സ്വസ്തി, ഹേ സൂര്യ! തേ സ്വസ്തി!
കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വിവാഹനിശ്ചയത്തിന് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തൊട്ടരികിലുള്ള കന്യാകുമാരി കൂടി കാണാം എന്നു തീരുമാനിച്ചത്. ദീപാവലിയുടെ അവധി ആയത് കാരണം ഉച്ചനേരത്ത് റോഡിൽ തിരക്ക് തീരെ കുറവ്. കളിയിക്കാവിള കഴിഞ്ഞപ്പോഴേയ്ക്കും തമിഴ് ഗന്ധമുള്ള കാറ്റ് അടിക്കാൻ തുടങ്ങി. അതിർത്തി മാറുന്പോൾ പ്രകൃതി പോലും മാറുന്നു. പനനങ്കും കരിക്കും മിക്കയിടത്തും വിൽക്കാനായി കൂട്ടി വെച്ചിരിക്കുന്നു. മാർത്താണ്ഡവും, തക്കലയും, നാഗർകോയിലുമൊക്കെ കടന്ന് അഞ്ച് മണിയോടെ കന്യാകുമാരിയിൽ എത്തി.
അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും, ബംഗാൾ ഉൾക്കടലും ഒന്നിക്കുന്ന ത്രിവേണി സംഗമ സ്ഥാനം. കടലിൽ ആർത്തിരന്പുന്ന തിരമാലകളെ പോലെ തന്നെയായിരുന്നു കരയിലെയും അവസ്ഥ. വലിയ ജനത്തിരക്ക്. നിയന്ത്രിക്കാൻ പോലീസുകാർ തീരെയില്ല. വിവേകാനാന്ദ പാറയും, തലയുയർത്തി നിൽക്കുന്ന തിരുവള്ളുവരുടെ പ്രതിമയും ദൂരെ നിന്നു കണ്ടു. അവിടെയുള്ള ഗാന്ധി മന്ദിരത്തിനുള്ളിൽ പ്രവേശിക്കണമെങ്കിൽ ചെരുപ്പ് പുറത്ത് വെയ്ക്കണം. ഹിറ്റ് സിനിമയ്ക്ക് ടിക്കറ്റ് വാങ്ങാൻ നിൽക്കുന്നത് പോലെ ചെരിപ്പ് സൂക്ഷിപ്പ് കേന്ദ്രത്തിന് മുന്പിൽ ഉന്തും തള്ളും. ഒടുവിൽ വല്ല വിധേനയും ഗാന്ധി മന്ദിരത്തിനുള്ളിൽ കയറിപറ്റി. ഗാന്ധിജിയുടെ പേരിലായതു കൊണ്ട് കുറച്ച് വൃത്തി പ്രതീക്ഷിച്ചെങ്കിലും അതൊന്നും അവിടെ തീരെ ഇല്ല. നിലം മുതൽ ചുമർവരെ അലങ്കോലപ്പെട്ടു കിടക്കുന്നു. കമിതാക്കളുടെ പേരുകൾ മുതൽ മഹാവൃത്തികേടുകൾ വരെ രാഷ്ട്രപിതാവിന്റെ പേരിലുള്ള ഈ മന്ദിരത്തിന്റെ ചുവരുകളിൽ കോറിയിട്ടിരിക്കുന്നു.
പടിഞ്ഞാറ് ചുകന്ന് തുടുത്ത തക്കാളി പോലെ സൂര്യൻ പതിയെ താഴേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. ഗാന്ധിമന്ദിരത്തിന്റെ മുകൾതട്ടിൽ കയറി മനോഹരമായ അസ്തമയം കാണാൻ നിന്നു. താഴെ മണൽവാരിയിട്ടത് പോലെ പുരുഷാരം. അതിനിടയിലും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടികൾ. പക്ഷെ കേരളത്തിലേത് പോലെ ആരും ഭയത്തോടെ പട്ടികളെ നോക്കാത്തത് കൊണ്ടാകാം പട്ടികളും ആക്രമകാരികളല്ലെന്ന് തോന്നി.
പതിയെ കണ്ണുകൾ സൂര്യനിലേയ്ക്ക് മാത്രമായി. ആകാശത്തിന്റെ മട്ടുപ്പാവിൽ നിന്നു പതിയെ താഴോട്ട് ഇറങ്ങിവരുന്ന പ്രഭാകരനെ കാണുന്പോൾ ഒരു വല്ലാത്ത അനുഭൂതി തന്നെയാണ് മനസ്സിൽ ഉണ്ടാകുന്നത്. കവി പാടിയത് പോലെ മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്മേരവദനനായ സൂര്യാ, നിനക്ക് സ്വസ്തി ഹേ സൂര്യ തേ സ്വസ്തി എന്ന് എന്റെ മനസ്സും അറിയാതെ പാടി.
സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവർക്ക് പ്രകാശവും ഊർജ്ജവും പകരുന്ന സൂര്യനിൽ നിന്ന് നമ്മൾ മനുഷ്യർ ഏറെ പഠിക്കാനുണ്ട്.
കന്യാകുമാരിയിൽ നിന്ന് തിരികെ വരുന്പോൾ വഴിനീളെ ദീപാവലി
ആഘോഷങ്ങൾ. ആകാശത്ത് പൊട്ടിവിരിയുന്ന പടക്കങ്ങൾ. ദീപാവലിയുടെ നല്ല ഓർമ്മകൾ ബാക്കിവെച്ചുകൊണ്ട് ഒരു ദിനം കൂടി...