ദ്രാവിഡ ലോകത്തെ അഗ്നിപർവ്വതങ്ങൾ...


നമ്മുടെ അയൽ‍സംസ്ഥാനമായ തമിഴ്നാട് ഇപ്പോൾ‍ പോയിക്കൊണ്ടിരിക്കുന്നത് വലിയൊരു പ്രതിസന്ധിയിലൂടെയാണ്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത് മുതൽ‍ മുഖ്യമന്ത്രിയായ പുരൈട്ചി തലൈവി ജയലളിതയുടെ ആരോഗ്യത്തെ പറ്റി ആശങ്കപ്പെടുത്തുന്ന തരത്തിൽ‍ നിരവധി വാർ‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  സ്ഥിതി ഏതായാലും ശരി,  അത്ര പെട്ടന്ന് ശ്രീമതി ജയലളിത അധികാരകസേരയിലേയ്ക്ക് തിരിച്ചെത്തുമെന്ന് കരുതാനാകില്ല. ഇതുണ്ടാകുന്ന ഭരണ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും രൂക്ഷമാണ്. 

തമിഴ്നാടിന്റെ രാഷ്ട്രീയം കുറേ കാലമായി തികച്ചും ഏകാധിപത്യത്തിന്റെതാണ്. ഒരു നാടുവാഴി ഭരണമാണ് അവിടെ നിലനിൽ‍ക്കുന്നത്. ശരിയായ അർ‍ത്ഥത്തിൽ‍ തന്നെ നാട് വാഴുന്നത് കൊണ്ട് തന്റെ നാട് ഏറ്റവും നന്നാക്കാൻ‍ അതാത് സമയത്തെ ഭരണാധികാരികൾ‍ ശ്രദ്ധിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും, ജനക്ഷേമ പ്രവർ‍ത്തനങ്ങളിലും ജയലളിത സർ‍ക്കാർ‍ മികച്ച പ്രവർ‍ത്തനങ്ങൾ‍ നടത്തുന്നതായി അവിടെ വസിക്കുന്ന മലയാളികളടക്കമുള്ളവർ‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമായ തമിഴ്നാട്ടിൽ‍ ഏകാധിപത്യ ഭരണം നടക്കുന്പോൾ‍ ഏകാധിപതിക്ക് ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ‍ വരെ ആ നാടിന്റെ അവസ്ഥയെ വല്ലാതെ ബാധിക്കുന്നു എന്നു വേണം മനസിലാക്കാൻ‍. രാജാധിപത്യത്തിലേത് പോലെ ശരിയായൊരു പിൻ‍തലമുറയെ ഉണ്ടാക്കിയെടുക്കാനും ശ്രീമതി ജയലളിത ശ്രമിച്ചിട്ടില്ല. 

ദ്രാവിഡരാഷ്ട്രീയത്തിന്റെ കളിയരങ്ങായ തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ‍ അനവധി കണ്ടവരാണ് നമ്മൾ‍. വ്യക്തികേന്ദ്രീകരണമായ ഭരണത്തെ ഇഷ്ടപ്പെടുന്ന തമിഴ് സമൂഹം താരാരാധനയുടെയും വിളനിലമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും വികാരം വിചാരത്തെ മറികടക്കുന്ന അവസ്ഥയും ഇവിടെ നിലനിൽ‍ക്കുന്നു. ദൈവത്തെ പോലെ ആരാധിക്കുന്ന നേതാക്കൾ‍ക്കും സിനിമാ താരങ്ങൾ‍ക്കും ചെറിയ അസുഖം വന്നാൽ‍ പോലും സ്വന്തം ജീവൻ‍ വരെ ബലി കൊടുക്കാൻ‍ തീരുമാനിക്കുന്ന നിഷ്കളങ്കരായ ഒരു സമൂഹം ഇവിടെയുണ്ട്. അതാണ് തമിഴ്നാടിനെ സ്നേഹിക്കുന്നരെ ഇന്ന് ഏറ്റവുമധികം ഭയപ്പെടുത്തുന്നതും. 

മുഖ്യമന്ത്രി ഐസിയുവിലും, പ്രതിപക്ഷം വീൽ‍ച്ചെയറിലുമെന്ന് പൊതുസമൂഹം തമിഴ്നാടിന്റെ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്പോൾ‍ ആശങ്കയിൽ‍ ആകേണ്ടത് ചെന്നൈ പോലെയുള്ള മഹാനഗരത്തിൽ‍ ജീവിക്കുന്ന മലയാളികൾ‍ അടക്കമുള്ളവർ തന്നെ.

You might also like

Most Viewed