പറയേണ്ടത് പറയേണ്ട സമയത്ത്...


പലരുടെയും ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ പരാജയപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നോ എന്ന് ഉറക്കെ പറയാനുള്ള ധൈര്യമില്ലായ്മയായിരിക്കുമെന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. ഏറെ കുറെ ഇത് ശരിയുമാണ്. നമുക്ക് ചുറ്റും എന്ത് തന്നെ സംഭവിച്ചാലും, നമ്മളെ വല്ലാതെ  ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കൂടി ആരെയും വേദനിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ, അല്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നുമെന്ന ചിന്തയോടെ അതൊക്കെ മൗനമായി അനുവദിച്ചു കൊടുത്താണ് മിക്കവരും പരാജയം ഏറ്റുവാങ്ങുന്നത്. ഒപ്പം ആത്മവിശ്വാസമില്ലായ്മയും നോ എന്ന് പറയാൻ നമ്മെ അനുവദിക്കില്ല. ഇങ്ങിനെ നമുക്ക് പറ്റാത്തത് പറ്റില്ല എന്നുറച്ചുപറയുന്നവർ ഇന്ന് വളരെക്കുറവാണ്. ഒടുവിൽ‍ തന്റെ കാലിനടിയിൽ നിന്ന് ഏറെ മണ്ണ് ഒലിച്ചുപോയതിന് ശേഷമാണ്  മുന്പ് യെസ് എന്ന വാക്ക് പറയേണ്ടി വന്നത് കൊണ്ട് അതിന് നൽകേണ്ടി വന്ന വില തിരിച്ചറിയുക. എല്ലാം പോയ് കഴിഞ്‍ഞതിന് ശേഷം പിന്നെ സങ്കടം പറച്ചിലുകൾ മാത്രമായിരിക്കും ബാക്കി. 

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹം ആരാണെന്നോ, എന്താണെന്നോ ഇനിയും പറഞ്ഞ് വിശദീകരിക്കേണ്ടതില്ല. അദ്ദേഹത്തെ പോലെ തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം എന്ന് നെഞ്ചുറപ്പോടെ പറയാൻ സാധിക്കുന്നവർ ഈ ഭൂമുഖത്ത് ഇന്ന് വളരെ ചുരുക്കമാണ്. അദ്ദേഹവും അദ്ദേഹത്തെ പോലെയുള്ള ആദരണീയരായ പല നേതാക്കളും  പലയിടങ്ങളിലും മനസുറപ്പോടെ പറ്റില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് കോടികണക്കിന് ജനത സ്വാതന്ത്ര്യം അനുഭവിക്കുന്നത്.  അന്ന് ബ്രിട്ടീഷ് കോളോണിയൽ ഭരണത്തോട് എവിടെയെങ്കിലും യെസ് പറഞ്ഞ് സമരസപ്പെട്ടിരുന്നുവെങ്കിൽ സ്വതന്ത്ര്യത്തിന്റെ സുഗന്ധം പരക്കാൻ പിന്നെയും കാലം ഏറെ എടുത്തേനെ. ഇതുപോലെ ലോകത്തിലെ പല വിപ്ലവങ്ങളും, ചരിത്ര സംഭവങ്ങളും ഒക്കെ ഈ ലോകത്ത് ഉണ്ടായതിന്റെ കാരണം അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതകളോടുള്ള  എതിർ‍പ്പുകൾ കൊണ്ടാണ്. ബോധ്യമെന്ന് തോന്നുന്ന കാര്യങ്ങളോട് നോ എന്ന് പറഞ്ഞാൽ അല്ലെങ്കിൽ  എതിർ‍പ്പിന്റെ സ്വരമുയർത്തിയാൽ ആദ്യമൊന്നും വിജയം കൂടെ വരണമെന്നില്ല. എന്നാൽ പറയുന്നയാളിന്റെ മുന്പിൽ ആ നോ വ്യത്യസ്തമായ പല വഴികളും വരച്ചിടുമെന്നുറപ്പാണ്. പിന്നീട് ആഹ്ലാദിക്കാൻ വക നൽകുന്ന പലതും അത്തരം വഴികളിൽ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. 

നമ്മുടെ ശാസ്ത്ര സാങ്കേതിക രംഗം പോലെ പല മേഖലകളും ഇതിനു തെളിവാണ്. ഓരോ തവണയും നമ്മുടെ മുന്പിൽ പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്പോൾ ഇതിനപ്പുറം ഇനിയൊന്നും വരാനില്ലെന്ന് തോന്നും. എന്നാൽ കുറേ കഴിയുന്പോൾ പുതിയ തിയറികളുമായി മറ്റൊരുകൂട്ടം ശാസ്ത്രജ്ഞർ കടന്നുവരുന്നു. അവർ കണ്ടെത്തുന്നത് പുതിയ വഴികളാണ്. പഴയതിനെ അതു പോലെ സ്വീകരിക്കാതെ പുതിയത് കണ്ടെത്തുകയാണ് അവർ. നമ്മുടെ വ്യവസ്ഥിതകളിൽ നിലനിനിന്നിരുന്ന പല ദുരാചാരങ്ങളും  മാറിയത് ആ കാലത്ത് ചിലരെങ്കിലും നോ പറഞ്ഞുതുടങ്ങിയപ്പോഴാണ്. കറുത്തവന്റെ മുകളിൽ അടിച്ചേൽ‍പ്പിച്ച അടിമ പണിയും, ഭർത്താവ് മരണപ്പെട്ടാൽ കൂടെ മരിക്കാൻ വിധിക്കപ്പെട്ട ഭാര്യയുടെ ദുരവസ്ഥ നിറഞ്ഞ സതിയുമൊക്കെ ഇതിന് ഉദാഹരണം. ഇന്നും എത്രയോ ദുരാചരങ്ങൾ ആരെങ്കിലും എതിർക്കാനായി മാത്രം നമ്മുടെ കൺമുന്പിലും അതു പോലെ തന്നെ ലോകത്തിന്റെ പലയിടങ്ങളിലും കാത്തിരിക്കുന്നു. 

ഒരാൾ ആരോടെങ്കിലും നോ എന്ന് മനസുറപ്പിച്ചു പറയുകയാണെങ്കിൽ അത് സ്വയം തന്നെ ചെയ്യുന്ന  ഏറ്റവും വലിയ ശരിയായിരിക്കും. പരമാവധി പരസ്പരം രക്തം ചൊരിയാതെ നോ പറയാൻ പഠിക്കണമെന്ന് മാത്രം. നോ പറയാൻ മാത്രമല്ല, നോ കേൾ‍ക്കാനും നമ്മൾ മനസ് കാണിക്കണം.  ഓരോരുത്തരുടെയും വീക്ഷണങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ ഒക്കെ പലതാകാം. അതൊക്കെ കേൾക്കാനും മനസിലാക്കാനുമുള്ള വിശാലമായ മനസ് ഉണ്ടെങ്കിൽ എതിർക്കേണ്ടതിനെ എതിർക്കുവാനും സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനുമുള്ള തിരിച്ചറിവ് സമാന്യബുദ്ധിയുള്ള ആർക്കും തന്നെ ലഭിക്കും. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണമെന്ന് പറയുന്നതിന്റെ പൊരുളും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ യഥാസമയങ്ങളിൽ യെസ് അല്ലെങ്കിൽ നോ പറയാൻ പഠിക്കുക. എങ്കിൽ ആർക്കും തന്നെ ഈ ലോകം ഇനിയുമേറെ സുന്ദരമാകും, മനോഹരവും. തീർച്ച !!

You might also like

Most Viewed