പണ്ഡിറ്റ് എന്ന പാഠപുസ്തകം
ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എനിക്കേറെ ഇഷ്ടമുള്ള വ്യക്തിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ അതുകൊണ്ട് തന്നെ ഏറെ താത്പര്യത്തോടെ നോക്കി കാണുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ പറ്റി മറ്റ് സിനിമാതാരങ്ങളെ എന്ന പോലെ ചൂഴ്ന്ന് അന്വേഷിക്കാൻ താത്പര്യമില്ലാത്തതുകൊണ്ട് തന്നെ അത് ചെയ്യാറില്ല. സമീപകാലത്ത് ഒരു ടിവിഷോയിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം വീണ്ടും സജീവമായിരിക്കുന്നത്. ആ ഷോയിൽ സിനിമകളിൽ എപ്പോഴെങ്കിലും തല കാണിക്കുന്ന ചിലർ ചേർന്ന് ഒന്നിച്ചിരുന്നു പണ്‍ധിറ്റിനെ അക്രമിക്കുന്നതും അതിനെ അദ്ദേഹം മനോഹരമായി പ്രതിരോധിക്കുന്നതും നമ്മൾ കണ്ടു. അതിനെ തുടർന്ന് പല മാധ്യമങ്ങളിലും ഇദ്ദേഹത്തെ പറ്റി ചർച്ചകൾ നടത്തിവരികയാണ്.
മനുഷ്യന്റെ പ്രത്യേകിച്ച് നമ്മൾ മലയാളികളുടെ പരദൂഷണ പ്രവണത പരമാവധി മുതലെടുത്തു കൊണ്ടാണ് നെഗറ്റീവ് പോപ്പുലാരിറ്റിയിലൂടെ പണ്ഡിറ്റ് ശ്രദ്ധേയനായത്. മൂന്നുപേർ ഒന്നിച്ചിരിക്കുന്പോൾ പരസ്പരം പ്രശംസിക്കുമെങ്കിലും അതിൽ ഒരാൾ മാറിനിന്നാൽ പരസ്പരം അയാളെ കുറ്റം പറയാൻ താത്പര്യമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. അതിലൊരു ആത്മസുഖവും നമ്മൾ കണ്ടെത്തുന്നു. അതോടൊപ്പം വളരെ ഉയർന്ന അളവിലാണ് നമുക്കൊക്കെ വിമർശന ബുദ്ധിയുള്ളത്. അതുകൊണ്ടാണ് പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ചാരുകസേരയിൽ ചാഞ്ഞിരിക്കുന്പോൾ പോലും ലോകമെന്പാടും നടക്കുന്ന കാര്യങ്ങളെ കീറിമുറിച്ച് വിമർശിക്കാൻ നമുക്ക് സാധിക്കുന്നത്. ഈ ഒരു സാധ്യതയെയാണ് പണ്ഡിറ്റ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതൊടൊപ്പം അപാരമായ ധൈര്യവും, ആത്മവിശ്വാസവും അദ്ദേഹത്തെ മുന്പോട്ട് നയിക്കുന്നു. ഏതൊരു സൂപ്പർ താരത്തോടും കിടപിടിക്കാൻ തനിക്ക് സാധിക്കുമെന്ന് സ്വയം വിശ്വസിക്കുവാനും അതു പോലെ പ്രവർത്തിക്കുവാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. കൂടാതെ പൊതുപരിപാടികളിൽ വരുന്പോൾ തന്നെ കാണാനെത്തുന്നവർക്ക് മുന്പിൽ ഒരു വിനോദോപാധിയായി മാറാനും മുന്പിലിരിക്കുന്നവരെ എക്സൈറ്റ് ചെയ്യിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നു. താൻ ചെയ്യുന്ന ജോലിയെ പറ്റി നല്ല ബോധമുള്ളയാളാണ് ശ്രീ പണ്ഡിറ്റ് എന്നാണ് എന്റെ അഭിപ്രായം. പ്രേക്ഷകന് വിനോദം പ്രദാനം ചെയ്യുക എന്നതാണ് തന്റെ അടിസ്ഥാന കർത്തവ്യം എന്ന് തിരിച്ചറിഞ്ഞ് സ്വയം ഒരു ഉത്പന്നമായി മാറുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. തന്റെ കഴിവുകളെയും കഴിവുകേടുകളെയും ഏറ്റവുമധികം മനസ്സിലാക്കികൊണ്ട് അതിനെ മാർക്കറ്റ് ചെയ്യാനും അതിൽ നിന്ന് ജീവിത വരുമാനം കണ്ടെത്താനും അദ്ദേഹത്തിന് സാധിക്കുന്നു. അതോടൊപ്പം ചെയ്യുന്ന ജോലിയിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. മറ്റുള്ളവർക്ക് എന്ത് തോന്നും എന്നത് അദ്ദേഹത്തിനെ ചിന്താകുലനാക്കുന്നില്ല. വളരെ ഫോക്കസ്ഡ് ആയി, ലക്ഷ്യബോധത്തോടെ ജീവിതത്തെ മുന്പോട്ട് നയിക്കുന്ന ഈ വ്യക്തിയിൽ നിന്ന് അതുകൊണ്ട് തന്നെ ഏറെ പഠിക്കാനുണ്ട്.
മനുഷ്യനെക്കാൾ എത്രയോ വലിയ ജീവിയാണ് ആന. ആനയെ ആറടി ഉയരമുള്ള മനുഷ്യൻ അടക്കി നിർത്തുന്നത് വെറുമൊരു കന്പിന്റെ ബലത്തിലാണ്. ആ കന്പ് കാണിച്ചാൽ പറയുന്നതൊക്കെ ആന കേൾക്കുമെന്ന വിശ്വസത്തിലാണ് പാപ്പാൻ അതിനെ നടത്തിക്കുന്നതും ജോലി ചെയ്യിക്കുന്നതും. അതുപോലെ ഈ ലോകം ചെറുതല്ലെന്നും, വളരെ വിശാലമാണെന്നും ഒരു നിമിഷമെങ്കിലും ആലോചിക്കുകയാണെങ്കിൽ ഒരു മനുഷ്യനും ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പലതരം കെട്ടുപാടുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്പോഴാണ് ഒടുവിൽ പലർക്കും കെട്ടിതൂങ്ങേണ്ടി വരുന്നത്. ചെറുതായി ഒന്ന് കാലിടറിയാൽ പോലും ജീവിതം ഇല്ലാതായെന്ന് വിലപിക്കുന്നവരാണ് മിക്കവരും. അതേസമയം ഇടറി വീണ കാൽ മുന്പോട്ട് വെച്ച് ഓടാൻ തീരുമാനിച്ചാൽ, തന്റെ കൈയിൽ വിലയേറിയ ജീവിതം ബാക്കിയുണ്ടെന്ന് ചിന്തിച്ചു കഴിഞ്ഞാൽ ഈ ലോകം തീർച്ചയായും ഏറെ മനോഹരമാകും, സന്തോഷപ്രദമാകും. തീർച്ച...