മുമ്പേ പറക്കാം...
വിവര സാങ്കേതികവിദ്യ ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിന്റെ പ്രതിഫലനം നമുക്ക് കാണാൻ സാധിക്കും. വരും നാളുകളിൽ ഇതിന്റെ തീവ്രത വർദ്ധിക്കാൻ തന്നെയാണ് സാധ്യത. എല്ലാം ഒരു വിരൽ തുന്പിൽ എത്തിക്കാനാണ് ശ്രമം. സാധാരണക്കാരെ സംബന്ധിക്കുന്ന ആരോഗ്യം, സാന്പത്തികം, വിദ്യാഭ്യാസം, തുടങ്ങിയ വിഭാഗങ്ങളിലാണ് സാങ്കേതിക വിദ്യകൾ ഇപ്പോൾ ഏറ്റവുമധികം പിടിമുറുക്കുന്നത്. മിഡിൽമാൻ അഥവാ ഒരു മധ്യസ്ഥന്റെ നേരിട്ടുള്ള ഇടപെടലുകൾ ഇത്തരം സാങ്കേതികവിദ്യകൾ കടന്നു വരുന്നതോടെ വല്ലാതെ കുറയും.
സാന്പത്തിക രംഗത്ത് അടുത്ത് തന്നെ പേപ്പർ കറൻസി വളരെ പരിമിതമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇപ്പോൾ തന്നെ മിക്കവരും ഓൺലൈൻ ഇടപാടുകളിൽ വൈദഗ്ദ്ധ്യം നേടി കഴിഞ്ഞു. ചെക്കിടപാടുകൾ ഏറെ കുറഞ്ഞിരിക്കുന്നു. നേരിട്ട് മധ്യസ്ഥൻമാരുടെ സഹായം ഇല്ലാതെ എവിടെ ഇരുന്നും തങ്ങളുടെ സാന്പത്തികാവശ്യങ്ങൾ പരിഹരിക്കപ്പെടുന്ന ഒരവസ്ഥ സാധാരണക്കാരന് പോലും ലഭിക്കുന്ന കാലമാണ് ഇനി വരാൻ പോകുന്നത്. ആരോഗ്യരംഗത്തും വിപ്ലവാത്മകമായ ചിന്തകളാണ് നടപ്പിലാക്കി വരുന്നത്. നമ്മുടെ ശരീരത്തിൽ ഒരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങൾ അപ്പോൾ തന്നെ അറിയിക്കാൻ കഴിവുള്ള മൊബൈൽ അപ്ലിക്കേഷനുകൾ നിലവിലുണ്ട്. എങ്ങിനെ വ്യായാമം ചെയ്യണമെന്നും ആരോഗ്യം എങ്ങിനെ നിലനിർത്തണമെന്നും ഓർമ്മിപ്പിക്കുന്ന ആപ്പുകളും സുലഭം.
ആശുപത്രിയിൽ പോകുന്നതിന് പകരം വിദഗ്ദ്ധ ഡോക്ടർമാർ രോഗിയുടെ അരികിലേയ്ക്ക് എത്തുന്ന കാലവും വിദൂരമല്ല. ഇതേ പോലെ സാന്പ്രദായിക വിദ്യാഭ്യാസ രീതിയും മാറിക്കൊണ്ടിരിക്കുന്നു. ബൈജുസ് ആപ്പ് പോലെയുള്ള ട്യൂട്ടോറിയൽ ആപ്ലിക്കേഷനുകൾ പ്രചുരപ്രചാരം നേടികൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇതിൽ ആകൃഷ്ടരാകുന്നത്.
ഈ മാറ്റങ്ങളെ സ്വീകരിക്കാതെ മാറി നിൽക്കുക എന്നത് ഇനി വലിയൊരു വെല്ലുവിളിയാണ്. കന്പ്യൂട്ടർവൽക്കരണത്തെ എതിർത്തവർ പോലും ഇന്ന് സോഷ്യൽ മീഡിയകളുടെ ആരാധകരായതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ ഇന്ന് മടി കാണിക്കുന്നവരിൽ മിക്കവരും അതിന് പുറകിൽ പോകുന്നത് നമ്മൾ കാണും.
സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകളെ ശരിയായ രീതിയിൽ ഉപയോഗിക്കാനുളള ശ്രമം നടത്താതെ സമയം പാഴാക്കി കളയാനാണ് നമ്മിൽ ഭൂരിഭാഗം പേർക്കും താത്പര്യം. ബന്ധങ്ങൾ വളർത്താനും സൗഹൃദങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കേണ്ട ഈ ഇടങ്ങളെ തിരിച്ചറിയാനാണ് നമ്മൾ പഠിക്കേണ്ടത്. ഒപ്പം ഇനി വരാനിരിക്കുന്ന വിപ്ലവാത്മകമായ ചിന്തകളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും തയ്യാറെടുക്കണം. അങ്ങിനെ അല്ലെങ്കിൽ വരാൻ പോകുന്ന തലമുറയിൽ നിന്ന് എത്രയോ അകലെയാകും നമ്മുടെ സ്ഥാനം. തീർച്ച!