ഇതു ജയരാജി


കേരള രാഷ്ട്രീയത്തിൽ ഒരാഴ്ചയായി അരങ്ങേറുന്ന നാടകങ്ങൾക്ക് വിരാമം ഉണ്ടായിരിക്കുന്നു. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ശ്രീ ഇ.പി ജയരാജൻ രാജി വെച്ചിരിക്കുന്നു. വലിയ തിരുത്തൽ പ്രക്രിയ ആയിട്ടു വേണം ഇതിനെ നോക്കി കാണാൻ.  അഴിമതിക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുന്ന ഒരു ഗവൺമെന്റ് ആയി പിണറായി വിജയൻ സർക്കാരിനെ വിലയിരുത്താനും ഈ നടപടി കാരണമാകും. കഴിഞ്ഞ സർക്കാർ ഏറ്റവും അധികം ആടി ഉലഞ്ഞത് അഴിമതി ആരോപണങ്ങൾ കാരണമാണ്. യഥാസമയത്ത് വേണ്ട നടപടികൾ എടുക്കാതിരുന്നതാണ് ഇവർക്കെതിരെ ജനരോഷം ഉയരാൻ കാരണമായത്.

ജനാധിപത്യ വ്യവസ്ഥിതിയിൽ ഏറ്റവും കുറഞ്ഞത് അഞ്ചു വർഷത്തിലൊരിക്കൽ ജനങ്ങളുടെ മുന്പിൽ വോട്ടിനു വേണ്ടി കൈ നീട്ടാൻ വിധിക്കപ്പെട്ടവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ. ഇന്ന് കാര്യങ്ങൾ കുറെകൂടി വ്യക്തമാണ്. ആർക്കും ഒന്നുംതന്നെ അധികം കാലം ഒളിപ്പിച്ചു വെയ്ക്കാൻ സാധ്യമല്ല. അത് മനസ്സിലാക്കി തന്നെയാകണം ഇപ്പോഴത്തെ സർക്കാർ മുന്നോട്ടു പോകേണ്ടത്. ഒരു വ്യക്തി ആയാലും, പ്രസ്ഥാനമായാലും, ഗവൺമെന്റ് ആയാലും അഴിമതി, കെടുകാര്യസ്ഥത, ഉത്തരവാദിത്വമില്ലായ്‌മ, നിഷ്‌ക്രിയത്വം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരാജയത്തിന് വഴി വെയ്ക്കും. ചെറിയൊരു സുഷിരം പോലും വലിയ കപ്പലുകളെ മുക്കി കളയുമെന്ന് ഓർക്കുന്നതും നല്ലത്.

ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയതു വളരെ ഏറെ പ്രതീക്ഷകൾ വെച്ച് കൊണ്ട് തന്നെയാണ്. അല്ലാതെ അഞ്ചു വർഷം കൂടുന്പോൾ ബാറ്റൺ കൈമാറാൻ മാത്രമല്ല. നമ്മുടെ നാട് ഏറ്റവുമധികം പ്രതിസന്ധികളിലൂടെ കടന്നു പോകാൻ സാധ്യതയുള്ള കാലമാണ് ഇനി വരാൻ പോകുന്നത്. സംസ്ഥാനത്തിന്റെ പ്രധാന സാന്പത്തിക സ്രോതസായ ഗൾഫ് മലയാളികളുടെ വലിയ തോതിലുള്ള തിരിച്ചുവരവ് കേരളത്തിനെ അടിമുടി ക്ഷീണിപ്പിക്കും എന്ന് ഉറപ്പാണ്. ഇതുവരെ ആയിട്ടും നമ്മുടെ സർക്കാർ ഇതേ പറ്റി ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇങ്ങനെ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രശ്നങ്ങളിലേയ്ക്ക് തിരിച്ചു വരാനും, പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാനും ഈ സർക്കാരിന് കഴിയട്ടെ. ശ്രി അയ്യപ്പ പണിക്കർ അധികാര സൗരഭം എന്ന കവിതയിൽ കുറിച്ചിട്ട ഈ വരികളും ഇന്നേറെ പ്രസക്തം തന്നെ.

 

“അധികാരത്തിന്റെ പടിയെങ്ങാൻ കണ്ടാൽ

അതിലൊന്ന് കയറി നിരങ്ങാൻ തോന്നും

അതിലൊന്ന് കേറി നിരങ്ങുന്പോൾ തോന്നും

അടിയാരെകൊണ്ട് പുറം ചൊറിയിക്കാൻ

ചൊറിയേറ്റു സുഖിച്ചിരിക്കുന്പോൾ

തെറി പറയുവാൻ ചെറുകൊതി തോന്നും.

വയറിൽ വായിലും തെറി നിറയുന്പോൾ

പലരുടെ മേലും എറിയുവാൻ തോന്നും

അധികാരത്തിന്റെ കഥകളിങ്ങനെ

വഴിനീളെ പൊട്ടിയൊലിച്ചു നാറുന്നു”

You might also like

Most Viewed