മുഖംമൂടികൾ കരയുമ്പോൾ...
തിരുവനന്തപുരം പ്രസ്ക്ലബിൽ വെച്ച് ഇന്നലെ സിനിമാതാരങ്ങളായ ഭാഗ്യലക്ഷ്മിക്കും, പാർവ്വതിക്കുമൊപ്പം മുഖം മറച്ച് ദന്പതികളായ രണ്ട് ഹതഭാഗ്യർ ഇരുന്നു പൊട്ടികരഞ്ഞത് തങ്ങളുടെ പത്ത് പവന്റെ സ്വർണം മോഷണം പോയതിനോ, അല്ലെങ്കിൽ തങ്ങളെ സമൂഹമധ്യത്തിൽ ആരൊക്കെയോ ചേർന്ന് ചീത്ത വിളിച്ചതിനോ അല്ല. മറിച്ച് ഭർത്താവിന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു കരുതിയ നാല് പേർ ചേർന്ന് ഒരു പാവം സ്ത്രീയുടെ ശരീരത്തെ കാർന്നു തിന്നു എന്നതിനാലാണ്. അതിന് ശേഷം രണ്ട് വർഷത്തോളം ഇവർ രണ്ടു പേർക്കും തങ്ങളെ ഉപദ്രവിച്ചവരിൽ നിന്ന് ഏൽക്കേണ്ടി വന്ന മാനസിക പീഢനങ്ങളെ പറ്റിയാണ് പൊട്ടികരഞ്ഞുകൊണ്ട് അവർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏറെ സങ്കടം തോന്നുന്നത് ഇത്തരമൊരു കൊടുംവേദന സഹിച്ചവർക്ക് തങ്ങളുടെ മുഖം മൂടി ഉപയോഗിക്കേണ്ടി വരുന്പോഴാണ്. കുറ്റം ചെയ്തവർക്ക് ആ പ്രശ്നം ഇല്ല. അവർ കള്ളത്തരം മുഖത്ത് സമർത്ഥമായി ഒളിപ്പിച്ച് ഞെളിഞ്ഞുതന്നെ നിൽക്കുന്നു.
സത്യത്തിൽ നമ്മൾ മലയാളികളിൽ ഭൂരിഭാഗം ആണുങ്ങളും, ഒന്നുകിൽ ആരെയോ പീഢിപ്പിച്ചുകൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ ചുറ്റും നടക്കുന്ന എല്ലാ തരം അക്രമങ്ങളോടും പ്രതികരിക്കാതെ ഉറക്കം നടിച്ച് കണ്ണ് മുറുകെ അടച്ച് സ്വയം ഇരുട്ട് സൃഷ്ടിക്കുകയാണ്. പെണ്ണുങ്ങൾ മിക്കവരും തങ്ങളൊക്കെ പീഢനങ്ങൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവരാണെന്ന ചിന്തയിലാണ്. അപൂർവം ചിലരെങ്കിലും പ്രതിരോധമാർഗങ്ങൾ അന്വേഷിച്ചു നടക്കുന്നു. അത്തരം പെണ്ണുങ്ങളെ സമൂഹം അശ്ലീലമായ കണ്ണുകളിലൂടെ നോക്കി കാണുകയും ചെയ്യുന്നു. കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിൽ.
ദന്പതിമാരുടെ ആരോപണം ഇപ്പോൾ തെളിഞ്ഞിട്ടില്ലെങ്കിലും, സാധാരണക്കാരനായ ആരെയും വിഷമിപ്പിക്കുന്ന ചില ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.
1. രണ്ട് മാസം മുന്പ് ഈ ദന്പതികൾ മുഖ്യമന്ത്രിക്ക് തങ്ങളുടെ മാനസിക വിഷമങ്ങളെ പറ്റി പരാതി അയച്ചിരുന്നു. എന്നിട്ടും ഭാഗ്യലക്ഷ്മിയെ പോലെ പ്രശസ്തയായ ഒരാൾ വേണ്ടി വന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം എത്താൻ. എല്ലാ സാധാരണക്കാർക്കും ഇതു പോലെ പ്രശസ്തരുടെ സഹായം തേടാൻ സാധിക്കുമോ?
2. കുറ്റാരോപിതനായ ജയന്തൻ എന്ന വടക്കാഞ്ചേരി കൗൺസിലർ പറയുന്നത് പോലെ ദന്പതികൾ അദ്ദേഹത്തെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ എന്തുകൊണ്ട് എല്ലാ നിയമവശങ്ങളും അറിയുന്ന ആളായിട്ടു കൂടി അവർക്കെതിരെ നേരത്തേ നിയമനടപടി സ്വീകരിച്ചില്ല?
3. കഴിഞ്ഞ ആഗസ്ത് മാസം ഈ കേസിനെ പറ്റി മാതൃഭൂമി പത്രത്തിൽ തന്നെ വാർത്ത വന്നിരുന്നു. അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ കൗൺസിലർ അപ്പോഴെങ്കിലും എന്തേ തയ്യാറായില്ല?
നമ്മുടെ സമൂഹമനസിൽ സ്ത്രീ പീഢനങ്ങളെ പറ്റിയുള്ള അബദ്ധ ധാരണ വ്യക്തമാക്കുന്ന ചൊല്ലാണ് ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാണ് എന്നത്. സ്ത്രീ മാത്രമാണ് എന്നും നമ്മുടെ ഈ ചിന്തയിൽ ഇരയാകപ്പെടുന്നത്. പുരുഷന് നഷ്ടപ്പെടാൻ ഒന്നുമില്ല. അവൻ എന്നും സേഫാണ്. സ്ത്രീയും പുരുഷനും ഉള്ളിടത്തോളം കാലം പീഢനങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ ഒരു മന്ത്രിമുന്പ് നമുക്കുണ്ടായിരുന്നു. പക്ഷെ അത്തരം അക്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന ഒരു മുഖ്യമന്ത്രി കൂടി ഈ നാട്ടിൽ ഉണ്ടാകട്ടെ എന്നാഗ്രഹത്തോടെ...