തത്വമസി...


നാട്ടിൽ സമീപകാലത്തായി മതത്തിന്റെ പേരിൽ മദം പൊട്ടുന്നവരുടെഎണ്ണം വല്ലാതെ കൂടുകയാണല്ലോ. കുഞ്ഞുക്കുട്ടികൾ പോലും തന്റെ അരികിൽ ഇരിക്കുന്നവന്റെ ജാതിയും, മതവും അന്വേഷിച്ച് സൗഹൃദങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു കെട്ട കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. മുന്പൊക്കെ അന്പലത്തിലെ ഉത്സവമായാലും, പള്ളിയിലെ പെരുന്നാളായാലും, ഉറൂസായാലും ഒന്നിച്ച് ആഘോഷിച്ച ഒരു കാലം മലയാളിക്കുണ്ടായിരുന്നു. ഓണത്തിനു ഒന്നിച്ചു പൂക്കളമിട്ടും, ക്രിസ്തുമസിന് നക്ഷത്രവിളക്കുകൾ തൂക്കിയിട്ടും, പെരുന്നാളിന് പരസ്പരം സ്നേഹം പങ്കിട്ടും കഴിഞ്ഞിരുന്ന ഒരു കാലം നമ്മളൊക്കെ അനുഭവിച്ചിരുന്നു. 

ആ കാലത്തിൽ നിന്നും വളരെ പെട്ടന്ന് ഏറെ പിന്നോട്ട് പോയ മലയാളിക്ക് അൽപ്പമെങ്കിലും ആശ്വാസമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം മന്ത്രി ശ്രീ കെ.ടി ജലീൽ നടത്തിയ ശബരിമല സന്ദർശനം. അറുപതിലെത്തിയ കേരളത്തിന് ആ ചിത്രം നൽകുന്നത് വലിയ സമാധാനം തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ. നമ്മുടെ നാട് ബഹുസ്വരതയുടേതാണെന്നും പരസ്പരം ബഹുമാനത്തോടെയുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഈ നാട് വളർന്നതെന്നും ഓർമ്മിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഈ സന്ദർശനം. 

മതത്തിന്റെ മദപ്പാടുള്ളവർക്ക് ഈ സംഭവത്തെ കുറിച്ച് എന്നത്തെയും പോലെപലതും പറയാനുണ്ടാകും. രാഷ്ട്രീയക്കാരന്റെ കൺകെട്ട് വിദ്യ മുതൽ ശബരിമലയിൽ ആർക്കും തന്നെ പോകാമെന്നുള്ള ന്യായങ്ങളും അതിന്റെ ഭാഗമാകാം. അതെന്തു തന്നെയാലും ശരി നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹമുള്ളവർക്ക് ഈ കാഴ്ച്ച നയനാനന്ദകരം തന്നെയാണ്. വിശ്വാസങ്ങൾ വ്യക്തിപരമാണെന്ന് മുന്പും പല തവണ തോന്ന്യാക്ഷരത്തിൽ കുറിച്ചിട്ടുണ്ട്. മറ്റുള്ളവന്റെ നെഞ്ചെത്തേക്ക് അടിച്ചേൽപ്പിക്കാതെ ഏതൊരു വിശ്വാസവും കൊണ്ടു നടക്കാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടെ ഭാരതം.  അവിടെ രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ടുപിടിക്കുന്പോഴാണ് നാടിന്റെ സ്വസ്ഥത നഷ്ടമാകുന്നത്. അറിയാതെയെങ്കിലും അണികളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു വേർതിരിവ് സൃഷ്ടിക്കാൻ ഈ രാഷ്ട്രീയ-മത നേതാക്കൾക്ക് സാധിക്കുന്നു. അത് വിശ്വാസമില്ലായ്മയും, പരസ്പരം തെറ്റിദ്ധാരണകൾ വളർത്താനും ഇടവരുത്തുന്നു. 

അങ്ങിനെയാകരുത് നമ്മുടെ പ്രിയപ്പെട്ട കേരളം. അതിന് ശ്രീ ജലീലിനെ പോലെയുള്ള നല്ല മന്ത്രിമാർ മുൻകൈയ്യെടുക്കട്ടെ. ഒപ്പം നമ്മുടെ നാട് നല്ല നാടാകാട്ടെ. നമ്മുടെ മക്കൾ നല്ല മനുഷ്യരും!!

You might also like

Most Viewed