്യവസ്ഥിതിയിൽ‍ ജനം ഓരോ ഇടവേളകളിലും വ്യത്യസ്തരായ സർ‍ക്കാരുകളെ തിരഞ്ഞെടുക്കുന്നത്. മാറ്റങ്ങൾ‍ പൊതുസമൂഹം അംഗീകരിക്കുന്നില്ലെങ്കിൽ‍ അവരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശക്തിയും ജനാധിപത്യത്തിനുണ്ട്. അതേസമയം ഇപ്പോൾ‍ ഉണ്ടായ സാന്പത്തിക മാറ്റങ്ങളിൽ‍ നിന്ന് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ‍ ഏറ്റവും പ്രധാനമാണ് ആധുനിക ജീവിത ക്രമത്തിൽ‍ സന്പാദിക്കുന്നത് സത്യസന്ധമായിട്ടല്ലെങ്കിൽ‍ ആ സന്പാദ്യത്തിന് യാതൊരു വിലയും ഉണ്ടാകില്ല എന്നത്. മടിയിൽ‍ കനമില്ലാത്തവർ‍ക്ക് ആരെയും ഭയക്കേണ്ടതില്ല എന്നുറപ്പിക്കുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. അനധികൃതമായി പണം സന്പാദിക്കാത്തവർ‍ക്ക് ഏറ്റവും സ്വസ്ഥമായി ഉറങ്ങാൻ‍ ഇന്ന് സാധിക്കുന്നുണ്ടാകും. അതേസമയം ചെയ്തു കൂട്ടിയ കള്ളത്തരങ്ങൾ‍ പിടിക്കപ്പെടുമെന്നോ, കൂട്ടിവെച്ച സന്പാദ്യങ്ങൾ‍ നഷ്ടപ്പെടുമെന്നോ കരുതുന്നവർ‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് രണ്ട് ദിവസമായിരിക്കുന്നു. 

ജീവിതത്തിലും ഇത് ഇങ്ങിനെ തന്നെയാണ്. കുറേ കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനെ കാണാനിടയായി. ഒരു കാലത്ത് ഏറ്റവും വിശ്വസിച്ചിരുന്ന സുഹൃത്തായിരുന്നു അദ്ദേഹം. പക്ഷെ ജീവിത സാഹചര്യങ്ങളുടെ പ്രേരണ കൊണ്ടാകാം അൽ‍പ്പം സ്വൽ‍പ്പം പറ്റിക്കലൊക്കെ നടത്തി അദ്ദേഹം മറ്റൊരു ജോലിയിലേക്ക് കൂടു മാറി പോയി. വർ‍ഷങ്ങളോളം അദ്ദേഹം എന്റെ മുന്പിൽ‍ വരാതെ ഒഴിഞ്ഞു മാറി നടന്നു. അങ്ങോട്ട് പോയി കാണാമെന്ന് വിചാരിച്ചാൽ‍ പോലും ഒഴിവാക്കുന്ന അവസ്ഥ. ഒടുവിൽ‍ ഒരു പ്രത്യേക സാഹചര്യം കാരണം ഇതിനിടെ കാണേണ്ടി വന്നപ്പോൾ‍ കുറേ നേരം ഒന്നും പറയാതെ അദ്ദേഹം കൈ പിടിച്ചിരുന്നു. ഒപ്പം ക്ഷമ എന്ന വാക്കും. ഉള്ളിൽ‍ തെറ്റ് ചെയ്തു എന്നു കരുതുന്നവർ‍ എത്ര തന്നെ വലിയവരാണെങ്കിലും ആ കുറ്റബോധം അവരെ വല്ലാതെ വേട്ടയാടുമെന്നത് ഉറപ്പ് തോന്നിയ സംഭവമായിരുന്നു അത്. ഏകദേശം ഇതേ അവസ്ഥയാണ് രാജ്യത്ത് ഇന്നുണ്ടായിരിക്കുന്ന മാറ്റങ്ങളെ എതിർ‍ക്കുന്നവരിൽ‍‍ മഹാഭൂരിപക്ഷത്തിനുമുള്ളത് എന്നാണ് എന്റെ തോന്നൽ‍. അംബാനിയും, അദാനിയും പോലെയുള്ള മോഡി വിശ്വസ്തരെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കം എന്ന് ആരോപിക്കുന്നവർ‍ അതിന് തക്കതായ തെളിവുകളും നിരത്തിയാൽ‍ മാത്രമേ ആരോപണങ്ങൾ‍ വിശ്വസനീയമാകൂ. അല്ലാത്തിടത്തോളം കാലം അത്തരം നിലപാടുകളോട് യോജിക്കാൻ  മഹാഭൂരിപക്ഷം സാധാരണക്കാർ‍ക്കും സാധിക്കില്ല. 

നമ്മൾ‍ മനസിലാക്കേണ്ടത് രാജ്യത്തുള്ള പൗരന്മാർ‍ പതിയെ ബാങ്കിങ്ങ് നിക്ഷേപ സംസ്കാരത്തിലേയ്ക്ക് കടന്നുവരേണ്ട സമയമായി എന്നു തന്നെയാണ്.  പാവപ്പെട്ടവരെയും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽ‍ക്കുന്നവരെയും ബാങ്കിടപാടുകൾ‍ നടത്താൻ പഠിപ്പിക്കേണ്ടതുണ്ട്. വ്യക്തിപരമായി ഓരോരുത്തരും അവരുടെ അലമാരകളിൽ‍ പൂട്ടി വെക്കേണ്ടതല്ല പണം എന്നും അത് രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതാണെന്നുമുള്ള ബോധവും ഇനിയെങ്കിലും നമുക്കുണ്ടാകണം. 

You might also like

Most Viewed