തത്ത പറക്കട്ടെ...
വനത്തിന്റെ വന്യതയിൽ നിന്ന് അബദ്ധത്തിൽ വാരിക്കുഴിയിൽ വീണു പോകുന്ന ആനകുട്ടികളെ മനുഷ്യൻ പിടിച്ചു കൊണ്ടുവന്നു അതിനെ മെരുക്കി കാലിൽ ഒരു ചങ്ങലയുമിട്ട് ഉത്സപറന്പുകളിലും, തടിമില്ലുകളിലും പണിയെടുപ്പിക്കുന്നത് എത്രയോ തവണ കണ്ടവരാണ് നമ്മളൊക്കെ. ഇത്രയും വലിയൊരു ജീവി ആറടി പൊക്കമുള്ള മനുഷ്യന്റെ മുന്പിൽ അവന്റെ ആഞ്ജക്കനുസരിച്ച് പ്രവർത്തിക്കുന്നത് കാണുന്പോൾ അതിശയപ്പെടാറുമുണ്ട്. നമ്മുടെ സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്്ട്രേഷൻ ഉദ്യോഗസ്ഥരെ കാണുന്പോൾ പലപ്പോഴും എനിക്കോർമ്മ വരാറുള്ളത് ഈ ആനകളെയാണ്. അദൃശ്യമായ ധാരാളം ചങ്ങലകളിൽ തങ്ങളുടെ കഴിവുകളെ മൊത്തം തളച്ചിട്ട് അടിമകളെ പോലെ ജീവിക്കുന്നവരാണ് ഈ മേഖലയിൽ മിക്കവരും.
ഐഎഎസും, ഐപിഎസും, ഐഎഫ്എസും പോലെയുള്ള വളരെ കാഠിന്യം നിറഞ്ഞ പരീക്ഷകളെ നേരിട്ടുകൊണ്ടാണ് ഇവർ നമ്മുടെ സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. ഭരണഘടനാ തത്വങ്ങളും, നിയമങ്ങളും കാണാതെ പഠിച്ച് അത് നടപ്പിലാക്കാൻ ആഗ്രഹമുള്ളവരായാണ് ഇവർ കടന്നു വരുന്നത്. രാജ്യത്തെ നന്നാക്കാൻ തന്നെയാണ് ഇവരിൽ മിക്കവർക്കും ആഗ്രഹം. ആ സ്വപ്നവുമായി കടന്നുവരുന്ന മിടുക്കന്‍മാർ പക്ഷെ പതിയെ കാര്യങ്ങൾ തിരിച്ചറിയുന്നു. ജനങ്ങളുടെ ക്ഷേമത്തിന് ഉപരിയായി ജനനേതാക്കൾ എന്നു പ്രഖ്യാപ്പിക്കപ്പെട്ടവരുടെ അടിമവേല ചെയ്യാൻ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവർക്ക് വഴിയെ മനസ്സിലാകുന്നു. അവരുടെ മുന്പിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ രാഷ്ട്രീയ മേലാളന്‍മാരുടെ ഒപ്പം നിന്നുകൊണ്ട് അവരുടെ ഇംഗിതങ്ങൾ നടത്തികൊടുത്ത് പ്രീതി നേടുക. ലഭിക്കാവുന്ന എല്ലാ ഉയരങ്ങളും എത്തിപിടിക്കുക. അല്ലെങ്കിൽ സർക്കാർ സംവിധാനത്തിലെ പുഴുക്കുത്തുകൾക്കെതിരെ പൊരുതി ധീര രക്തസാക്ഷിയാകുക. ഇതല്ലാതെ വളരെ അപൂർവ്വം പേർക്ക് മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഇപ്പോഴും ഇലക്ഷൻ കമ്മീഷണർ എന്ന സ്ഥാനത്തെ പറ്റി കേൾക്കുന്പോൾ മനസ്സിൽ ഒരേ ഒരു ടിഎൻ ശേഷനാണ് കടന്നുവരുന്നത്.
സമീപകാലത്ത് സമാനമായ രീതിയിൽ കേരള സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കിയ വ്യക്തിയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. തന്നെ ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെടുന്പോൾ പൊതുസമൂഹത്തിന് മുന്പ് സൂചിപ്പിച്ച കാര്യങ്ങൾ വീണ്ടുമുറപ്പിക്കേണ്ടി വരുന്നു. ഇതുവരെ കണ്ടതിനേക്കാൾ വലിയതെന്തോ വരാനുണ്ടെന്ന വിശ്വാസം തന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഈ രാജി ആവശ്യത്തിന് പിന്നിൽ. ഇപി ജയരാജന്റെ രാജിയോടെയായിരിക്കണം അദ്ദേഹത്തിന് ഈ ഒരു തോന്നൽ ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉചിതമായ തീരുമാനം ഈ ഒരു കാര്യത്തിലും ഉണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ...