തിരിച്ചറിയേണ്ട കാര്യങ്ങൾ...


പ്രവാസലോകത്ത് നിന്ന് സമീപകാലങ്ങളിൽ നിരവധി പേർ തിരികെ നാട്ടിലേയ്ക്ക് വരുന്നുണ്ട്. ഗൾഫ് മേഖലയാകെ ബാധിച്ചിട്ടുള്ള സാന്പത്തികമാന്ദ്യം തന്നെയാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണം. ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിൽ നിന്ന് തിരികെയെത്തുന്നവർക്ക് നോർക്ക മുഖേന 20 ലക്ഷം വരെയുള്ള സാന്പത്തിക സഹായം നൽകുമെന്ന് നിയമസഭയിൽ അറിയിച്ചത് സ്വാഗതാർഹമായ കാര്യമാണ്. അതേസമയം പ്രവാസികൾ തിരികെ എത്തുന്പോൾ ഇത്തരം സഹായങ്ങൾ നേടേണ്ടത് എങ്ങിനെയാണെന്ന് കൂടി സർക്കാർ വ്യക്തമാക്കണം. 

കേരളത്തിൽ ഇന്ന് പൊതുജനങ്ങൾക്ക് തന്നെ നിരവധി ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും നൽകുന്നുണ്ട്. എന്നാൽ ഇതേ പറ്റി ഗൾഫ് നാടുകളിൽ യാതൊരുവിധ പ്രചരണവും സംഘടിപ്പിക്കാത്തത് കാരണം അവിടെയുള്ള ഭൂരിഭാഗം പേർക്കും ഈ ആനുകൂല്യങ്ങൾ നേടുന്നത് എങ്ങിനെയാണെന്ന് അറിയില്ല. കുറഞ്ഞത് വിസ കാൻസൽ ചെയ്ത് വരുന്നവർക്കെങ്കിലും ഇത്തരം ആനുകൂല്യങ്ങൾ വ്യക്തമാക്കുന്ന ഒരു നോട്ടീസ് വിമാനത്താവളത്തിൽ നിന്നെങ്കിലും നൽകിയാൽ ഏറെ നന്നായിരിക്കും. 

ഉദാഹരണത്തിന്, ഭാര്യയുടെ നിർബന്ധപ്രകാരം കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾക്കുള്ള ചില മരുന്നുകൾ വാങ്ങിക്കാൻ കേന്ദ്രസർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ജനഔഷധിയിൽ പോയി. സത്യത്തിൽ മരുന്നുകളുടെ വില വ്യത്യാസം കണ്ട് ഞെട്ടി പോയി. പുറമെയുള്ള മെഡിക്കൽ ഷോപ്പുകളിൽ വാങ്ങുന്നതിനേക്കാൾ വളരെ തുച്ഛമായ വിലയ്ക്കാണ് അവശ്യമരുന്നുകൾ ഇവിടെ വിൽക്കുന്നത്. ബ്രാൻഡ് നെയിം ഉണ്ടാകില്ലെന്ന് മാത്രം. വിലവ്യത്യാസം താഴെ കൊടുക്കുന്നു. 

സമാനമായ രീതിയിൽ മിക്കമേഖലകളിലും ഇന്ന് പൊതുജനത്തിന് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കൃഷി പോലെയുള്ള സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നിരവധി കേന്ദ്രങ്ങളുണ്ട്. എന്നാൽ പ്രവാസിയായി ഏറെ കാലം പുറത്ത് താമസിച്ച് തിരികെ വരുന്പോൾ ഇവിടെ നടക്കുന്ന നല്ല മാറ്റങ്ങളെ പറ്റി തിരിച്ചറിയാനുള്ള അവസരം വളരെ കുറവാണ്. അതോടൊപ്പം ഇത്രയും കാലം കൊണ്ടുണ്ടാക്കിയ ഗൾഫുകാരൻ എന്ന പേരും,  ഗ്ലാമറും ഇല്ലാതാകുമോ എന്ന ഭയവും ഇത്തരം
കാര്യങ്ങളെ പറ്റി അന്വേഷിക്കുന്നതിൽ നിന്ന് മുൻ പ്രവാസിയെ അകറ്റി നിർത്തുന്നു. പ്രവാസി സംഘടനകൾ നാട്ടിൽ തിരികെയെത്തുന്നവർക്കുള്ള സാധ്യതകൾ വിവരിക്കുന്ന സെമിനാറുകളും, ചർച്ചകളും ഇനിയെങ്കിലും സംഘടിപ്പിച്ചു തുടങ്ങണം. ആനുകൂല്യങ്ങളെ  പറ്റി വിവരിക്കാൻ സാധിക്കുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരെയും കൊണ്ടുവരാൻ ശ്രമിച്ചാൽ അത് നല്ല ഫലങ്ങൾ തരുമെന്നുറപ്പ് !! 

You might also like

Most Viewed