ചിത്രം വിചിത്രം...
മലയാള ടെലിവിഷൻ മേഖലയിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് പല പ്രമുഖ മാധ്യമപ്രവർത്തകരുടെയും മുഖപുസ്തക സ്റ്റാറ്റസുകൾ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട വാർത്താ ചാനലുകളിലാണ് ഈ ഇളക്കം കാണുന്നത്. പുതിയ കുറച്ച് ചാനലുകൾ മലയാളത്തിലേയ്ക്ക് കടന്നുവരുന്നതുമായി ബന്ധപ്പെടാണ് ഈ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നത് എന്നാണ് അണിയറ സംസാരം. നർമ്മരസപ്രദമായ വാർത്ത പരിപാടി അവതരിപ്പിക്കുന്ന അവതാരകൻ സാന്പത്തികമായി മെച്ചം ലഭിക്കുന്നത് കൊണ്ടാണ് താൻ ഈ മാറ്റത്തിന് തയ്യാറായതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏറെ സ്വാഗതാർഹമാണ് അദ്ദേഹത്തിന്റെ ഈ തുറന്ന േസ്റ്ററ്റ്മെന്റ്.
മാധ്യമപ്രവർത്തനത്തെ മറ്റ് ജോലികളിൽ നിന്ന് വ്യത്യസ്തമായി കാണുന്ന ഒരു നിലപാട് പണ്ട് മുതലേ പൊതുസമൂഹത്തിനുണ്ട്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഏറെയാണ് താനും. മാധ്യമപ്രവർത്തകനാകണമെങ്കിൽ മുഷിഞ്ഞ വേഷം ധരിക്കണമെന്നൊക്കെ ആ ധാരണയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വിചാരങ്ങളാണ്. എന്നാൽ ടെലിവിഷൻ മാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ അതിൽ വരുന്ന അവതാരകർക്ക് സിനിമാ താരങ്ങളുടേത് പോലെയുള്ള വിപണി മൂല്യം കൈവന്നു. പുറത്തിറങ്ങിയാൽ നാലാൾ അറിയുന്ന ജോലിയായി മാധ്യമ പ്രവർത്തനം മാറി. ചിലരെങ്കിലും അത് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും അവരുടെ വ്യക്തിപരമായ നിലപാടുകൾ പ്രൊജക്ട് ചെയ്തു പരിപാടികൾ അവതരിപ്പിക്കുന്നതിൽ വിജയം കണ്ടവരാണ്.
പത്രമാധ്യമങ്ങളെക്കാൾ പരസ്യവരുമാനത്തിലൂടെ പണം വാരുന്ന സ്ഥാപനങ്ങളായി ദൃശ്യമാധ്യമങ്ങൾ വളർന്നപ്പോഴാണ് കൂടുതൽ പണം നേടുക എന്നത് ചാനൽ മുതലാളിമാരുടെയും ഒപ്പം തൊഴിലാളികളുടെയും പ്രധാന ലക്ഷ്യമായി മാറിയത്. അങ്ങിനെയാണ് ഓരോ പുതിയ ചാനലുകൾ മുളയ്ക്കുന്പോഴേയ്ക്കും ചിലർ മറുകണ്ടം ചാടിതുടങ്ങിയത്. തങ്ങളുടെ അവതരണ മേന്മ കൊണ്ട് കൂടുതൽ പരസ്യവരുമാനം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിക്കാം എന്ന വിചാരത്തോടൊപ്പം ഇപ്പോൾ കിട്ടുന്നതിനേക്കാൾ കുറേ കൂടി മെച്ചപ്പെട്ട ഓഫർ എന്നത് തന്നെയാണ് ഈ ചാട്ടങ്ങളുടെ പ്രധാന കാരണം. പക്ഷെ ഇതിനെ പൊതുസമൂഹം പലപ്പോഴും നോക്കികാണുന്നത് നിലപാട് മാറ്റങ്ങളുടെ അളവുകോലായിട്ടാണ്.
ഇന്നത്തെ കാലത്ത് സ്വസ്ഥമായി നീങ്ങികൊണ്ടിരിക്കുന്ന തങ്ങളുടെ ജോലിയിൽ ചെറുതായി ഒന്ന് ഇളക്കം തട്ടുന്പോഴോ, മറ്റൊരു സാധ്യത തെളിഞ്ഞു വരുന്പഴോ അവിടെ നിന്ന് മാറുന്നത് ഏതൊരു തൊഴിൽ മേഖലയിലും സ്വാഭാവികമാണ്. പത്തും നാൽപതും വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത് വിരമിക്കുന്നതൊക്കെ ഇനിയുള്ള കാലത്ത് പഴങ്കഥയാണ്. ഇതു തന്നെയാണ് നമ്മുടെ ടെലിവിഷൻ മാധ്യമപ്രവർത്തകരുടെയിടയിലും സംഭവിക്കുന്നത്. ഒരിക്കലും അതിനെ കുറ്റം പറയാൻ സാധിക്കില്ല. അതേസമയം ഇവർക്ക് പകരം വരാൻ പോകുന്നവർ ചിലപ്പോൾ ഇവരേക്കാൾ കൂടുതൽ മിടുക്കൻമാരാകാം. അത്തരം ആളുകളെ കണ്ടുപിടിക്കാനും വളർത്തികൊണ്ടുവരാനുമുള്ള ബുദ്ധിയും ശേഷിയും മുൻ ചാനലുകൾക്ക് ഉണ്ടെന്ന് പലകുറി തെളിയിച്ചത് കൊണ്ട് തന്നെ അവരുടെ ജോലിക്കും വലിയ മുട്ടുണ്ടാകില്ലെന്ന് കരുതാം. എന്തായാലും ചാനൽ ലോകത്തെ വിശേഷങ്ങൾ കണ്ടും കേട്ടും ചിത്രം വിചിത്രമാകാതെ പോകട്ടെ എന്നാശംസിച്ചു കൊണ്ട്....