ജീവിച്ചുപോയ്ക്കോട്ടെ...
ഇന്ന് പുറത്ത് വന്നിരിക്കുന്ന ഒരു വാർത്തയാണ് ഈ കുറിപ്പിന് ആധാരം. വടകരയ്ക്കടുത്ത് ഇന്നലെ രാത്രി റെയിൽവെ ട്രാക്കിൽ ആരോ ഉപേക്ഷിച്ച ഒരു സ്കൂട്ടർ തിരുവന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് തീവണ്ടി ഇടിച്ചു തെറിപ്പിച്ചു എന്നതാണ് ആ വാർത്ത. സാമൂഹ്യവിരുദ്ധരോ, മാനസിക നില തെറ്റിയവരോ അതുമല്ലെങ്കിൽ ഭീകരപ്രവർത്തനം നടത്തണമെന്ന് വിചാരിക്കുന്നവരോ ആയിരിക്കാം ചിലപ്പോൾ ഈ സ്കൂട്ടർ റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചിരിക്കുക. ഇവർ ആരായാലും തന്നെ നമ്മുടെ മനസിനെ വല്ലാതെ വേവലാതിപ്പെടുത്തേണ്ട വാർത്തയാണിത്.
ലക്ഷകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും നമ്മുടെ നാട്ടിൽ തീവണ്ടികളിലൂടെ സഞ്ചരിക്കുന്നത്. മാത്രമല്ല ഇന്ന് കേരളത്തിൽ ഏറ്റവും സമാധാനത്തോടെ വലിയ ചിലവില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു ഗതാഗതമാർഗ്ഗം തീവണ്ടിയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി നമ്മൾ ഈ ഗതാഗതവുമായി കേരളത്തിൽ കേൾക്കുന്ന വാർത്തകൾ അത്ര രസകരമല്ല. പലയിടങ്ങളിലും റെയിൽ പാളങ്ങൾ മുറിച്ചിട്ടിരിക്കുന്നു. ഇടയ്ക്കിടെ തീവണ്ടികൾക്ക് പല കാരണങ്ങളാലും പാളം തെറ്റുന്നു. ഇത് കാരണം ട്രെയിൻ ഗതാഗതം താറുമാറായിരിക്കുന്നു.
വളരെ എളുപ്പത്തിൽ ഒരു വലിയ കലാപത്തിന് വരെ തിരികൊളുത്താൻ സാധിക്കുന്ന കാര്യമാണ് തീവണ്ടി അക്രമണമെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പല വിഭാഗത്തിലുമുള്ള വിദ്വേഷ ശക്തികൾ നമ്മുടെ നാട്ടിലും നാൾക്ക് നാൾ ശക്തി പ്രാപിച്ചുവരികയാണ്. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനോ, അല്ലെങ്കിൽ ഭയം ജനിപ്പിക്കാനോ ഇതുവരെയും പ്രത്യക്ഷത്തിൽ കേരളത്തിൽ വലിയ ആക്രമണങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെങ്കിലും അങ്ങിനെയൊന്ന് ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും തന്നെ സാധ്യമല്ല. അതുകൊണ്ട് തന്നെ തീർച്ചയായും നമ്മുടെ ഇന്റലിജൻസ് വിഭാഗം ഏറെ കരുതിയിരിക്കേണ്ട കാലമാണിത്.
നമുക്ക് ശീലമായി തീർന്നിട്ടുള്ള രാഷ്ട്രീയക്കാരുടെ സംഘടനകൾക്ക് അപ്പുറത്ത് സംഘടിത മതങ്ങളും അല്ലാത്തവയുമൊക്കെ ഇന്ന് നമ്മുടെ നാട്ടിൽ വെറുപ്പിന്റെ പ്രത്യയശാസ്ത്ര കച്ചവടം തകൃതിയാക്കിയിരിക്കുകയാണ്. ഉള്ളതും, ഇല്ലാത്തതുമായ ചരിത്രങ്ങളെ കൂട്ടുപിടിച്ച് ഇന്നിനോ നാളെയ്ക്കോ യാതൊരു ആവശ്യവുമില്ലാത്ത കുറേ കാര്യങ്ങൾ പരസ്പരം വിളന്പി അവർ വെല്ലുവിളിച്ചുക്കൊണ്ടിരിക്കുകയാണ്. നീയോ അതോ ഞാനോ എന്ന തരത്തിൽ ഈ വെല്ലുവിളികൾക്ക് ഹരം പകരാൻ എത്തുന്ന ജനക്കൂട്ടവും പതിയെ ഓരോ വിഭാഗങ്ങളായി ചേരിതിരിയുന്നു. പിന്നെ സോഷ്യൽ മീഡിയകളിൽ പരസ്പരം തെറിവിളികൾ മുഴുങ്ങുന്നു. കണ്ടാൽ മിണ്ടാൻ സാധിക്കാത്ത തരത്തിൽ അവർ മാറിപോകുന്നു.
വെറുപ്പിന്റെ പഠനക്ലാസുകൾ നടത്തുന്ന നേതാക്കൾ മതഭേദമന്യേ ഓരോ വിഭാഗത്തിന്റെയും ആരാധ്യരായ നേതാക്കളാകുന്നു. റോഡിലുടനീളമുള്ള ഫ്ളക്സുകളിലൂടെയും, ചാനൽ ചർച്ചകളിലൂടെയും ഇവരുടെ വീരോതിഹാസങ്ങൾ കേൾക്കാൻ പാവം ജനം വിധിക്കപ്പെടുന്നു. മണിക്കൂറിന് സിറ്റിങ്ങ് ഫീസ് വാങ്ങി വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുന്ന ഇവർ കൊയ്യുന്നത് പാവപ്പെട്ടവരുടെ ജീവിതങ്ങളാണ്. എന്റെ മതമാണ് വലുതെന്ന് പുലന്പുന്ന ഇത്തരം ഹിജഡകളോട് അവരുടെ മുഖത്ത് നോക്കി രാജ്യത്തെ വിഭജിക്കുന്ന നിനക്കൊക്കെ ഭ്രാന്താണടോ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് അവരെ പൂട്ടിയിടാൻ ആർജ്ജവമുള്ളവരുടെ എണ്ണം നമ്മുടെ ഇടയിൽ ഇന്ന് വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇത്തരം മതഭ്രാന്തന്മാരുടെ എണ്ണം കൂടിവരുന്നത് കൊണ്ട് തന്നെതീവണ്ടി അട്ടിമറി മുതൽ എന്തും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഒരു നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു.
സാധാരണക്കാർ തീവണ്ടി പോലെയുള്ള ഇടങ്ങളിൽ കയറുന്നത് ജീവിതപ്രാരബ്ധങ്ങളുടെ ചുമട് എടുത്തുകൊണ്ടാണ്. ദയവ് ചെയ്ത് ഈ പാവങ്ങളെ ഉപദ്രവിക്കരുത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നിങ്ങൾ പങ്കിട്ടോളൂ. പരസ്പരം പോരിട്ട് തമ്മിൽ തല്ലി ചത്തോളൂ. ഒന്നുമറിയാത്ത പാവങ്ങളെ വെറുതെ വിടൂ. അവർ അന്നന്നത്തെ അന്നത്തിനായുള്ള പരക്കം പാച്ചിലിലാണ്. അവർക്ക് ആ അന്നം തന്നെയാണ് ഈശ്വരൻ. അത് തന്നെയാണ് ഏറ്റവും വലിയ മതവും.
അതോടൊപ്പം ശക്തമായ സുരക്ഷാസന്നാഹങ്ങൾ ഒരുക്കാൻ കേരള സർക്കാരിനും ബാധ്യതയുണ്ട്. 650ഓളം കിലോമീറ്റർ ദൈർഘ്യമുള്ള കേരള സംസ്ഥാനത്ത് ഓരോ കിലോമീറ്റർ ചുറ്റളവിലും ഒരു പോലീസുകാരൻ വേണം എന്ന അവസ്ഥ ഉണ്ടാകണം. അങ്ങിനെയെങ്കിൽ സാധാരണക്കാരന് അവന്റെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും സന്താപങ്ങളുമായി ജീവിച്ചു പോകാം. അല്ലെങ്കിൽ അവർക്ക് ജീവിക്കുന്നതായി വെറുതെ അഭിനയിക്കേണ്ടി വരും. ജാഗ്രതൈ!