വേദനിപ്പിക്കുന്ന കാർ‍മേഘങ്ങൾ...


ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ലോകത്ത് മറ്റു പലരാജ്യങ്ങളിലും സഞ്ചരിക്കാൻ സാധിക്കുന്പോഴാണ് നമ്മുടെ രാജ്യത്തിന്റെ പ്രസക്തി തിരിച്ചറിയുന്നത്. ഇത്രമാത്രം വൈവിധ്യങ്ങൾ‍ നിറഞ്ഞ മറ്റൊരു ഭൂപ്രദേശം ഈ ലോകത്തില്ല. മനുഷ്യർ‍ തമ്മിൽ‍ പരസ്പരം ഉണ്ടാക്കിയ വിഭജനങ്ങൾ‍ കണക്കിലെടുത്താലും ഇതേ വൈവിധ്യം കാണാം. രണ്ട് പേർ‍ ഒന്നിച്ചു താമസിക്കുന്ന ഒരു ബാച്ചിലർ‍ മുറിയിൽ‍ പോലും അഭിപ്രായ വ്യത്യാസങ്ങൾ‍ രൂക്ഷമായിരിക്കാം എന്ന പോലെ 120 കോടി ജനത ഒന്നിച്ചു വസിക്കുന്ന ഒരു നാട്ടിൽ‍ തീർ‍ച്ചയായും പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ അതൊക്കെ പരസ്പരം പറഞ്ഞും പൊറുത്തും തീർ‍ത്ത് ഒന്നിച്ച് തന്നെ മുന്പോട്ട് പോകുന്പോഴാണ് അവിടെ സമാധാനം നിലനിൽ‍ക്കുന്നത്. പരസ്പരം ഉള്ള ഈ തിരിച്ചറിവിനെയാണ് സാഹോദര്യം എന്ന് വിളിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണെന്നും ഇവിടെയുള്ളവർ‍ എന്റെ സഹോദരീ സഹോദരന്‍മാരാണെന്നും ചെറുപ്പം മുതൽ‍ പലവുരി ഏറ്റുപറഞ്ഞിട്ടുള്ളവരാണ് നമ്മളൊക്കെ. സാഹോദര്യം എന്നൊരു വികാരം വളരെ പെട്ടന്ന് ഒരാളുടെ ഉള്ളിൽ‍ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല. ആ വികാരം നഷ്ടപ്പെട്ടവരാണ് ഏതൊരിടത്തും പ്രശ്നങ്ങൾ‍ സൃഷ്ടിക്കുന്നത്. അതു തന്നെയാണ് നമ്മുടെ രാജ്യത്തും അരങ്ങേറുന്നത്. 

ഇസ്ലാമിക് േസ്റ്ററ്റ് എന്ന സംഘടനയെ പറ്റി കേൾ‍ക്കാത്തവരായി ഇന്ന് ആരുമില്ല. മധ്യേഷയിൽ‍ അവർ‍ വിതച്ച തീവ്രവാദം ഇന്ന് ലോകത്ത് എല്ലായിടത്തും പടർ‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ വിത്തുകൾ‍ മുളപൊട്ടി തുടങ്ങിയിരിക്കുന്നു എന്നു വാർ‍ത്തകൾ‍ സൂചിപ്പിക്കുന്നു. കേരളത്തിലെ നാല് പ്രമുഖ വ്യക്തികളെ കൊല്ലുന്നത് മുതൽ‍ ജമാഅത്തെ ഇസ്ലാമി സമ്മേളനത്തിലേയ്ക്ക് ലോറി ഇടിച്ചു കയറ്റി കൂട്ടകൊല നടത്തുക വരെ അവരുടെ ലക്ഷ്യങ്ങളിൽ‍ പെട്ടിട്ടുണ്ടെന്നും റിപ്പോർ‍ട്ടുകൾ‍ പറയുന്നു. നമ്മുടെ നാട്ടിൽ‍ എല്ലാ വിഭാഗങ്ങളിലും വർ‍ദ്ധിച്ചു വരുന്ന മതപരമായ അസഹിഷ്ണുതയും അതെത്തുടർ‍ന്നുള്ള ചേരിപോരുകളും നിഷ്പക്ഷമതികൾ‍ക്ക് ഏറ്റവുമധികം വേദന നൽ‍കുന്ന കാലത്താണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ആശങ്കയുണ്ടാകുന്നതാണ്. സോഷ്യൽ‍ മീഡിയകളിൽ‍ പരസ്പരം ചാവേറാക്രമണം നടത്തുന്ന വിദ്വേഷ പ്രത്യയശാസ്ത്ര പ്രചാരകരെ നിയന്ത്രിക്കാനും, ഇത്തരം പ്രചരണങ്ങൾ‍ നടത്തുന്നവരെ തുറന്ന് എതിർ‍ക്കാനും ഇനിയെങ്കിലും നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയപാർ‍ട്ടികളും മനുഷ്യാവകാശ സംഘടനകളും, സാഹിത്യ നായകരും തയ്യാറാകേണ്ടതുണ്ട്. പാത്തും പതുങ്ങിയും ഇരുട്ടിന്റെ മറവിൽ‍ വന്ന് പക്വത പ്രാപിക്കാത്ത മനസുകളിൽ‍ മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നത് എത്രമാത്രം അപകടരകമാണെന്നത് തിരിച്ചറിയേണ്ടതുണ്ട്. അങ്ങിനെ ചെയ്താൽ‍ മാത്രമേ വരും കാലങ്ങളിൽ‍ സ്വസ്ഥമായി നമുക്കുറങ്ങാൻ സാധിക്കൂ. അല്ലെങ്കിൽ‍ ഇവിടെ ഉണ്ടാകാൻ പോകുന്നത് അസ്വസ്ഥതയുടെ കാർ‍മേഘപടലങ്ങളായിരിക്കും. 

പക്വതയുള്ളവരുടെ അഭാവം ജീവിതത്തിന്റെ സർവ്‍വമേഖലകളിലും ഇന്ന് ദൃശ്യമാണ്. അല്ലെങ്കിൽ അത്തരം ആളുകൾ അവരുടെ ഇടങ്ങളിൽ മിണ്ടാതെയിരിക്കുന്നു. ഇത് മാറണം, മാറിയില്ലെങ്കിൽ കാത്തിരിക്കുന്നത് ദുരന്തങ്ങളായിരിക്കും. ജാഗ്രതൈ...

You might also like

Most Viewed