സിഗ്നലുകളെ സൂക്ഷിക്കുക...
വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ശനി ഷിഗ്നാപൂർ എന്ന സ്ഥലത്തുള്ള ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവിടെ സാമ്പത്തിക സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകളും, വീടുകളും വാതിലുകളില്ലാതെ നിർമ്മിച്ചിരിക്കുന്നത് കണ്ടപ്പോൾ വലിയ അതിശയം തോന്നി. മോഷണം നടത്തിയാൽ വലിയ ദുരിതങ്ങൾ മോഷ്ടാക്കളെ തേടിയെത്തും എന്ന വിശ്വാസമാണ് അവിടെയുള്ളവരുടെ ധൈര്യം. ഇന്നും സമാനമായ രീതിയിൽ തന്നെയാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്. സമീപകാലത്ത് സ്ത്രീകളുടെ പ്രവേശനവമുമായി ബന്ധപ്പെട്ട് ഇവിടെയുള്ള ക്ഷേത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
മോഷണം എന്നത് വലിയ കലയാണെന്ന് കുപ്രശസ്തരായ മോഷ്ടാക്കൾ സമ്മതിക്കുന്ന കാര്യമാണ്. അടച്ചുറപ്പുള്ളതോ, അല്ലാത്തതോ ആയ ഇടങ്ങളിൽ നിന്ന് സന്പത്ത് മുതൽ എന്തും അതിന്റെ ഉടമസ്ഥന്റെ അറിവോടെയോ സമതത്തോടെയോ അല്ലാതെ എടുത്തുകൊണ്ടുപോകുന്പോൾ അതിനെ മോഷണമെന്ന് പറയാം. അറിഞ്ഞ് കൊടുക്കുന്നതിനെ ദാനമെന്നും, അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാത്തതിനെ പറ്റിക്കപ്പെടല്ലെന്നും വിളിക്കാം. വ്യക്തിയായാലും, വീടായാലും മോഷണം, ദാനം, പറ്റിക്കപ്പെടൽ എന്നിവ എവിടെയും നടക്കാം. മോഷണം മാത്രം ഇരുട്ടിന്റെ മറവിൽ നടക്കുന്പോൾ മറ്റ് രണ്ടും അത്യാവശ്യം പകൽ വെളിച്ചത്തിൽ തന്നെ നടക്കുന്നു.
ബഹ്റിൻ എന്ന രാജ്യത്ത് സമീപകാലത്തായി മോഷണങ്ങൾ വളരെയധികമാണ്. വൈകുന്നേരങ്ങളിലാണ് മിക്ക മോഷണങ്ങളും നടക്കുന്നത്. വീട്ടുടമകളുടെ അനാസ്ഥയാണ് പലപ്പോഴും മോഷണങ്ങൾക്ക് വഴിയൊരുക്കുന്നത്. ഫോർ പി.എം പത്രം ഇന്ന് ബഹ്റിനിൽ ഏറ്റവുമധികം വായനക്കാരുള്ള പത്രമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ സർക്കുലേഷൻ വിഭാഗത്തിൽ നിലയ്ക്കാത്ത ഫോൺ കോളുകളും വരാറുണ്ട്. അവധിക്കായി നാട്ടിൽ പോകുന്പോൾ പലരും ഈ വിവരം ഞങ്ങളുടെ സർക്കുലേഷൻ വിഭാഗത്തോട് പറയാറില്ല. ഒരാഴ്ച്ചയോളം പത്രം അവരുടെ ഫ്ളാറ്റിൽ കിടക്കുന്പോഴാണ് ഞങ്ങളുടെ വിതരണക്കാർ അക്കാര്യം ഓഫീസിൽ അറിയിക്കുന്നതും, പിന്നീട് താത്കാലികമായി പത്രം നിർത്തിവെയ്ക്കുന്നതും. ഇതിന്റെ പ്രധാന കാരണം ഒരു ഫ്ളാറ്റിന്റെ വാതിൽക്കൽ പത്രം കുന്നുകൂടി കിടക്കുന്പോൾ അത് മോഷ്ടാക്കൾക്കോ ആ മനസ് വെച്ചുപുലർത്തുവർക്കോ പച്ച സിഗ്നൽ നൽകുന്നതിന് സമാനമാണ്. പലപ്പോഴും ഇങ്ങിനെ ചെയ്യുന്പോൾ പ്രിയ വായനക്കാർ ഞങ്ങളെ വിളിച്ച് രോക്ഷം പ്രകടിപ്പാക്കാറുണ്ട്. പിന്നീട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്പോൾ അവർ തണുക്കും.
ഇങ്ങിനെ വീട് പൂട്ടി പുറത്തേയ്ക്ക് പോകുന്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സെക്യൂരിറ്റിയൊക്കെയുള്ള ഫ്ളാറ്റുകളിൽ പോലും മോഷണങ്ങൾ തകൃതിയാണ്. മിക്കതും പലരും പറയാറില്ലെന്ന് മാത്രം. ചെയ്യാൻ സാധിക്കുന്നത് സെക്യൂരിറ്റി ക്യാമറകൾ വെച്ച് മൊബൈൽ ഫോണിലൂടെ നിരീക്ഷിക്കുക എന്നതാണ്. കുറച്ച് കഴിയുന്പോൾ അതിനും മോഷ്ടാക്കൾ എന്തെങ്കിലും പ്രതിവിധി കണ്ടുപിടിക്കുമായിരിക്കും. എങ്കിലും അത്രയും നാൾ ജാഗ്രതൈ.