അറുപതിലെത്തുന്പോൾ...
അറുപത് എന്ന അക്കം നമ്മുടെ ഇടയിൽ പലതിന്റെയും ലക്ഷണങ്ങളാണ്. പക്വതയുടെയും പാണ്ധിത്യത്തിന്റെയും അടയാളമായിട്ടാണ് പലരും അറുപതിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ഷഷ്ഠിപൂർത്തി ആഘോഷങ്ങൾ പലർക്കും ആത്മാവിഷ്കാരത്തിന്റെ ഭാഗം കൂടിയാണ്. നാളെ നമ്മുടെ നാടിനും ഷഷ്ഠിപൂർത്തിയാവുകയാണ്. 1957 നവംബർ 1ന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഇന്ന് നമ്മൾ കാണുന്ന, അനുഭവിക്കുന്ന ഐക്യകേരളം. പിന്നിട്ട അറുപതാണ്ടുകൾ ഒരു നാടിനെ അളക്കുന്പോൾ വലുതല്ലെങ്കിലും ഓരോ മലയാളിക്കും അത് സവിശേഷം തന്നെ.
തുടങ്ങിയേടത്ത് നിന്ന് നമ്മളെവിടെയും തന്നെ എത്തിയിട്ടില്ല എന്നു ഇന്ത്യയിലെ തന്നെ മറ്റ് പല സംസ്ഥാനങ്ങളും വിലപിക്കുന്നത് പോലെ വിഷമിക്കേണ്ട കാര്യം നമുക്കില്ല. കാരണം അഭിമാനർഹമായ നേട്ടങ്ങൾ തന്നെയാണ് ഈ കാലയളവിനുള്ളിൽ നാം സ്വന്തമാക്കിയിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, സാഹിത്യം, കല, ബിസിനസ്, രാഷ്ട്രീയം, ശാസ്ത്രം, കായികം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് മലയാളിയും കേരളവും വ്യക്തി മുദ്രകൾ പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോൾ നമ്മുടെ ജനസംഖ്യ 1.35 കോടിയായിരുന്നു. ഇന്ന് അത് 3.34 കോടിയായിരിക്കുന്നു. അന്ന് പ്രതിശീർഷ വരുമാനം 250 രൂപയായിരുന്നത് ഇന്ന് 1,50,000 രൂപയായി ഉയർന്നിരിക്കുന്നു. 13457 വാഹനങ്ങളിൽ നിന്ന് 94.5 ലക്ഷം വാഹനങ്ങൾ ഇന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത് നിരത്തുകളിലൂടെ ഓടുന്നു. മൊത്തം ആഭ്യന്തര ഉത്പാദനം 1957ൽ 380 കോടി രൂപയായിരുന്നത് 2015ൽ 5,19,895 കോടി രൂപയായി മാറിയിരിക്കുന്നു. ഇതിൽ തന്നെ 1,50,762 കോടി രൂപ പ്രവാസികളായ മലയാളികൾ കൊണ്ടുവന്നതാണ്. വളർച്ചയുടെ കണക്കുകൾ ഇനിയുമേറെ ഉണ്ട് പറയാൻ.
അതേസമയം ഐക്യകേരള രൂപീകരണ സമയത്ത് നാടിന്റെ നട്ടെല്ലായിരുന്ന കാർഷികരംഗത്ത് നമ്മൾ ഏറെ തളർന്നുപോയിട്ടുണ്ട്. നെല്ല് ഉൾപ്പടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിലാണ് ഇത് ഏറ്റവുമധികം പ്രതിഫലിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ഭക്ഷണം കഴിക്കാൻ മറ്റ് സംസ്ഥാനങ്ങളെ ഏറ്റവുമധികം ആശ്രയിക്കേണ്ടി വരുന്ന നാടായി കേരളം മാറിയിരിക്കുന്നു. വിഷം കലർന്ന് ഇവിടെ എത്തുന്ന പച്ചക്കറികൾ തിന്ന് കാൻസർ വാർഡുകളിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന ഗതികേടും ഇന്ന് മലയാളിക്ക് സ്വന്തം. വേദനിപ്പിക്കുന്ന മറ്റൊരു കാര്യം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്ന നാടാണ് ഈ കേരളം എന്നതാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ മനുഷ്യന്റെ ജീവനെടുക്കുന്പോഴും ഓരോ മലയാളിയുടെയും തല മറ്റുള്ളവർക്ക് മുന്പിൽ കുനിയുന്നു.
ഇനി വരുന്ന നാളുകൾ പുത്തൻ യുവതയുടേതായിരിക്കണം. സാങ്കേതിക രംഗത്തെ വിപ്ലവങ്ങളെ ഉള്ളം കൈയിലൊതുക്കി ലോകത്തിന് മുന്പിൽ കേരളത്തെ നടത്തിക്കാൻ അവർക്ക് സാധിക്കണം. അനുഭവസന്പത്തുള്ള മുതിർന്നവർ അവർക്ക് പോകാനുള്ള വഴി മുടക്കാതെ പ്രകാശം ചൊരിഞ്ഞാൽ മാത്രം മതി. ലോകം മുന്പോട്ടാണ് പോകുന്നത്, കേരളവും അതു പോലെ തന്നെ പോകണം. ചന്ദ്രനിൽ പോയാലും അവിടെയും കാണുമൊരു മലയാളി എന്ന തമാശ വാചകം എന്നും നിലനിൽക്കട്ടെ എന്നാഗ്രിച്ചു കൊണ്ട്... എന്റെ പ്രിയ കേരളമേ നിനക്ക് പിറന്നാൾ ആശംസകൾ...