ഫേസ് ബുക്ക് അല്ല ഫേസ് ടു ഫേസ്
മലയാള നാട്ടിൽ എഴുതാൻ ധാരാളം വിഷയങ്ങളുണ്ട്. പ്രതിപക്ഷനേതാവിന്റെ കസേര കുറച്ചു കൂടി ശക്തമായി ഉറപ്പിക്കാൻ രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന കന്നിഹർത്താൽ മുതൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലും, ഇന്ത്യ അയൽരാജ്യത്തോടും നടത്തിവരുന്ന ജലതന്ത്ര നീക്കങ്ങളും, തൊട്ടയൽപക്കത്തെന്ത് നടക്കുന്നുവെന്നും പോലും അന്വേഷിക്കാത്ത മലയാളി, ഒരമ്മ പട്ടിണികൊണ്ട് മരിച്ചുവെന്ന് കേട്ടപ്പോൾ സോഷ്യൽ മീഡിയകളിൽ ഗ്ലിസറിനിട്ട് കരയുന്നതുമൊക്കെ എഴുതാനുള്ള വിഷയങ്ങൾ തന്നെയാണ്. എങ്കിലും പ്രവാസിയായത് കൊണ്ട് തന്നെ പ്രവാസലോകവുമായി ബന്ധപ്പെട്ടുള്ള വാർത്തകളും വിവരങ്ങളും ലഭിക്കുന്പോൾ അത് പങ്കിടാനാണ് ഏറെ താത്പര്യം തോന്നുന്നത്.
കഴിഞ്ഞദിവസം പ്രവാസികളുടെ കാര്യത്തിൽ സംസ്ഥാന കേന്ദ്ര ഗവൺമെന്റുകൾ കുറേകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിച്ച് എഴുതിയ തോന്ന്യാക്ഷരത്തിനോട് നിരവധി പേർ പ്രതികരിച്ചിരുന്നു. പലരും അവരുടെ സ്വന്തം അനുഭവങ്ങളും എഴുതി അറിയിച്ചു. വളരെ കുറഞ്ഞ ശതമാനം പേരാണ് ഇവിടെ തിരിച്ച് വന്നോ ഗൾഫിൽ തന്നെ നിന്നുകൊണ്ടോ കേരളത്തിൽ ബിസിനസ് ചെയ്യുന്നതും വിജയിക്കുന്നതും എന്ന വസ്തുത അതിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. മുന്പ് ആരോ പറഞ്ഞത് പോലെ കൊടും വനത്തിൽ നിന്ന് ഒരു സിംഹം മൃഗശാലയിലോ, സർക്കസ് കൂടാരത്തിലോ എത്തി ചേർന്നാൽ അവൻ നാല് ചുമരുകൾക്കുള്ളിലാണെങ്കിലും അവിടെ അനുഭവിക്കുന്ന സുഖമാണ് മിക്ക പ്രവാസികളും അനുഭവിക്കുന്നത്. എന്നെങ്കിലും കാട്ടിലേയ്ക്ക് തിരികെ പോകേണ്ടി വന്നാൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന ചാവാലി സിംഹങ്ങളെ പോലെ ആകുന്നു നാട്ടിലെത്തുന്ന ഈ പ്രവാസികൾ.
ഈ ഒരു പ്രശ്നത്തെ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ നടത്തിയ ഒരു കേസ് സ്റ്റഡി ഇപ്പോഴും വല്ലാതെ അലട്ടുന്നു. അബുദാബിയിൽ കഴിയുന്ന ഒരു കൂട്ടം സാധാരണ പ്രവാസി സുഹൃത്തുക്കൾ തങ്ങളുടെ വാരാന്ത്യ കൂട്ടായ്മകളിൽ നിന്നാണ് നാട്ടിൽ എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ച് 2012ൽ എറണാകുളം ആസ്ഥാനമാക്കി ഒരു പവർ ലോണ്ടറി യൂണിറ്റ് സ്ഥാപിച്ചത്. അന്പത് പേർ തങ്ങളുടെ ശന്പളത്തിൽ നിന്ന് ആറ് ലക്ഷം രൂപ മാറ്റി വെച്ച് മൂന്ന് കോടി രൂപ മൂലധനമാക്കിയാണ് ഇവിടെയുള്ള ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥാപനം കൊണ്ടുവന്നത്. ഗൾഫിലേത് പോലെ കൊണ്ടുപിടിച്ച് ഉദ്ഘാടനവും മന്ത്രിയെ കൊണ്ടുവരലും ഒക്കെ തകൃതിയായി തന്നെ നടന്നു. അന്ന് എല്ലാ മാധ്യമങ്ങളും ഇതിന് വലിയ പ്രചരണവും നൽകി. കഴിഞ്ഞ ദിവസം ഈ ഒരു സംരഭത്തെ പറ്റിയുള്ള പഴയൊരു വീഡിയോ കാണാനിടയായപ്പോൾ ആ കന്പനിയുടെ വികസനപ്രവർത്തനങ്ങൾ എവിടെയെത്തി കാണും എന്ന ആകാംക്ഷയിൽ അവർ നൽകിയിരുന്ന ഓരോ നന്പറിലും ഞങ്ങളുടെ ഓഫീസിൽ നിന്ന് വിളിച്ചു. എന്നാൽ മിക്ക നന്പറുകളും സ്വിച്ച് ഓഫായിരുന്നു. ഒടുവിൽ ഡയറക്ടർമാരിൽ ഒരാളെ ബന്ധപ്പെടാൻ സാധിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന് ഈ ഒരു കാര്യത്തെ പറ്റി സംസാരിക്കാൻ തന്നെ താത്പര്യമുണ്ടായിരുന്നില്ല. ഏറെ നേരത്തേ നിർബന്ധത്തിന് ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. പ്രവർത്തനം തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ തന്നെ പൂട്ട് വീണ സ്ഥാപനമായിരുന്നു അത്. പ്രധാനപ്പെട്ട പാളിച്ച അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടതായിരുന്നു. അന്പത് ഷെയർ ഹോൾഡേർസും പ്രവാസികളായത് കാരണം സ്ഥിരമായി നാട്ടിൽ നിൽക്കാൻ ആരുമില്ല. അങ്ങിനെ പലരെയും വിശ്വസിച്ചതിന്റെ ഫലമായി അവരൊക്കെ കബളിപ്പിക്കപ്പെട്ടു. ഒടുവിൽ വളരെ തുച്ഛമായ വിലയ്ക്ക് മെഷിനറികൾ വിറ്റ് അവർ കയ്യൊഴിഞ്ഞു. എല്ലാവർക്കും ഭീമമായ നഷ്ടവും സംഭവിച്ചു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ആ അന്പത് പേരിൽ ആ ബന്ധം ഇന്ന് നിലനിൽക്കുന്നില്ല. കൂടുതൽ ഒന്നും പറയാതെ ആരെയും കുറ്റപ്പെടുത്താതെ അദ്ദേഹം ഫോൺ വെച്ചപ്പോൾ ഏതൊരു പ്രവാസിയ്ക്കും ഉണ്ടാകുന്ന ആത്മവേദന എന്നിലും തുടിച്ചു.
വിജയിക്കുന്നവരുടെ ജീവിതചരിത്രങ്ങൾ മാത്രം നാമറിയുന്നു. പരാജയപ്പെട്ട ധാരാളം പേർ തിരികെ ഫ്ളൈറ്റ് കയറി ഖുബൂസ്സും ലബാനും കഴിച്ചു ജീവിക്കുന്നുണ്ട്. മരുഭൂമിയിലെ പൊടിക്കാറ്റ് പോലെ ഇന്നും ഇവർ അലയുന്നു. പ്രവാസികൾ ഇനിയെങ്കിലും നേരം പാഴാക്കരുത്. ചിന്തിച്ച് കാര്യങ്ങൾ മുന്പോട്ട് കൊണ്ടുപോകേണ്ട കാലമാണിത്. ഫേസ് ബുക്ക് അല്ല ഫേസ് ടു ഫേസ് ആണ് ജീവിതം എന്ന് മനസ്സിലാക്കി മുന്പോട്ട് പോകാൻ ആഗ്രഹിച്ചു കൊണ്ട്...
പ്രദീപ് പുറവങ്കര