അലസതയെ മറക്കാം... - പ്രദീപ് പുറവങ്കര
അന്താരാഷ്ട്ര തലത്തിൽ തന്നെ സാന്പത്തികമായി ഏറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഗൾഫ് മേഖലയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഗൾഫിലെ ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളടക്കമുള്ള നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്ന വാർത്ത ദിനംപ്രതി നമ്മുടെ കാതുകളിൽ എത്തുന്നു. ചെറുകിട കച്ചവട മേഖലയിലും, കെട്ടിട നിർമ്മാണരംഗത്തും ഈ അവസ്ഥ അൽപ്പം കൂടി രൂക്ഷമാണ്. എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട വിലയിടിച്ചലിനെയും, ആഗോള ഭീകരത ഉയർത്തുന്ന ഭീഷണിയുമൊക്കെ ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. പക്ഷെ ഇത് മാത്രമാണോ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഒരു രാജ്യമായാലും, വ്യക്തിയായാലും പിന്നോട്ട് വലിക്കപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട് എന്നത് തന്നെയാണ് വാസ്തവം. ഒരൽപ്പം കാലം മുന്പ് വരെ സുഖസമൃദ്ധിയിൽ നിറഞ്ഞാടിയ പ്രദേശമാണ് ഈ ഗൾഫ് മേഖല. ഐശ്വര്യത്തിന്റെ സൈറൺ തുടർച്ചയായി മുഴങ്ങി കൊണ്ടിരുന്ന ആ നാളുകളിൽ ഇവിടെ ജീവിക്കുന്നവരിൽ പതിയെ പതിയെ അലസത വന്നുതുടങ്ങിയപ്പോഴാണ് കാര്യങ്ങൾ അവതാളത്തിലായി തുടങ്ങിയത്. വെറുതെ ഇരുന്നാലും എല്ലാം നടന്നുകൊള്ളും എന്നുള്ള ഒരു മിഥ്യാബോധം ഇവിടെയുള്ളവരിൽ ഉണ്ടായി. അങ്ങിനെ കരുതി മുന്പോട്ട് പോയവർക്കാണ് ഇന്ന് വല്ലാത്ത പ്രതിസന്ധി നേരിടേണ്ടി വരുന്നത്. അല്ലാത്തവർക്ക് സത്യത്തിൽ വലിയ പ്രശ്നമില്ല. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ച് നല്ല ജീവിതം നയിക്കുന്നവർ ഇന്നും ഈ നാട്ടിൽ എത്രയോ അധികമാണ്.
കഴിഞ്ഞ ഒരാഴ്ച്ചക്കാലം ബഹ്റിനിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാൻ സാധിച്ചപ്പോൾ മനസ്സിലായ ഒരു കാര്യം ഇപ്പോഴും ഇവിടെ തങ്ങളുടെ സന്പത്ത് നിക്ഷേപിക്കാൻ ആളുകൾ ധൈര്യപൂർവ്വം മുന്പോട്ട് വരുന്നു എന്നു തന്നെയാണ്. പക്ഷെ വ്യക്തമായ ആസൂത്രണത്തോടെയാണ് കാര്യങ്ങൾ അവർ നീക്കുന്നത് എന്നു മാത്രം. മുന്പുള്ളത് പോലെ ഒരു ‘സാ മട്ട്’ എവിടെയുമില്ല. മാത്രമല്ല, ചെറുപ്പക്കാർ ബിസിനസ് രംഗത്ത് കടന്നുവന്നിരിക്കുന്നു. രാജ്യത്ത് നിലവിലുള്ള സങ്കേതിക സൗകര്യങ്ങളാണ് അവരെ മുന്പോട്ട് നയിക്കുന്നത്. ഇന്റർനെറ്റ് അടക്കമുള്ള വേദികളെ ശരിയായി ഉപയോഗിച്ചു കൊണ്ട് അവർ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നു. അവരുടെ ചിന്തകളും വിപ്ലവാത്മകമാണ്.
ഇത്തരം ചെറുപ്പക്കാർ നിരവധി ആശുപത്രികൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയ പുതിയ സംരഭങ്ങൾ ബഹ്റിനിൽ ആരംഭിക്കുകയോ, പദ്ധതിയിടുകയോ ചെയ്യുന്നുണ്ട്. സൗദി അറേബ്യയിൽ തൊഴിൽ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളും ബഹ്റിനിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ മലയാളികളടക്കമുള്ളവരെ പ്രേരിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയിലും, ബാങ്കിങ്ങ് മേഖലയിലും വ്യക്തമായ വികസന സൂചനകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇങ്ങിനെ അവസരങ്ങൾ അണിയറയിൽ വർദ്ധിക്കുന്നു എന്നു തന്നെ വേണം നമ്മൾ മനസ്സിലാക്കാൻ.
പരസ്പരം കുറ്റം പറഞ്ഞും, പാര പണിഞ്ഞും, ശത്രുക്കളെ സൃഷ്ടിച്ചും മുന്പോട്ടു പോകുന്നത് ഈ നേരത്ത് ആശാസ്യമായ കാര്യമല്ല. പകരം ഒന്നിച്ച് നിന്ന് വേണം ഈ പ്രതിസന്ധിയെ മറികടക്കാനും പുതിയ പാതകൾ വെട്ടിതുറക്കാനും. അതിന് വേണ്ടി ഗൾഫ് നാടുകളിൽ എന്നും മുന്പിൽ നിന്ന് പ്രവർത്തിച്ചവരാണ് മലയാളികൾ. ഈ ഘട്ടത്തിലും അതുണ്ടാകണമെന്ന ആഗ്രഹത്തോടെ...