കള്ളൻമാരാകരുത് പോലീസ് - പ്രദീപ് പുറവങ്കര


“നീയറിഞ്ഞോ, കഴിഞ്ഞ ദിവസം മനാമയിൽ‍ റോഡ് വക്കിൽ‍ തുപ്പിയ ആൾ‍ക്ക് പോലീസ് 20 ദിനാർ‍ ഫൈൻ‍ അടിച്ചു”... ചിരിച്ചു കൊണ്ട് കൂട്ടുക്കാരൻ‍ പറഞ്ഞപ്പോൾ‍ ആദ്യം ചെറിയ പുച്ഛം തോന്നിയെങ്കിലും, ഒരു രാജ്യത്തെ സമാധാനപാലകർ‍ വ്യതസ്തമായി ചിന്തിക്കുന്നത് ഞാൻ‍ അറിഞ്ഞു. പിഴ അടപ്പിക്കുതിനോടൊപ്പം റോഡ് വക്കിൽ‍ തുപ്പിയ ആൾ‍ക്ക് ഒരു ദീവസം നീണ്ട കൗൺ‍സിലിങ്ങും പോലീസുകാർ‍ നടത്തിയത്രെ. പോലീസിങ്ങ് എന്നു പറഞ്ഞാൽ‍ ഏറ്റവും വലിയ സാമൂഹ്യ സേവനങ്ങളിലൊന്നാണ്. നിയമം അനുശാസിക്കുന്ന തരത്തിൽ‍ ശിക്ഷിക്കുന്നതിനോടൊപ്പം തന്നെ കുറ്റം ചെയ്തവരെ പറഞ്ഞു മനസ്സിലാക്കി നേർ‍വഴിക്ക് കൊണ്ടു വരുന്നതും പോലീസിന്റെ ജോലിയിൽ‍ പെട്ടതാണ്. അതിന് പകരം ഒരു കുറ്റവാളിക്ക് പോലീസിനെ സ്വാധീനിക്കാൻ‍ കഴിഞ്ഞാൽ‍ അവർ‍ തമ്മിൽ‍ പ്രത്യേക വ്യത്യാസങ്ങൾ‍ ഒന്നുമില്ല. അതുകൊണ്ടാണ് പലപ്പോഴും ക്രിമിനലുകളേക്കാൾ‍ വലിയ കുറ്റക്കാരായി പലപ്പോഴും പോലീസുകാർ‍ മാറുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിൽ‍ ഉണ്ടായ രണ്ട് സംഭവങ്ങൾ‍ നമ്മുടെ പോലീസുകാരുടെ കൃത്യവിലോപത്തിനും ആത്മാർ‍ത്ഥതയില്ലായ്മയ്ക്കും തെളിവുകളാണ്. തൃശ്ശൂരിൽ‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ‍ കഴിയുന്ന നിസാമിന് ജയിലിനകത്ത് സുഖവാസമാണെന്ന് നമ്മളറിയുന്പോൾ‍  ഈ സംശയം വർ‍ദ്ധിക്കുകയാണ്. പണത്തിന് മുകളിൽ‍ പരുന്തും പറക്കില്ല എന്ന പഴമൊഴിയാണ് ഇത്തരം സന്ദർ‍ഭങ്ങളിൽ‍ യാഥാർത്ഥ്യമാകുന്നത്. നിസാം എന്ന കോടീശ്വരന് ഈ ലോകത്ത് ആരെയും കൊല്ലാം. കോടതി വിധിക്കുന്ന ശിക്ഷ അദ്ദേഹത്തിന് താത്പര്യമുള്ള രീതിയിൽ‍ ആക്കി മാറ്റാം. ഇതിനൊന്നും  ആരും ചോദിക്കാൻ‍ വരില്ല എന്ന അവസ്ഥ വന്നാൽ‍ സാധാണക്കാരൻ‍ എങ്ങിനെയാണ് നിയമവ്യവസ്ഥിതിയെയും ക്രമസമാധാന പാലകരെയും വിശ്വസിക്കുക. അതേസമയം നമ്മുടെ കൈയിൽ‍ പണമില്ലെങ്കിൽ‍, സ്വാധീനിക്കാൻ‍ ആൾ‍ബലമില്ലെങ്കിൽ‍ ആരും തന്നെ തിരിഞ്ഞ് നോക്കാനുമുണ്ടാകില്ല. നിസാമിന്റെ വാർ‍ത്തയ്ക്കൊപ്പം തന്നെ ഇന്നലെ പുറത്ത് വന്ന മറ്റൊരു വാർ‍ത്ത അത് തെളിയിക്കുന്നു. കൊല്ലം കുണ്ടറയ്ക്കടുത്ത് മോഷണകുറ്റം ആരോപിച്ച് രണ്ടുപേരെ അതിക്രൂരമായാണത്രെ നമ്മുടെ പോലീസ് പീഢിപ്പിച്ചത്. കൈവിരലുകൾ‍ക്കിടയൽ‍ മുളങ്കന്പ് കുത്തികയറ്റിയും, ജനനേന്ദ്രിയത്തിൽ‍ ക്ലിപ്പിട്ടുമാണ് ഇവരെ പീഢിപ്പിച്ചത്. രണ്ട് ദിവസം പട്ടിണിക്കിട്ടും ഉപദ്രവിച്ചു. ഈ ഒരു അവസ്ഥ ഒരിക്കലും ആശാസ്യമല്ല.

പോലീസ് എന്നു പറഞ്ഞാൽ‍ എല്ലാവരോടും സമഭാവനയോടെ പ്രവർ‍ത്തിക്കുന്നവരാകണം. ഒരേ സമയത്ത് ക്രമസമാധാന പാലനം നടത്തുന്നതിനോടൊപ്പം, ജനങ്ങളിൽ‍ ആത്മവിശ്വാസം വളർ‍ത്താനും അവർ‍ക്ക് സാധിക്കണം. അഴിമതിയും, സ്വജനപക്ഷപാതവും പോലീസിന്റെ മുഖമുദ്രയായി മാറിയാൽ‍ അത് സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി മാറും. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ‍ ഇതിനകം നിസാമിന്റെ ഫോൺ‍ വിളിയെ പറ്റി റിപ്പോർ‍ട്ട് തേടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത് ലഭിച്ചാലുടൻ‍ അങ്ങിനെ അനധികൃതമായി ഫോൺ‍ സൗകര്യം നിസാമിന് ലഭിച്ചിട്ടുണ്ടെങ്കിൽ‍ അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ‍ നിന്ന് സസ്പന്റ് ചെയ്യുക മാത്രമല്ല, സമാനമായ ശിക്ഷ കൂടി നൽ‍കേണ്ടതുണ്ട്. അങ്ങിനെയെങ്കിൽ‍ പൊതുസമൂഹത്തിന് നൽ‍കുന്ന സന്ദേശം ഏറെ ആശ്വാസകരമാകും തീർ‍ച്ച !

You might also like

Most Viewed