ഭിക്ഷ കൊടുക്കരുത്...
കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണല്ലോ തെരുവ് പട്ടികളുടേത്. ഏകദേശം എല്ലാ ദിവസും പട്ടികടിയേറ്റ് ചോരയൊലിപ്പിച്ച് കിടക്കുന്നവരുടെ ദൃശ്യങ്ങൾ നമ്മുടെ മുന്പിലെത്തുന്നുണ്ട്. ഏത് നേരത്തും കടി നൽകാമെന്ന രീതിയിൽ തെരുവ് പട്ടികൾ അലഞ്ഞു നടക്കുന്ന ഡോഗ്സ് ഓൺ കൺട്രിയായി കേരളം മാറിയിട്ടും സർക്കാർ വാഗ്ദാനം ചെയ്ത വന്ധീകരണ പ്രക്രിയയൊന്നും തുടങ്ങിയതായി കാണുന്നില്ല. വാഗ്ദാനങ്ങൾ മാത്രം നൽകുന്പോഴാണ് ഒരു ഗവൺമെന്റിന്റെ വിശ്വാസ്യത നഷ്ടമാകുന്നത് എന്നോർത്താൽ ഇപ്പോഴത്തെ സർക്കാരിന് നല്ലത്.
തെരുവ് പട്ടികളെ പോലെ തന്നെ നമ്മുടെ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു വിഷയമാണ് തെരുവിലെ കുട്ടികളുടെ കാര്യവും. മുന്പ് പല തവണ ഫോർ പി എം ന്യൂസ് ഇതേ വിഷയത്തെ പറ്റി നിരവധി വാർത്തകൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് കുറച്ചെങ്കിലും അർഹമാകണമെങ്കിൽ തെരുവിലെ കുട്ടികളുടെ കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകേണ്ടതാണ്. നമ്മുടെ നാടിനെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുന്ന കാളസർപ്പമാണ് ഇവിടെയുള്ള ഭിക്ഷാടന മാഫിയ. പൊതുവേ മലയാളികൾക്ക് ദാനശീലം കുറച്ച് അധികമുള്ളത് കൊണ്ടാകാം ഈ മാഫിയ തഴച്ച് വളരുന്നത്. കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ഇതിന്റെ തലവൻമാർ ദിവസവും നടത്തുന്നത്. ഭിക്ഷാടനത്തിന്റെ മറവിൽ കഞ്ചാവും, മയക്കുമരുന്നും, പെൺവാണിഭവും, മോഷണവും, അവയവ കച്ചവടവുമൊക്കെ തകൃതിയായി വേറെ നടക്കുന്നുമുണ്ട്.
കേരളത്തിലെ പ്രധാന ജംഗ്ഷനുകളിൽ കളിപ്പാട്ടങ്ങൾ മുതൽ സെൽഫീ സ്റ്റിക്ക് വരെ വിൽക്കാൻ വരുന്ന അന്യസംസ്ഥാനക്കാരുടെ കൈയിൽ എത്രയോ കുഞ്ഞുങ്ങൾ ഉറങ്ങികിടക്കുന്നത് നമ്മളൊക്കെകണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. അതു പോലെ തന്നെ ബസ് സ്റ്റാൻറുകളിൽ, തീവണ്ടികളിൽ ഒക്കെ ഒട്ടിയ വയറിന് താളം പിടിച്ച് തൊണ്ട പൊട്ടുന്ന രീതിയിൽ ഉറക്കെ തോന്നുന്ന പാട്ടുകൾ പാടുന്ന പിഞ്ചുബാല്യങ്ങൾക്ക് കീശയിൽ നിന്ന് നാണയതുട്ടുക്കളും, നോട്ടുകളും കൊടുക്കാൻ നമ്മുക്കൊക്കെ ഉത്സാഹമാണ്. എന്നാൽ ഇവരൊക്കെ ആരാണെന്നോ, എന്തിനാണ് ഈ കുഞ്ഞുങ്ങളെ പൊരിയുന്ന വെയിലത്ത് ഇങ്ങിനെ കൊണ്ടു നടക്കുന്നതെന്നോ ചോദിക്കാനുള്ള ആർജ്ജവം പോലും അത് വഴി പോകാറുള്ള പോലീസുകാരോ നിയമപാലകരോ കാണിക്കാറില്ല.
അറിഞ്ഞടുത്തോളം ഈ മാഫിയകളെ നയിക്കുന്നവരിൽ രാഷ്ട്രീയ, മത, വാണിജ്യ മേഖലകളിൽ സ്വാധീനമുള്ളവരും ഉൾപ്പെടുന്നു.
നേരം പുലരുന്പോൾ ടാർജറ്റുമായി ഇറങ്ങുന്ന സെയിൽ എക്സിക്യൂട്ടീവുകളാണ് മിക്ക ഭിക്ഷാടനക്കാരും എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റുകൾ പറയുന്നത്. അതു കൊണ്ട് തന്നെ പോലീസോ മറ്റാരെങ്കിലുമോ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിൽ തന്നെ വളരെ പെട്ടന്ന് പുറത്തിറങ്ങാനും സാധിക്കുന്നു. ശിശു സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ചൈൽ ലൈൻ പോലെയുള്ള ഗവൺമെന്റ് സ്പോൺസേർഡ് സംഘടനകളിൽ ഭൂരിഭാഗവും ഭരിക്കുന്നത് ഈ പ്രശ്നത്തെ പറ്റി ഗൗരവമായി ചിന്തിക്കാത്തവരാണ്. അവർക്കും സ്ഥാപിത താത്പര്യങ്ങൾ ധാരാളമുണ്ടെന്ന് അത്തരം ഓഫീസുകളുമായി ബന്ധപ്പെട്ടപ്പോൾ മനസിലായ കാര്യമാണ്. മറ്റൊരു കാര്യം ഇന്ന് നമ്മുടെ നാട്ടിൽ സുരക്ഷാസംവിധാനങ്ങൾ എത്രയോ വർദ്ധിച്ചിട്ടുപോലും പിഞ്ചുകുഞ്ഞുങ്ങളെ കാണാതാകുന്നത് നിത്യസംഭവം തന്നെയാണ്. കേരളത്തിലെ കുട്ടിയാണെങ്കിൽ അവരെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റിവിട്ട് അവിടെ ഭിക്ഷാടനം നടത്തിപ്പിക്കുന്നാതണ് ഈ മാഫിയുടെ രീതി.
ഭിക്ഷാടനം ചെയ്യുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് അത് പോലീസിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയെ ഉപയോഗിച്ചാൽ കാണാതായ കുട്ടികളിൽ പെട്ടവരാണോ ഇവർ എന്നെങ്കിലും നമുക്ക് അന്വേഷിക്കാം. ഇങ്ങിനെയുള്ള വഴികളിലൂടെ ഈ മാഫിയയെ ഇല്ലാതാക്കാനുള്ള നടപടികൾ ഗവൺമെന്റ് കൈക്കൊള്ളണം. അതു പോലെ ഇനിയെങ്കിലും ഇവിടെ ഭിക്ഷ യാചിക്കുന്നവർക്ക് ദയവ് ചെയ്ത് ആരും ഒന്നും കൊടുക്കരുത്. വേണമെങ്കിൽ അവർക്ക് ഭക്ഷണം വാങ്ങിച്ചു കൊടുത്തോളൂ. പക്ഷെ പണം നൽകരുത്. കാരണം ആ പണം പോകുന്നത് അവരുടെ സന്പാദ്യത്തിലേയ്ക്ക് അല്ല എന്ന് കൂടി നിങ്ങൾ തിരിച്ചറിയുക.