തിരിച്ചറിയേണ്ടത് ഭ്രാന്തൻമാരെ


കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ‍ പറഞ്ഞിട്ട് വർ‍ഷങ്ങളായിരിക്കുന്നു. ഇത്രയും കാലമായിട്ട് പ്രത്യേകിച്ച് ഒരു മാറ്റവും നമ്മുടെ നാടിനുണ്ടായിട്ടില്ലെന്ന് അവിടെ അരങ്ങേറുന്ന ഓരോ സംഭവവും നമ്മോട് തന്നെ വിളിച്ചുപറയുന്നു. രാഷ്ട്രീയവും, മതവും ലോക നന്മക്കെന്നാണ് വെപ്പെങ്കിലും നമ്മുടെ നാട്ടിൽ ഇത് രണ്ടും അക്രമത്തിനും, കൊലപാതകങ്ങൾ‍ക്കും വഴിവെയ്ക്കുന്ന കാര്യങ്ങളാണ്. സമീപകാലത്ത് അതിന്റെ വ്യാപ്തിയും ഏറെ വർ‍ദ്ധിച്ചിരിക്കുന്നു. പല തരത്തിലുള്ള ഭ്രാന്തൻമാർ നമ്മുടെ നാട്ടിൽ തലപൊക്കുന്പോഴൊക്കെ പുരോഗമന ആശയക്കാരായ നല്ല മനസ്സുകൾ കേരളത്തിന്റെ സാംസ്കാരികമായ ഇത്തരം അപചയങ്ങളെ തിരുത്തിവരുന്ന പ്രക്രിയ നമ്മുടെ നാട്ടിൽ സജീവമായി മുന്പ് നടന്നിരുന്നു. ആരെയും ഭയക്കാതെ അവർ കാര്യങ്ങൾ വെട്ടിതുറന്ന് പറയുന്നവരായിരുന്നു. അവരുടെ വാക്കുകളെ പൊതുസമൂഹം നെഞ്ചേറ്റിയിരുന്നു. സുകുമാർ അഴീക്കോടും, എംഎൻ‍ വിജയൻ‍ മാഷും, ജസ്റ്റിസ് കൃഷ്ണയ്യരുമൊക്കെ ഉദാഹരണം. ഇന്ന് അത്തരം മനുഷ്യർ നമ്മുടെ ഇടയിൽ തീരെ ഇല്ല. കാന്പുള്ള അഭിപ്രായം പറയുന്ന ഒരു നല്ല സാംസ്കാരിക നായകനെ പോലും ചൂണ്ടികാണിക്കുവാൻ‍ നമുക്ക് സാധിക്കില്ല. ഉള്ളതൊക്കെ ഏതെങ്കിലും വിഭാഗത്തിന്റെ വാലിൽ കെട്ടിയിടപ്പെട്ടവർ‍. നട്ടെല്ല് ഊരി ചാക്കിലാക്കി ആർ‍ക്കും വിൽ‍ക്കുന്നവർ‍. അവർ ഒന്നുകിൽ സ്വയം വായ മൂടികെട്ടുന്നു, അല്ലെങ്കിൽ ആരെങ്കിലും നിർ‍ബന്ധിച്ച് അവരുടെ വായിൽ തുണിതിരുകി കയറ്റുന്നു.

നമ്മുടെ നാട്ടിൽ പ്രവർ‍ത്തിക്കുന്ന മിക്ക മാധ്യമങ്ങളും ഇന്ന് ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ ജിഹ്വയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. ശക്തമായ സ്ഥാപിത നിലപാടുകൾ, ലക്ഷ്യങ്ങൾ ഉള്ളവരാണ് മിക്കവരും. മതവും, രാഷ്ട്രീയവും തന്നെയാണ് ഇവരിൽ‍ മിക്കവരെയും നയിക്കുന്ന കാര്യങ്ങൾ‍. തങ്ങളുടെ ആശയസംഹിതകൾ‍ പ്രചരിപ്പിക്കുന്നതിനോടൊപ്പം നിഷ്പക്ഷത വളരെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും ഇവരിൽ മിക്കവർ‍ക്കും സാധിക്കുന്നു. സാംസ്കാരിക നായകരും, സാഹിത്യകാരന്‍മാരും വളരെ എളുപ്പത്തിൽ‍ വീണു പോകുന്ന ചക്കരകുടമാണ് ഇത്തരം മാധ്യമങ്ങൾ‍. അവർ‍ നീട്ടുന്ന അവാർ‍ഡുകളിലും, എഴുതാൻ‍ അനുവദിക്കുന്ന കോളങ്ങളിലും, പാവം സാഹിത്യ സാംസ്കാരിക നായകർ‍ വളരെ പെട്ടന്ന് വീണുപോകുന്നു. മനുഷ്യർ‍ക്കിടയിൽ നന്മയും സമഭാവനയും പടർ‍ത്തേണ്ടവരെ തങ്ങളുടെ ആലയത്തിൽ പിടിച്ച് തളച്ചു കഴിഞ്ഞാൽ ഏതൊരു മാധ്യമത്തിന്റെയും പിന്നിലുള്ള  പ്രസ്ഥാനങ്ങൾ‍ക്ക് കാര്യങ്ങൾ വളരെ എളുപ്പമാകുന്നു. തങ്ങളുടെ ചരടുകളിൽ ആവശ്യം പോലെ കെട്ടി വലിക്കാൻ‍ പാകത്തിൽ ആ നല്ല മസ്തിഷ്കങ്ങളെ അവർ‍ പാകപ്പെടുത്തി എടുക്കുന്നു. ആട്ടിൻ‍തോൽ പുതച്ച ഈ ചെന്നായ്ക്കളെ തിരിച്ചറിയാൻ‍ സാധിക്കാത്ത നമ്മുടെ ഈ വർ‍ത്തമാനകാലം മാറേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മുടെ മനസിന് സ്വസ്ഥതയുണ്ടാകില്ല എന്ന കാര്യം ഉറപ്പ്. 

കലവറയില്ലാതെ വായിച്ചും, ചിന്തിച്ചും, പരസ്പരം മനസ് പങ്ക് വെച്ചും ഉണ്ടാക്കിയെടുക്കുന്ന സ്നേഹവും, മമതയും, നന്മയും മതത്തിന്റെയും, ജാതിയുടെയും, രാഷ്ട്രീയത്തിന്റെയും അതിർ‍വരന്പുകളില്ലാതെ മനുഷ്യമനസ്സുകളിലേയ്ക്ക് എത്തിക്കാൻ‍ സാധിക്കുന്ന ഒരു നവയുഗമനുഷ്യനെയാണ് ഇന്നത്തെ കേരളത്തിന് ആവശ്യം. അന്ധകാരത്തിന്റെ ഈ കാലത്ത് വെളിച്ചം വിതറാൻ‍ ഒരാൾ കടന്നുവരുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed