തനിയെ ഒരു നാൾ­­­­­­­­­­­­­­­­­­­­­­­­­­­­­­­...


ജീവിതമല്ലെ. നാടകമാടിയല്ലെ പറ്റൂ... തന്റെ തലയിൽ വരിഞ്ഞുകെട്ടിയ മഫ്ളറിൽ തടവി ആ എഴുപതിമൂന്നുകാരൻ പതിയ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എവിടെയെക്കെയോ ആ തൊണ്ട ഇടറുന്നത് ഞാനും അനുഭവിച്ചു. 

കഴിഞ്ഞ ദിവസം രാത്രി വിജനമായ കരിപ്പൂർ എയർപ്പോർട്ടിൽ വന്നിറങ്ങിയപ്പോൾ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന പ്രവേശന കവാടത്തിനടത്തുള്ള ചായകടയിൽ നിന്ന് ചായയും വാങ്ങി അടുത്തുള്ള ബെഞ്ചിൽ ഇരുന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ദിച്ചത്. നിർവികരമായിരുന്നു ആ മുഖം. ആരെയും കാണാത്തത് കൊണ്ട് തന്നെ കുശലാനേഷ്വണത്തിന് തുടക്കമിട്ടത് പതിവ് പോലെ ഞാൻ തന്നെയായിരുന്നു. കണ്ണൂർക്കാരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് തന്റെ നാട്ടുക്കാരനെ കണ്ട സന്തോഷം. അമേരിക്കയിൽ നിന്ന് പുലർച്ചെ വരുന്ന തന്റെ അറുപത്തിയഞ്ചുകാരിയായ പ്രിയതമയെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ പ്രസവത്തിന് സഹായിക്കാൻ ആറ് മാസം മുന്പ് ന്യൂയോർക്കിൽ പോയതാണ് ആ അമ്മ. ഹൃദയത്തിന് ബ്ലോക്കുള്ളത് കൊണ്ട് അച്ഛനെ അങ്ങോട്ട് കൊണ്ടുപോകാൻ മകൾ തയ്യാറായില്ല. അതു കൊണ്ട് അദ്ദേഹം ഇവിടെ തനിയെ ആയി പോയി. ഒരു മകനുള്ളത് ബാംഗ്ലൂരിൽ കംപ്യൂട്ടർ ജോലി ചെയ്യുന്നു. കുടുംബം അവിടെ തന്നെ. 

പുലർച്ചെ മാത്രം വരുന്ന ഭാര്യയെ സ്വീകരിക്കാൻ എന്തേ ഇത്രയും നേരത്തെ എയർപ്പോർട്ടിൽ എത്തിയതെന്ന് ചോദിച്ചപ്പോൾ വീട്ടിൽ കുറേകാലം തനിയെ ഇരുന്ന് മടുത്തല്ലോ എന്നായിരുന്നു മറുപടി. വാർദ്ധക്യത്തിന്റെ എല്ലാ വിധ അസ്കിതകളും അദ്ദേഹത്തിൽ പ്രകടമായിരുന്നു. ആരും അരികിൽ ഇല്ലാത്ത വേദന ചെറിയ വാക്കുകളിലൂടെ പ്രകടമാക്കുന്പോഴും മക്കളെ പറ്റി ഒരു തരത്തിലും അദ്ദേഹം മോശമായി ഒന്നും തന്നെ പറഞ്‍ഞില്ല. നമ്മൾ പഠിപ്പിച്ചു വലുതാക്കുന്നത് തന്നെ അവർ നല്ല രീതിയിൽ ജീവിച്ചു വരാനല്ലെ. അവർ അങ്ങിനെ വന്നു കഴിഞ്‍ഞാൽ പിന്നെ പരാതിപ്പെടുന്നതിൽ എന്തർത്ഥമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 

ഇടയ്ക്കിടെ കാല് തടവിയും, കടിക്കുന്ന കൊതുകുകളെ പതിയെ ദൂരേക്ക് മാറ്റിയും അദ്ദേഹം പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. “ഇന്ന് ആരോടും മിണ്ടാൻ പോലും പറ്റാത്ത കാലമാ. എന്താ ഏതാ എന്നൊന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ദേഷ്യം വന്ന് കൊന്നുകളഞ്ഞു എന്നു വരെ വരാം. അതുകൊണ്ടായിരിക്കാം ഞാനും ഇപ്പോ ആരോടും ഒന്നും പറയാറില്ല. അത് മക്കളായാലും, നാട്ടുക്കാരായാലും അങ്ങിനെ തന്നെ.” രാഷ്ട്രീയവും പൊതുകാര്യങ്ങളും ചർച്ചചെയ്യാനുള്ള എന്റെശ്രമത്തിനെ ഈ ഒരു ഡയലോഗിലൂടെ അദ്ദേഹം പരാജയപ്പെടുത്തി.

അമേരിക്കയിൽ നിന്നും വരുന്ന തന്റെ ഭാര്യയെ കൂട്ടി നാട്ടിലേയ്ക്ക് പോകാൻ ബസ്സിൽ കയറിയായിരുന്നു അദ്ദേഹം എത്തിയത്. ഭാര്യയുടെ സൗകര്യം നോക്കി വേണമെങ്കിൽ മാത്രം ടാക്സി പിടിക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

ഏറെ നേരത്തെ സംസാരത്തിന് ശേഷം ഒടുവിൽ യാത്ര പറഞ്‍ഞ് പിരിയുന്പോൾ എത്രയോ കാലത്തെ സൗഹർദമുള്ള ആളെ കണ്ടുമുട്ടിയ പ്രതീതിയായിരുന്നു എന്റെ ഉള്ളിൽ. അമേരിക്കയിലേയ്ക്കും, ഗൾഫ് നാടുകളിലേയ്ക്കുമൊക്കെ മക്കളുടെ പ്രസവമെടുപ്പ് ശ്രുശൂഷയ്ക്കും, കുഞ്ഞുങ്ങളെ ബേബി സിറ്റ് ചെയ്യിക്കാനും ഒക്കെ നമ്മുടെ അമ്മമാർ വിമാനമേറി പറക്കുന്പോൾ ഇങ്ങിനെ എത്രയോ ആളുകൾ നമ്മുടെ ഇടയിൽ ആരുമറിയാതെ ജീവിക്കുന്നുണ്ട്. തികച്ചും തനിയെ. എന്നെങ്കിലും എല്ലാവരും ഇതു പോലെയൊക്കെ ആകും... വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനിപ്പുറം.. ഒരു സ്റ്റീൽ ബെഞ്ചിൽ..തനിച്ച്...!!

You might also like

Most Viewed