ഇത് രാഷ്ട്രീയമല്ല, ഭീകരത
ഉണർന്ന് എഴുന്നേൽക്കുന്പോൾ ഉടലിൽ തലയുണ്ടാകുമെന്ന ഉറപ്പില്ലാതെ ഉറങ്ങേണ്ടി വന്നാൽ ഏതൊരു നാടും ആരെയും ഭയപ്പെടുന്ന പ്രദേശമാകുന്നു. ആറ്റംബോംബുകൾ മാത്രമല്ല മുറിവേൽപ്പിക്കാൻ പറ്റുന്ന വാക്കുകൾ പോലും സാധാരണക്കാരനെ ഭയപ്പെടുത്തുന്നു. 2016 ഒക്ടോബർ മാസം പകുതിയെത്തുന്പോഴേയ്ക്കും എന്റെ നാടായ കണ്ണൂരിൽ ഇന്ന് രാവിലെയുണ്ടായ കൊലപാതകമടക്കം എട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ഈ വർഷം ഉണ്ടായിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങൾ എന്തു തന്നെ ആയിക്കോട്ടെ, അത് വളർത്താൻ മനുഷ്യ രക്തം ബലി നൽകണമെന്ന ചിന്തയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ നൂറ് ശതമാനം സാക്ഷരത നേടിയെന്ന് പറയുന്ന ഓരോ മലയാളിയും ഇന്ന് അപമാനം കൊണ്ട് തലകുനിക്കാൻ വിധിക്കപ്പെട്ടവരാണ്.
ലോകമെന്പാടും നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ പറ്റി ഓരോ നിമിഷവും ഓൺലൈനായും ഓഫ് ലൈനായും അപലപിക്കുന്നവരാണ് നമ്മൾ. സിറിയയിലും, അഫ്ഗാനിലും നടക്കുന്ന കൂട്ടകുരുതികളെ ചൂണ്ടി കാണിച്ച് നമ്മുടെ നാട് എത്ര മനോഹരമെന്ന് ആശ്വസിക്കാറുമുണ്ട്. എന്നാൽ അതിൽ ഒരു കാര്യവുമില്ലെന്ന് ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മോട് വിളിച്ചു പറയുന്നു. അത്തരത്തിൽ നമ്മുടെ നാട്ടിൽ നടക്കുന്ന ഈ രാഷ്ട്രീയ കൊലപാതകളും ഭീകരപ്രവർത്തനം തന്നെയാണ്. ചരട് വലിക്കുന്നവർ ഭീകരപ്രവർത്തകരുമാണ്.
കഴിഞ്ഞ ഒരാഴ്ച്ച ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഏറ്റ ചില വിമർശനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ കാര്യങ്ങളാണ്. അങ്ങിനെയൊരു പശ്ചാത്തലത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയകൊലപാതകങ്ങൾ ആരുടെയെങ്കിലും നിർദേശമനുസരിച്ചാണോ നടക്കുന്നതെന്ന് സംശയിച്ചാൽ പോലും കുറ്റം പറയാൻ പറ്റില്ല. രാഷ്ട്രീയ മേലാളന്‍മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് തുള്ളാൻ തയ്യാറെടുക്കുന്ന പാവപ്പെട്ട ഒരു ജനസമൂഹം ഇവിടെയുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം.
വെറുപ്പിന്റെ പ്രത്യയശാസ്ത്രം പരസ്പരം പ്രചരിപ്പിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ഉന്നത നേതാക്കൾ നല്ല സൗഹൃദത്തിലാണ്. അവരൊക്കെ പരസ്പരം ഒത്തുകൂടുകയും സ്നേഹം പങ്കിടുന്നവരുമാണ്. ഇവരെ നേതാക്കാളായി വാഴിക്കാൻ കഷ്ടപ്പെടുന്ന പാവം അണികൾക്ക് മാത്രം തിരികെ ലഭിക്കുന്നത് കഴുത്തിലൊരു വെട്ടോ, ജയിലോ, അതുമല്ലെങ്കിൽ ജീവിതം മുഴുവൻ കുടിച്ചുതീർക്കാൻ കണ്ണീരോ ആണ്. കണ്ണൂരിലെ കണ്ണീരിന് ശമനമുണ്ടാക്കണമെങ്കിൽ ഇന്ന് നാട് ഭരിക്കുന്നവർ തന്നെ മുൻകൈയെടുക്കണം. ആര് ആരെ കൊന്നാലും, വേദനിപ്പിച്ചാലും അവർക്ക് കർശനമായ ശിക്ഷ വാങ്ങി കൊടുക്കാൻ ഇച്ഛാശക്തി കാണിക്കാത്തിടത്തോളം കാലം ഈ കൊലപാതകങ്ങൾ ഇനിയും നിറഞ്ഞാടും. അതോടൊപ്പം നഷ്ടപ്പെടുന്നത് തങ്ങൾക്ക് മാത്രമാണെന്ന് സാധാരണക്കാരായ ചാവേറുകൾ മനസ്സിലാക്കാത്ത കാലത്തോളം കണ്ണൂരിലെ കണ്ണീർ ഉണങ്ങില്ല, തീർച്ച..