ഞങ്ങളെന്ത് തെറ്റ് ചെയ്തു....പ്രദീപ് പുറവങ്കര
മലയാള നാട്ടിലെ നരകമാണ് വടക്കേയറ്റത്ത് കാസർഗോഡ് ജില്ലയിലെ സ്വർഗ്ഗ എന്ന ഗ്രാമവും അതിനോടനുബന്ധിച്ചുള്ള മറ്റു ഗ്രാമങ്ങളും. എൻഡോസൾഫാൻ എന്ന മാരക കീടനാശിനി പെയ്തിറങ്ങിയ കശുമാവിൻ തോട്ടങ്ങളിൽ ഇല്ലാതായ കീടങ്ങൾക്കൊപ്പം ഇവിടെ താമസിക്കുന്ന മനുഷ്യർക്കും ആരോഗ്യവും മനസമാധാനവും നഷ്ടപ്പെട്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഇനിയുമൊരു അന്പത് കൊല്ലമെങ്കിലും ആ പാപത്തിന്റെ കറ നമ്മെ വിടാതെ പിന്തുടരുമെന്നതും ഉറപ്പ്.
ഇവിടെ നിന്ന് കഴിഞ്ഞ ദിവസം നമ്മെ തേടി വന്നത് അത്തരമൊരു ഇരയുടെ വേദനിപ്പിക്കുന്ന അവസാനത്തെ അദ്ധ്യായമാണ്. ജീവിക്കാനുള്ള വഴികളൊക്കെ അടഞ്ഞത് കൊണ്ടാണ് രാജീവി എന്ന എൻഡോസൾഫാൻ ബാധിത ആത്മഹത്യ ചെയ്തത്. സർക്കാർ നൽകുന്ന 1200 രൂപ അവരുടെ ഹൃദ്രോഗബാധയ്ക്ക് മരുന്നുകൾ പോലും വാങ്ങാൻ തികഞ്ഞിരുന്നില്ല. അതു കൊണ്ട് തന്നെ ഡോക്ടർമാർ നിർദ്ദേശിച്ച ശാസ്ത്രക്രിയയെ പറ്റി അവർ ചിന്തിച്ചു പോലും കാണില്ല. ആരെയും ബുദ്ധിമുട്ടിക്കാൻ വയ്യാത്തത് കൊണ്ടാവണം ജീവിനൊടുക്കാൻ അവർ തീരുമാനിച്ചത്.
എൻഡോസൾഫാൻ നിരോധിച്ചിട്ട് ഇപ്പോൾ 16 വർഷമായിരിക്കുന്നു. എങ്കിലും ഇന്നും ഇവിടെ ജനിക്കുന്ന പല കുഞ്ഞുങ്ങളുടെയും അവസ്ഥ കരളലയിപ്പിക്കുന്നത് തന്നെയാണ്. ഇവിടെയുള്ള അമ്മമാരുടെ മുലപ്പാലിലും, രക്തത്തിലും എൻഡോസൾഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പണ്ടെന്നോ നടന്നുവെന്ന് പറഞ്ഞ് തള്ളി കളയേണ്ട കാര്യമല്ല ഈ പ്രശ്നം. രാജീവിയെ പോലെ നിരവധി പേർ മുന്പും ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്ന് സർക്കാർ ഗൗരവപരമായി ചിന്തിക്കണം. അവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളൊന്നും തന്നെ അവരായി ക്ഷണിച്ച് വരുത്തിയതല്ല. അതിന് ഭരണകൂടവും, പൊതുസമൂഹവും ബാധ്യസ്ഥരാണ്. എൻഡോസൾഫാൻ ഇരകളുടെ സംരക്ഷണവും പരിപാലനവും അതുകൊണ്ട് തന്നെ നമ്മുടെ ഉത്തരവാദിത്വമാണ്.
സർക്കാർ കണക്കുകൾ പ്രകാരം തന്നെ ഇവിടെ 4600ഓളം പേരാണ് എൻഡോസൾഫാൻ ബാധിതർ. ഇവരിൽ ഭൂരിഭാഗം പേരും കഠിനമായ ദാരിദ്ര്യത്തിലാണ്. 1200 രൂപ എന്ന തുച്ഛമായ മാസ പെൻഷൻ കൊണ്ട് ഈ പാവങ്ങൾ എങ്ങിനെ ജീവിക്കണമെന്നാണ് സർക്കാർ കരുതുന്നത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എൻഡോസൾഫാൻ പ്രശ്നത്തെ പറ്റി ഏറെ ബോധവനാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളും, ഫേസ് ബുക്ക് പോസ്റ്റുകളും തെളിയിക്കുന്നുണ്ട്. പക്ഷെ അതു കൊണ്ട് മാത്രം കാര്യമാകില്ല. പ്രവർത്തിപഥത്തിലേയ്ക്ക് നയിക്കാൻ കൂടി അദ്ദേഹത്തിനും സഹപ്രവർത്തകർക്കും സാധിക്കണം. അതല്ലെങ്കിൽ ഒന്നുമറിയാതെ ഇവിടെ ഈയാം പാറ്റകളെ പോലെ ജീവൻ നഷ്ടപ്പെട്ടവരും, ഇനിയും നഷ്ടമാകാനിരിക്കുന്നവരും ചോദിച്ചുകൊണ്ടേയിരിക്കും... ഞങ്ങളെന്ത് തെറ്റ് ചെയ്തു...