ദൈവങ്ങളുടെ സ്വന്തം നാട്...


നവജാത ശിശുവിന് വിശ്വാസത്തിന്റെ പേരിൽ മുലപ്പാൽ നിക്ഷേധിച്ച സംഭവം വൻ വിവാദമായ സാഹചര്യമാണല്ലോ ഇപ്പോൾ നിലനിൽക്കുന്നത്. മതങ്ങളുടെ പേരിൽ വെച്ചു കെട്ടുന്ന അബദ്ധജടിലമായ അന്ധവിശ്വാസങ്ങളും ധാരണകളുമാണ് ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങൾ അരങ്ങേറാനുള്ള കാരണം. ശാസ്ത്രം അതിന്റെ ഉന്നതമായ തലങ്ങളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തും വിദ്യാസന്പന്നരായവരിൽ പോലും ഇത്തരം വിശ്വാസങ്ങളുടെ അളവ് കൂടി വരികയാണ്. ജീവിതം അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ സഹായിക്കുന്നതാകണം ഏതൊരു വിശ്വാസവും. അതിന് പകരം മനുഷ്യജീവന് തന്നെ അത് ഭീഷണിയാകുന്പോൾ വലിയ അപകടങ്ങൾ സംഭവിക്കുന്നു.

ജീവിതത്തിൽ പരാജയഭീതിയുള്ളവരാണ് ഇത്തരം അബദ്ധവിശ്വാസങ്ങളിൽ ചെന്നു ചാടുന്നത്. കാൻസർ പോലെയുള്ള അസുഖങ്ങൾ വന്നാൽ പോലും മരുന്നു കഴിക്കാൻ സമ്മതിക്കാത്ത തരത്തിൽ അന്ധവിശ്വാസികൾ നമ്മുടെ ഇടയിലുണ്ട്. ഉപദേശികളും, മന്ത്രവാദികളും ഒക്കെ ചേർന്ന് ആരുടെയും ജീവിതം കുളം തോണ്ടുന്ന അവസ്ഥ ഇന്ന് നിലനിൽക്കുന്നു. വാക്സിൻ കൊടുത്താൽ സ്വർഗ്ഗം കിട്ടില്ലെന്നും, കോഴിയെ അറുത്താൽ ശത്രു ഇല്ലാതാകുമെന്നും, മഹാമാരികൾ വരെ ഉച്ചത്തിൽ പ്രാർത്ഥിച്ചാൽ ഇല്ലാതാകുമെന്നും ഇവർ പറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്വർഗ്ഗത്തിൽ പോയി ഈശ്വരനെ ഇടയ്ക്കിടെ കാണുന്നവരുടെയും എണ്ണം നമ്മുടെ ഇടയിൽ വർദ്ധിച്ചിരിക്കുന്നു. അടുത്ത് തന്നെ സൃഷ്ടികർത്താവിനൊപ്പം എടുക്കുന്ന സെൽഫിയും വ്യാപകമാകും.

ചാനലുകളിൽ പ്രെം ടൈം സ്ലോട്ടുകളിൽ പോലും ധനാകർഷണ യന്ത്രങ്ങളുടെയും, വശീകരണ വസ്തുക്കളുടെയും വിൽപനയും, അത്ഭുതങ്ങൾ വാരി വിതറുന്ന അനുഭവ സാക്ഷ്യങ്ങളുടെയും എപ്പിസോഡുകൾ അരങ്ങ് തകർക്കുന്നു. എല്ലാം കണ്ടും വിശ്വസിച്ചും ഭക്തരും വിശ്വാസികളും കോടികൾ വാരിയെറിയുന്നു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരെ രാഷ്ട്രീയ നേതാക്കൾക്കും തൊടാൻ ഭയമാണ്. അവരുടെ കൈയിൽ ഉണ്ടെന്ന് പറയപ്പെടുന്ന⊇ വോട്ട് ബാങ്ക് തന്നെ ഇതിന് കാരണം. 

ഇനി ഇതൊക്കെ കൊണ്ടാണാവോ നമ്മുടെ ഈ കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതെന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല !!

You might also like

Most Viewed