കറുപ്പും വെളുപ്പും
പ്രദീപ് പുറവങ്കര
ഒരു രാത്രികൊണ്ട് ഈ ലോകത്ത് എന്ത് സംഭവിക്കാൻ എന്ന് വിചാരിച്ച് കഴിയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ആ ധാരണ മാറ്റുന്ന രണ്ട് വലിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒന്ന് നമ്മുടെ രാജ്യത്ത് കള്ളപ്പണത്തിനെതിരെ കർശനമായ ഒരു നീക്കം ഉണ്ടായിരിക്കുന്നു. മറ്റൊന്ന് ലോകത്തിന്റെ ഗതിവേഗം തന്നെ ഇന്ന് നിയന്ത്രിക്കുന്ന അമേരിക്കയിൽ പ്രവചനങ്ങൾക്ക് അതീതമായി പുതിയ ഭരണതലവൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകം മുഴുവൻ ഏറെ ചലനങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള വാർത്തകളാണ് ഇവ രണ്ടും.
ഭാരതത്തിലെ പുരാതനമായ ഒരു വിനോദമാണ് ചതുരംഗം. അതിന്റെ ആധുനിക വേർഷനായിട്ടാണ് ചെസ്സിനെ കണക്കാക്കുന്നത്. കറുപ്പും വെളുപ്പും നിറഞ്ഞ ചെസ്സ് നന്നായി കളിക്കാൻ അറിയുന്നവർ നല്ല ഭരണാധികാരികളാകുമെന്നാണ് പറയപ്പെടുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്ക് ഈ കളി അറിയുമോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തിന് കറുപ്പിന്റെയും വെളുപ്പിന്റെയും വ്യത്യാസം നന്നായി മനസ്സിലായിട്ടുണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനം. ഏതൊരു സാന്പത്തിക വ്യവസ്ഥിതിയുടെയും അടിത്തറ ഇളക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് കള്ളപ്പണം. നമ്മുടെ നാട്ടിൽ വർഷങ്ങളായി വലിയ സാന്പത്തിക ഇടപാടുകളൊക്കെ നടക്കുന്നത് പകുതി കറുപ്പും പകുതി വെളുപ്പുമായിട്ടാണ്. 94 ലക്ഷം കോടിയുടെ കള്ളനോട്ടുകളാണ് നമ്മുടെ അയൽ രാജ്യം മറ്റു പല രാജ്യങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് കയറ്റി വിട്ടത്. അതുപയോഗിച്ച് 50000 രൂപയുടെ വസ്തു 50 ലക്ഷം രൂപയ്ക്ക് വാങ്ങിയവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അവർക്ക് ഈ തീരുമാനത്തിൽ വലിയ വിഷമം ഉണ്ടാകാം. നിരവധി പേർ ഇന്നലെ തന്നെ ഇരുട്ടിൽ പെട്ടിരിക്കാം. പക്ഷെ അതേസമയം രാജ്യത്തിലെ എഴുപത് ശതമാനത്തോളം വരുന്ന സാധാരണക്കാർക്ക് ഈ തീരുമാനം ഉണ്ടാക്കുന്നത് നേട്ടങ്ങൾ തന്നെയായിരിക്കും. സ്വാഭവികമായും അടുത്ത കുറച്ച് ദിവസങ്ങൾ അൽപ്പം ക്ലേശങ്ങൾ എല്ലാവരും അനുഭവിക്കേണ്ടി വരും. പക്ഷെ രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് നമ്മൾ ഓരോരുത്തരും ഈ ബുദ്ധിമുട്ട് സഹിക്കാൻ ബാധ്യസ്ഥരാണ്. അന്നന്നത്തെ അന്നത്തിന് വകതേടുന്ന പ്രവാസികൾക്കും ഈ തീരുമാനം മോശമായി ബാധിക്കില്ല എന്നു തന്നെ വേണം കരുതാൻ.
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്പൊന്നും ഇത്രത്തോളം ഇന്ത്യൻ സമൂഹത്തെയോ, മലയാളികളെ പ്രത്യേകിച്ചോ ഉത്കണ്ഠപ്പെടുത്തിയിരുന്നില്ല. അതിന്റെ ഒരു പ്രധാന കാരണം പ്രസിഡന്റായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ട്രെംപിനെതിരെ ഉണ്ടായ നെഗറ്റീവ് വാദഗതികളാണ്. അദ്ദേഹം അധികാരത്തിൽ വന്നാൽ ഗൾഫ് നാടുകൾ ഉൾപ്പടെയുള്ള പല രാജ്യങ്ങളെയും ദോഷകരമായി ബാധിക്കും എന്നതായിരുന്നു ഇവിടെ ജീവിക്കുന്ന ദശലക്ഷകണക്കിന് പ്രവാസികളുടെ ആശങ്ക. അത് ഇപ്പോഴും തുടരുന്നുണ്ട്. ഒരു സംവിധാനത്തിൽ സ്ഥിരമായ മുഖങ്ങൾ മാറി വരുന്പോൾ ഇത്തരത്തിൽ നിരവധി വേവലാതികൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. അതുപോലെയുള്ള ഭയമായി മാത്രം ട്രംപിനെ പറ്റിയുള്ള വിചാരങ്ങൾ മാറട്ടെ എന്നാഗ്രഹിക്കാനും പ്രതീക്ഷിക്കാനും മാത്രമേ പ്രവാസിയെന്ന നിലയിൽ ഇപ്പോൾ സാധിക്കൂ. അതോടൊപ്പം ഹിലാരി ക്ലിന്റന്റെ അമിതമായ ആത്മവിശ്വാസവും പരാജയത്തിന് കാരണമായി എന്നു തന്നെ വിലയിരുത്തണം.
എന്തായാലും, വരുംനാളുകൾ വലിയ മാറ്റങ്ങളുടേതാണ്. അവയെ സ്വീകരിക്കണമോ അതോ എതിർക്കണമോ എന്നുള്ളത് വ്യക്തിപരമായ ഇഷ്ടങ്ങളാണ്. പക്ഷെ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ഇനിയും ആർക്കും ആകുമെന്ന് തോന്നുന്നില്ല, തീർച്ച !!