യഥാസമയത്ത് നൽകിയ അടി...


ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പട്ടാളം തിരിച്ചടിച്ചിരിക്കുന്നു. ഒരിന്ത്യക്കാരൻ എന്ന നിലയിൽ ആത്മാഭിമാനം തോന്നുന്ന സന്ദർഭം തന്നെയാണിത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും എപ്പോൾ വേണമെങ്കിലും സ്ഫോടനങ്ങൾ നടത്തി നമ്മുടെ പൗരന്മാരെ കൊന്നുടുക്കാൻ ശേഷിയുണ്ടെന്ന പാക് ഭീകരവാദ അഹന്തയ്ക്ക് മുകളിലാണ് ഇന്ത്യ ഈ വിജയം നേടിയിരിക്കുന്നത്. എന്നും എപ്പോഴും മുറിവേറ്റ്, തിരിച്ചടിക്കാതെ നിയന്ത്രണം പാലിച്ചിരിക്കുമെന്ന ഭീകരവാദികളുടെ മൂഢവിശ്വാസത്തിനാണ് മുഖമടച്ച് അടി കിട്ടിയിരിക്കുന്നത്.

ലോകരാഷ്ട്രങ്ങൾ തന്നെ ഇന്ത്യയുടെ ഈ നടപടിക്ക് അംഗീകാരം നൽകിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഭീകരവാദത്തിന്റെ നഴ്സറികളിൽ ഒന്നാണ് ഇന്ന് പാകിസ്ഥാൻ എന്ന് അടിവരയിട്ട് ഉറപ്പിക്കുവാൻ ഈ പിന്തുണകൾക്ക് സാധിക്കുന്നു. ഉറിയിലും പത്താൻ കോട്ടിലും നടത്തിയ നിഴൽ യുദ്ധങ്ങൾക്ക് പാക് അധീന കാശ്മീരിൽ ചെന്നാണ് ഇന്ത്യൻ പട്ടാളത്തിലെ ചുണ കുട്ടൻമാർ മറുപടി നൽകിയിരിക്കുന്നത്. 120 കോടി ജനത്തിന്റെ സ്നേഹവും ആദരവും ഇവർക്കൊപ്പമുണ്ട്. അതോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെയും പ്രതിരോധവകുപ്പിനെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു. യഥാസമയത്ത് ശരിയായ തീരുമാനമെടുക്കുവാൻ അവർക്ക് സാധിച്ചിരിക്കുന്നു. 

ചരിത്രത്തിന്റെ താളുകളിൽ പോലും ഒരിക്കലും അതിർത്തികളിലെ രക്തചൊരിച്ചലോ, യുദ്ധമോ ഒന്നും സ്വതന്ത്ര ഇന്ത്യയുടെ ഇഷ്ടവിഷയങ്ങളായിരുന്നില്ല. പക്ഷെ മൂക്കിൻതുന്പത്ത് വന്നിരുന്ന് വെല്ലുവിളിച്ചാൽ അത് നോക്കി ഇരിക്കുവാൻ സാധ്യമല്ലെന്ന മുന്നറിയിപ്പിന്റെ തെളിവ് കൂടിയാണ് ഈ അക്രമണം. നമ്മുടെ എതിർപ്പും യുദ്ധവും ഒന്നും പാക് ജനതയോടല്ല മറിച്ചു തീവ്രവാദത്തോടും അതിനെ പരസ്യമായി പിന്തുണയ്ക്കുന്ന പാക് നേതൃത്വത്തോടുമാണെന്ന് ലോകരാജ്യങ്ങൾക്കും മനസിലായിരിക്കുന്നു. ഇന്ത്യയിലേത് പോലെ ജനാധിപത്യം ഇല്ലാത്തതാണ് പാകിസ്ഥാൻ ജനതയുടെ ദുരന്തം. തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറയുന്ന ചിലർ പേരിന് അധികാര സ്ഥാനത്ത് വരുമെങ്കിലും സൈനിക നേതൃത്വമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവരുടെ ഏക ലക്ഷ്യം കാശ്മീരിലെ അസ്വസ്ഥത നിലനിർത്തുക എന്നതാണ്.  അതിർത്തിയിൽ ഉള്ള തീവ്രവാദികളെ പരിശീലിപ്പിച്ച് ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത് പാക് സൈന്യം തന്നെയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. 

ഈ ഒരു സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാശ്മീർ സംബന്ധിച്ച സമാധാന ചർച്ചകൾ ആരോട് നടത്തണമെന്നതാണ് പ്രധാന പ്രശ്നം. ഉറിയിലെ ആക്രമണത്തിന് ശേഷം ഇന്ത്യ നയതന്ത്ര തലത്തിൽ നടത്തിയ നീക്കങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ലോകരാജ്യങ്ങളുടേയും അയൽ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കുവാൻ വേണ്ടതൊക്കെ ചെയ്യാൻ ഇന്ത്യൻ ഗവൺമെന്റിന് സാധിച്ചു. യു.എൻ ജനറൽ അസ്സംബ്ലിയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിശ്രീമതി സുഷമാ സ്വരാജിന്റെ പ്രസംഗം അതിന്റെ പ്രത്യക്ഷ ഉദാഹരണം ആയിരുന്നു. അതിന് ശേഷം വർദ്ധിച്ചു വരുന്ന തീവ്രവാദ ആക്രമണങ്ങൾക്കും അതിർത്തിയിലെ തീവ്രവാദ ക്യാന്പുകൾക്കും അതിർത്തി കടന്നു ഇന്ത്യയിൽ വിനാശം വിതയ്ക്കുന്ന തീവ്രവാദികൾക്കും നൽകിയ അതിവിദഗ്ദ്ധ സൈനിക നീക്കം ആയിരുന്നു കഴിഞ്ഞ ദിവസത്തെ സർജിക്കൽ സ്റ്റ്രൈക്. പാകിസ്ഥാൻ സർക്കാരിന് ഈ സർജിക്കൽ സ്റ്റ്രൈക്ക് നടന്നു എന്നോ ഇത്രയധികം തീവ്രവാദികൾ കൊല്ലപ്പെട്ടു എന്നോ സമ്മതിക്കാൻ പല ജാള്യതകളുമുണ്ടാകാം, കാരണം അങ്ങിനെ സമ്മതിച്ചാൽ അതിർത്തിയിൽ അവരുടെ സൈന്യത്തിന്റെ പിന്തുണയോടെ തീവ്രവാദ ക്യാന്പുകൾ ഉണ്ടായിരുന്നു എന്ന് ലോകത്തോടു സമ്മതിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ മറുപടി ഇന്ത്യ ബലം പ്രയോഗിച്ചു നൽകിയതല്ല. മറിച്ചു പലതവണ സഹിച്ചും ക്ഷമിച്ചും നിവർത്തിയില്ലാതെ ചെയ്തതാണ് എന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും സമാധാനത്തിന്റെ വില എത്ര വലുതാണെന്ന് പാക്കിസ്ഥാൻ സർക്കാർ മനസിലാക്കിയാൽ നന്ന്. 

അതോടൊപ്പം നമ്മുടെ രാജ്യത്തെ ജനങ്ങൾ ബാക്കിയെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചു കൊണ്ട് ഒന്നായി നിൽക്കേണ്ട സന്ദർഭം കൂടിയാണിതെന്ന് ഓർമ്മിപ്പിക്കട്ടെ! ജയ് ഹിന്ദ് !!

You might also like

Most Viewed