നീ ഒന്ന് പെയ്തെങ്കിൽ...
മാറി മാറി വരുന്ന ഋതുക്കളാണ് പ്രകൃതി ജീവിജാലങ്ങൾക്ക്് നൽകുന്ന സമ്മാനം. വെയിലും, മഴയും, കുളിരും, വസന്തവും ഒക്കെ മാറി മറിയുന്പോഴാണ് ഓരോ ജീവിയും തങ്ങളുടെ ജീവിതത്തിൽ കടന്നു വരുന്ന മാറ്റങ്ങളെ പറ്റി ബോധവാൻമാരാകുന്നത്. കാലം മാറി മാറി വരുന്പോൾ ഋതുക്കളുടെ സംക്രമണത്തിലും മാറ്റങ്ങളുണ്ടാകുന്നു. വെയിൽ വരേണ്ട നേരത്ത് മഴ പെയ്യുന്നു. മഴയെ കാത്തിരിക്കുന്പോൾ കനത്ത ചൂട് പൊതിയുന്നു. നമ്മുടെ നാട്ടിലെ മഴക്കാലങ്ങൾ ഏറെ രസകരമാണ്. ചിങ്ങത്തിൽ ചിണുങ്ങിയും, കന്നി മാസം കനിഞ്ഞും, കർക്കിടകത്തിൽ ദുർഘടമുണ്ടാക്കിയും, ഇടവത്തിൽ ഇടതടവില്ലാതെയും, മിഥുനത്തിൽ മദിച്ചുമൊക്കെയാണ് നമ്മുടെ നാട്ടിൽ മഴ പെയ്യാറുള്ളത്.
ഇതിപ്പോൾ തുലാം മാസമാണ്. തുലാം പത്ത് കഴിഞ്ഞാൽ മരപ്പൊത്തിലിരിക്കാം എന്നൊരു ചൊല്ലുണ്ട്. ഇടിയുടെയും മിന്നലിന്റെയും അകന്പടിയോടെ കടന്നുവരാറുള്ള തുലാപെയ്ത്ത് തന്നെയാണ് ഈ ചൊല്ലിന്റെ ആധാരം. മലബാർ ഭാഗത്ത് ഇടവമാസത്തോടെ അണിയറയിലേയ്ക്ക് മടങ്ങിയ തെയ്യക്കോലങ്ങൾ തുലാം പത്ത് മുതലാണ് വീണ്ടും കളിയാട്ടത്തിനിറങ്ങുക. വിവാഹമടക്കമുള്ള കാര്യങ്ങൾ തുലാം മാസത്തിലേയ്ക്ക് മാറ്റിവെക്കാറാണ് പതിവ്. ഭൂമിയിൽ മഴ പെയ്യുന്പോൾ ജീവിജാലങ്ങൾക്ക് ലഭിക്കുന്ന ഉണർവ്വ് തന്നെയായിരിക്കണം ഈ മാസത്തിന് ഇത്രയും പ്രധാന്യം ലഭിക്കാനുള്ള കാരണം.
കഴിഞ്ഞ ആഴ്ച്ച കേരളത്തിലെത്തുന്പോൾ കരുതിയത്് തുലാപെയ്ത്തിന്റെ സൗന്ദര്യം ആസ്വദിക്കാം എന്നു തന്നെയാണ്. പക്ഷെ ഇതുവരെയും മാനത്ത് നിന്ന് ഒരു തുള്ളി പോലും നന്നായി താഴേക്ക് പതിച്ചിട്ടില്ല. ചൂട് സമാന്യം നന്നായി തന്നെയുണ്ട് താനും. തുലാമഴയില്ലെങ്കിൽ നാട് തുലഞ്ഞു പോകുമെന്ന പഴഞ്ചൊല്ല് ഓർക്കട്ടെ. മലയാളിയുടെ വിശപ്പടക്കാനുള്ള വിഭവങ്ങൾ കിട്ടണമെങ്കിൽ തുലാമഴ പെയ്യണം. വാഴയ്ക്കും തെങ്ങിനുമൊക്കെ വേരുകൾ പൊടിക്കുന്നത് ഈ മഴയത്താണത്രെ. ഈ നേരറിയുന്നവർ ഇന്ന് ഏറെ കുറവായതിനാൽ മിക്കവർക്കും തുലാമഴ പെയ്തില്ലെങ്കിലും ആകുലതകളില്ല. എങ്കിലും മണ്ണിനോട് മല്ലിടുന്ന പാവം കൃഷിക്കാരന്റെ ചെറിയ വലിയ സ്വപ്നങ്ങളാണ് ഈ തുലാമഴ വൈകുന്നതിലൂടെ തകർന്ന് തരിപ്പണമാകുന്നത്. തുലാം മാസം ആകാശത്ത് നിറയുന്ന വെള്ളിടിക്കു പകരം അവരുടെ നെഞ്ചിടിപ്പുകളാണ് ഇന്ന് കേരളമാകെ കേൾക്കുന്നത്.
നെൽ കൃഷിയടക്കമുള്ള കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നവരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ് ഈ മഴയില്ലായ്മ. തൃശ്ശൂർ ജില്ലയിൽ മാത്രം മുപ്പതിനായിരം ഏക്കർ കോൾപാടങ്ങളിൽ നിന്ന് വിളയേണ്ട ഒരു ലക്ഷം ടൺ നെല്ലാണ് തുലാമഴയുടെ വൈകൽ കാരണം ഇല്ലാതാകാൻ പോകുന്നത്. ഇങ്ങിനെ സംസ്ഥാനത്തിലെ മിക്ക ഇടങ്ങളിലും കർഷകർ ഏറെ പ്രതിസന്ധി നേരിടാൻ പോകുന്ന മാസങ്ങളാണ് കടന്നുവരാൻ പോകുന്നത്. ചിലപ്പോൾ തോന്നും മഴയെ നമ്മൾ എന്തിനിങ്ങനെ പഴിക്കണമെന്ന്. മാനവും മഴയും നോക്കി കൃഷിപ്പണി ചെയ്യാത്തോരും മണ്ണിനെ കണ്ണായി കാണാത്തോരുമുള്ള മണ്ണിലേക്കെന്തിനു ഞാൻ തനിയെ പെയ്തിറങ്ങണമെന്ന് പാവം മഴയും കരുതിക്കാണണം. അല്ലെങ്കിൽ “പെയ്താലും കുറ്റം, ഇല്ലേലും കുറ്റം, മഴേടമ്മയ്ക്ക് എപ്പോഴും കുറ്റം മഴേടച്ഛനുമെപ്പോഴും കുറ്റം” എന്നു തുടങ്ങി നിരവധി കുറ്റങ്ങൾ പണ്ടു മുതൽക്കേ ഈ മഴ
നമ്മിൽ നിന്ന് എത്രയോ കേട്ടിരിക്കുന്നു. എങ്കിലും തന്റെ പിണക്കം മാറ്റി പതിവ് പോലെ തുലാമഴ പെയ്തു തുടങ്ങട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...