ഞങ്ങളെയും ഓർക്കേണമേ... പ്രദീപ് പുറവങ്കര
രണ്ടുമൂന്നു വർഷത്തെ ഇടവേളയ്ക്ക്് ശേഷമാണ് ആ സുഹൃത്തിനെ ഞാൻ എറണാകുളത്ത് വെച്ച് കണ്ടത്. നേരത്തെ വർഷങ്ങളോളം ബഹ്റിനിൽ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പ്രവാസിയായിരുന്ന അദ്ദേഹം പ്രവാസം മടുത്തിട്ടാകണം കുടുംബത്തോടെ നാട്ടിലേയ്ക്ക് തിരികെയെത്തി ഇവിടെ ചെറിയൊരു ബിസിനസ് യൂണിറ്റ് സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചത്. മുപ്പത് ലക്ഷത്തോളം രൂപ കൈയിൽ നിന്ന് ചിലവഴിച്ചാണ് അദ്ദേഹം ഇവിടെ ബിസിനസ് തുടങ്ങിയത്. ആദ്യത്തെ വർഷം വലിയ തരക്കേടില്ലാതെ മുന്നേറിയെങ്കിലും ജോലി ചെയ്തുകഴിഞ്ഞാൽ പണം ലഭിക്കുന്നതിനുള്ള കാലതമാസം അദ്ദേഹത്തിന്റെ ബിസിനസിനെ വല്ലാതെ ബാധിച്ചു തുടങ്ങി.
നാട്ടിലാണെങ്കിൽ കാര്യങ്ങൾ പറഞ്ഞുതരാൻ തന്നെ ആരുമില്ല. ഗൾഫിൽ പതിനഞ്ച് വർഷത്തോളം നേടിയ അനുഭവസന്പത്ത് മാത്രമേ അദ്ദേഹത്തിന് കൈമുതലായി ഉണ്ടായുള്ളൂ. ഇത് കാരണം ഇവിടെത്തെ നിയമങ്ങളുടെ നൂലാമാലകളൊന്നും തന്നെ അദ്ദേഹത്തിന് പരിചയമുണ്ടായില്ല. ടാക്സും, ഓഡിറ്റും, ലൈസൻസുമൊക്കെ അദ്ദേഹത്തിന് പുതിയ അനുഭവങ്ങളായിരുന്നു. ഒടുവിൽ രണ്ട് വർഷത്തിനുള്ളിൽ താനുണ്ടാക്കിയ സന്പാദ്യമെല്ലാം തീർന്നുവെന്ന് മാത്രമല്ല, ഇപ്പോൾ വലിയൊരു തുകയ്ക്ക് ബാങ്കിൽ കടക്കാരനുമാണ് അദ്ദേഹം. പ്രായം മധ്യവയസോടെ അടുത്തത് കാരണം ജോലിസാധ്യതകളും ഇപ്പോൾ വളരെ കുറവ്. ജീവിച്ചുപോകാനും നിലവിലെ ലോണുകളടക്കാനുമുള്ള ചില കമ്മീഷൻ ജോലികൾ താത്കലികമായി ചെയ്തു മുന്പോട്ട് പോവുകയാണ് അദ്ദേഹം.
ഈ ഒരു അനുഭവം ഇവിടെ രേഖപ്പെടുത്തിയത് തിരികെ കേരളത്തിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികളെ നിരുത്സാഹപ്പെടുത്താനല്ല. മറിച്ച് കഴിഞ്ഞ ദിവസം ഉയർന്ന് വന്നിരിക്കുന്ന ചില വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ്്. കേരളത്തിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം നാൾക്ക് നാൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അന്യസംസ്ഥാന തൊഴിലാളികളോട് നാം കാണിക്കേണ്ട മര്യാദകളെ പറ്റി നമ്മെ ഉത്ബോധിപ്പിക്കുകയുണ്ടായി. തികച്ചും നല്ല കാര്യം. അവരും നമ്മെ പോലെ മനുഷ്യർ. ഗതികേട് കൊണ്ട് സ്വന്തം നാട് വിട്ട് മറ്റൊരു സ്ഥലത്ത് വന്ന് ജോലി ചെയ്യുന്നു. അതോടൊപ്പം മുഖ്യമന്ത്രി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളെ പറ്റിയുംഒന്ന് രണ്ട് വാക്കുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. അതായത് ഗൾഫിലെ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ പറ്റി ഓർത്ത് നമ്മളൊക്കെ വിഷമിക്കാറുണ്ട് എന്ന്. ഇവിടെയാണ് ചില കാര്യങ്ങൾ അദ്ദേഹത്തെയും ഗവൺമെന്റിനെയും ഓർമ്മിപ്പിക്കാനുള്ളത്.
കേരളത്തിൽ എത്തുന്ന അന്യദേശ തൊഴിലാളികളെയും, ഗൾഫിലേയ്ക്ക് എത്തുന്ന മലയാളികളെയും ഒരുപോലെ കാണാൻ നമ്മുടെ ഗവൺമെന്റ് ശ്രമിക്കണം. ഗൾഫ് പ്രവാസത്തിന്റെ അവസ്ഥാന്തരങ്ങൾ മാറിയും മറിഞ്ഞും വരികയാണ്. മധ്യേഷ്യ അതിന്റെഏറ്റവും വിഷമസന്ധിയിലൂടെ പോയ്കൊണ്ടിരിക്കുന്നു. അവിടെ കഴിയുന്ന ഓരോ പ്രവാസിയും ഒപ്പം സ്വദേശികളും ഏറെ ആശങ്കയിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. കൂട്ടപാലായനത്തിന്റെ മണിയടികൾ അവന്റെ രാത്രികളെ നിദ്രാവിഹീനമാക്കുന്നു. ഏതെങ്കിലും ഒരവസ്ഥയിൽ നാളെ നാട്ടിലേയ്ക്ക് കയറി വരേണ്ടി വന്നാൽ കേരളത്തിൽ എന്താണ് ചെയ്യേണ്ടതെന്നും പോലും മഹാഭൂരിഭാഗം പ്രവാസികൾക്കും അറിയില്ല. അതുവരെ ഉണ്ടാക്കിയ സന്പാദ്യം മുഴുവൻ ഇവിടെ നേരത്തെ സൂചിപ്പിച്ച സുഹൃത്തിനെ പോലെ പണയപ്പെടുത്തി ഒടുവിൽ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയാണ് നിലിവിൽ അവനെ കാത്തിരിക്കുന്നത്. പ്രവാസ സമൂഹത്തിന്റെ പണം ഞങ്ങളുടെ നട്ടെല്ലാണ് എന്ന് രാവും പകലും പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഇത്തരമൊരു വലിയ പ്രശ്നത്തെ
പറ്റി ഗൗരവമേറിയ ഒരു ചർച്ചയും നടത്തുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇത് ചോദിക്കാൻ ബാധ്യതയുള്ളവരാണ് ഇന്ന് കേരളത്തിന് പുറത്ത് താമസിക്കുന്ന 38ലക്ഷത്തോളം പ്രവാസികൾ. ഒപ്പം അതിന് ഉത്തരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവരാണ് നമ്മുടെ നാട്ടിലെ ഓരോ ജനപ്രതിനിധിയും.
പ്രവാസലോകത്ത് നിന്ന് തിരികെവരുന്നവർക്കായി മാത്രം ഒരുഎംപ്ലോയിന്റ്മെന്റ് എക്സ്ചേഞ്ചോ, ജോലികളിൽ സംവരണമോ,
അല്ലെങ്കിൽ ചെറുകിട സംരഭങ്ങൾ ആരംഭിക്കാനുള്ള പരിശീലനമോനൽകേണ്ടതിന്റെ ആവശ്യം ഏറ്റവുമധികം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ അതിർത്തികൾക്കപ്പുറത്ത് നിന്ന് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള അതേ ആശങ്ക നാലോ അഞ്ചോ മണിക്കൂറിന്റെ ദൂരത്ത് നിന്ന് എപ്പോൾ വേണമെങ്കിലും ഉരുൾ പൊട്ടൽ പോലെ തിരികെ എത്താൻ സാധ്യതയുള്ള പാവം പ്രവാസികളുടെ കാര്യത്തിലും ഉണ്ടാകണമേ എന്ന അപേക്ഷയോടെ ഒരു പാവം പ്രവാസി...