വേണ്ട ആശ്രിത വാത്സല്യം...
കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് നാളുകൾ വളരെയധികം ആയിട്ടില്ല. എല്ലാം ശരിയാക്കും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ ചേർന്ന് ശ്രീ. പിണറായി വിജയനും ടീമിനും അധികാരത്തിന്റെ ബാറ്റൺ കൈമാറിയത്. ചെറിയ കാലയളവിനുള്ളിൽ കുറേ നല്ല കാര്യങ്ങൾ പ്രഖ്യാപിക്കാനും നടപ്പിലാക്കാനും ഈ ഗവൺമെന്റിന് സാധിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അതേ സമയം ചില ഇത്തിക്കണികൾ മുകൾതട്ട് മുതൽ പടർന്ന് പിടിക്കുന്നത് ഒരിക്കലും ആശാസ്യകരമല്ല.
“എന്റെ ആളുകൾ എന്നു പറഞ്ഞ് വരുന്നവരെ നിങ്ങൾ സൂക്ഷിക്കണമെന്ന്” മുഖ്യമന്ത്രി തന്റെ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞത് ഓർക്കട്ടെ. എന്നാൽ ഇന്ന് തന്റെ ചുറ്റും നടക്കുന്ന ചില കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ശ്രീ. പിണറായി തന്നെയാണെന്ന അവസ്ഥ സംജാതമായിരിക്കുന്നു.
രാഷ്ട്രീയക്കാർക്ക് അവരുടെ മക്കളോടും ബന്ധുക്കളോടുമൊന്നും സ്നേഹമുണ്ടാകരുതെന്ന് ഇവിടെ ആരും പറയില്ല. പക്ഷെ ഈ സ്നേഹം സാധാരണക്കാരനായ ഒരു പൗരന്റെ അവകാശങ്ങൾ തട്ടി പറിച്ചു കൊണ്ടാവരുത് രാഷ്ട്രീയക്കാരൻ തെളിയിക്കേണ്ടത്. ഇതിന് മുന്പും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇത്തരം ധാരാളം ബന്ധുക്കൾ കയറി കൂടിയ ചരിത്രം നമ്മുടെ മുന്പിലുണ്ട്. അവരെ തിരിച്ചറിഞ്ഞ് വേണ്ട തിരിച്ചടി കൊടുക്കാൻ ജനങ്ങൾക്കും സാധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് ഭരണത്തിലേറിയ സർക്കാർ ഈ രീതിയിൽ പ്രവർത്തിക്കാൻ പാടില്ല.
പൊതുമേഖല സ്ഥാപനങ്ങളുടെ മേലധികാരികളായി പ്രൊഫഷണലുകളെ നിയമിക്കുമെന്ന പ്രഖ്യാപനത്തിന്റെ നേർ വിപരീതമാണ് കഴിഞ്ഞ ദിവസം കേരള േസ്റ്ററ്റ് ഇൻഡസ്ട്രിയൽ എൻ്റർ പ്രെസിംഗ് മാനേജിംഗ് ഡയറക്ടർ തസ്തികയിൽ നടത്തിയ നിയമനം. തെറ്റായ സന്ദേശങ്ങളാണ് ഇത് നൽകുന്നത്.
ശ്രീമതി ടീച്ചർ എം.പിയുടെ മകനായത് കൊണ്ട് മാത്രം കേവലം ബിരുധധാരിയായ ഒരു വ്യക്തിയെ ഈ സ്ഥാനത്തേയ്ക്ക് പ്രതിഷ്ടിക്കുന്പോൾ ഇതിലും എത്രയോ അധികം പഠിച്ചവർ മണ്ടമാർ ആയി മാറുകയാണ്. നിയമനത്തെ തുടർന്നുണ്ടായ പ്രതിക്ഷേധങ്ങളെ കണക്കിലെടുത്ത് സർക്കാർ ഈ തീരുമാനം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ നാണക്കേട് കുറച്ചധികം കാലം പിന്തുടരുമെന്നത് തീർച്ച.
ആശ്രിത നിയമനങ്ങൾ നടത്താമെന്ന ഇത്തരം ചിന്തയെയാണ് ശ്രീ. പിണറായി വിജയൻ എന്ന ഭരണാധികാരി മുളയിലേ നുള്ളി കളയേണ്ടത്. മഹാഭൂരിപക്ഷമുള്ള ഒരു സർക്കാറിനെ നയിക്കുന്ന ശക്തനായ മുഖ്യമന്ത്രി എന്ന നിലയിൽ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളിൽ ആളുകളെ നിയമിക്കൂ എന്ന നിർബന്ധ ബുദ്ധി അദേഹം കാണിക്കുമെന്ന പ്രതീക്ഷയോടെ...