ബഡായി ബംഗ്ലാവുകൾ ....
കേരളത്തിലൂടെ സഞ്ചരിക്കുന്പോൾ തിരിച്ചറിയുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമായ സംഗതിയാണ് ഓരോ മലയാളിയും അവന്റെ സന്പത്തിന്റെ വലിയൊരു ഭാഗം കെട്ടിടനിർമ്മാണത്തിനായി പ്രത്യേകിച്ച് വീട് നിർമ്മിക്കാനായി മാറ്റിവെയ്ക്കുന്നു എന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്പോൾ റോഡിനിരുവശവും വലിയ മതിൽകെട്ടുകൾക്കിടയിൽ ഭൂതബംഗ്ലാവുകൾ പോലെ നിരവധി വീടുകൾ കാണാം. ഉടമസ്ഥർ മിക്കവാറും പ്രവാസികളായിരിക്കും. അവർക്ക് തങ്ങളുടെ വീട് വാടകയ്ക്ക് നൽകാൻ മടി മാത്രമല്ല, പേടി കൂടിയാണ്. ഒരിക്കൽ കൊടുത്തുകഴിഞ്ഞാൽ പിന്നെ ഒഴിയുമോ എന്ന ഭയമാണ് പ്രധാനം. പ്രവാസത്തിന്റെ പ്രയാസം കഴിഞ്ഞ് തിരിച്ചെത്തുന്പോൾ കയറി കൂടാൻ ഒരു കൂര എന്ന സ്വപ്നത്തിന്റെ ബാക്കിപത്രമല്ല ഈ ബംഗ്ലാവുകൾ. മിക്കതും നാട്ടുകാരെ തന്റെ പൊങ്ങച്ചം കാണിക്കാനുള്ള അവസരങ്ങളാണ് ഇത്തരം വീടുകൾ.
കഴിഞ്ഞ ആഴ്ച്ച ബഹ്റിനിലെ ഒരു സുഹൃത്തിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ആശങ്ക എന്നെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സാന്പത്തികമാന്ദ്യം രൂക്ഷമായാൽ ജോലി പോകാൻ സാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം. നാട്ടിൽ ഏകദേശം 4000 സ്ക്വർ ഫീറ്റ് സ്വകര്യമുള്ള വീടാണ് അദ്ദേഹം പണിഞ്ഞു കൊണ്ടിരിക്കുന്നത്. വീട് പണി തീരുന്നത് വരേയ്ക്കെങ്കിലും ഇവിടെ പിടിച്ചുനിൽക്കണമെന്നാണ് നാട്ടിലുളള ഭാര്യയുടെ ഓർഡർ. ജോലി പോകുന്നതിലും അദ്ദേഹത്തിന് പേടി നാട്ടിലേയ്ക്ക് വെറുംകൈയോടെ തിരികെ പോകുന്നതാണ്. കുടുംബക്കാരും, നാട്ടുക്കാരുമൊക്കെ പാതി പണിതീർന്ന വീട് നോക്കി തന്നെ കളിയാക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു. രണ്ട് മക്കളും കോളേജിലാണ്. പഠിത്തം തീർന്നാൽ പിന്നെ അമേരിക്കയും, യൂറോപ്പുമൊക്കെയാണ് അവരുടെ നോട്ടം. അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും വലിയ വീടെന്ന് ചോദിച്ചപ്പോൾ ഇത്രയും കാലം ജോലി ചെയ്തതിന് എന്തെങ്കിലും തെളിവ് വേണ്ടേ എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.
ഇതേ രീതിയിൽ തന്നെയാണ് നമ്മളിൽ മിക്കവരും ചിന്തിക്കുന്നത്. പ്രത്യേകിച്ച് ഒന്നും തിരികെ നൽകാത്ത കെട്ടിടനിർമ്മാണത്തിലാണ് നമ്മൾ താത്പര്യപ്പെടുന്നത്. ഗൃഹപ്രവേശമെന്നത് നാടിന്റെ തന്നെ മഹോൽസവമാക്കി മാറ്റുന്നവരും ഏറെ. യൂട്യൂബിൽ ഒന്ന് തിരഞ്ഞുനോക്കിയാൽ ഇതു പോലെയുള്ള ധാരാളം ഗൃഹപ്രവേശന വീഡിയോകൾ ലഭിക്കും. രാഷ്ട്രീയക്കാരും, മതനേതാക്കളും, സിനിമാതാരങ്ങളുമൊക്കെയായി വൻനിരയാണ് ഓരോ വീഡിയോയുടെയും ആകർഷണം. അന്ന് വെറുതെ കളയുന്ന ഭക്ഷണത്തെ പറ്റി പറയാതിരിക്കുകയാണ് ഭേദം. ഈ ഒരു ധൂർത്തിൽ നിന്ന് ഇനിയെങ്കിലും പ്രവാസ സുഹൃത്തുക്കൾ മാറിനിൽക്കണം. ഇന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന സന്പത്ത് സൂക്ഷിച്ച് വെയ്ക്കുക. കാരണം നിങ്ങൾക്ക് വയസേറുകയാണ്. ഒന്നു കിടന്നു പോയാൽ പെൻഷനൊന്നും ലഭിക്കാൻ യാതൊരു സാധ്യതയുമില്ലാത്തവരാണ് പ്രവാസികൾ. ജാഗ്രതൈ !