യുദ്ധവും സമാധാനവും...
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ഇന്ന് അന്താരാഷ്ട്ര സമാധാന ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. സമാധാന പൂർണ്ണമായ ഒരു ജീവിതം ഇന്നിന്റെ ലോകത്ത് ജീവിക്കുന്നവർക്ക് എപ്പോഴെങ്കിലും ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന കാലത്ത് ഇത്തരമൊരുദിനത്തിന് എന്ത് പ്രസക്തി എന്നറിയില്ല. സമാധാനത്തിന് വേണ്ടി വാദിച്ച് ഒടുവിൽ രക്തസാക്ഷിയാകേണ്ടി വന്ന രാഷ്ട്രപിതാവിന്റെ നാട്ടിലാണ് നമ്മളൊക്കെ ജനിച്ചതും, ഇനി മരിക്കേണ്ടതും. അദ്ദേഹത്തെ ലോകം വിളിച്ചത് അർദ്ധനഗ്നനായ ഫക്കീർ എന്നായിരുന്നു. 95 വർഷം മുന്പ് 1921 സപ്തംബർ 22ന് മധുരയിൽ വെച്ചാണ് മഹാത്മ ഗാന്ധി എന്ന സമാധാനത്തിന്റെ ആ പ്രവാചകൻ തന്റെ വിശ്വപ്രസിദ്ധമായ അർദ്ധനഗ്ന വേഷം സ്വീകരിച്ചത്. മധുരയിലേയ്ക്കുള്ള തന്റെ യാത്രയിൽ തീവണ്ടിയിൽ വെച്ച് അദ്ദേഹം കണ്ടു മുട്ടിയവരിൽ മിക്കവരും അൽപ്പവസ്ത്രധാരികളായിരുന്നു. ഖാദി ധരിക്കേണ്ട ആവശ്യത്തെ പറ്റി ഗാന്ധിജി സൂചിപ്പിച്ചപ്പോൾ ഒരു മുണ്ട് വാങ്ങാൻ പോലും കാശില്ലാത്തവരാണ് തങ്ങളെന്ന് അവർ മറുപടി പറഞ്ഞു. ഇതോടെയാണ് രാജ്യത്തെ മഹാഭൂരിഭാഗം പേരും അർദ്ധനഗ്നരായി കഴിയുന്പോൾ താൻ എങ്ങിനെ ദേഹം മൂടിപുതക്കുമെന്ന ചിന്തയിലേയ്ക്ക് ആ മഹാത്മാവ് എത്തിചേർന്നത്. പിന്നീടങ്ങോട്ട് അദ്ദേഹം ആ വേഷത്തിൽ മാത്രമേ സഞ്ചരിച്ചുള്ളൂ.
ആഗ്രഹങ്ങളുടെ പൂർത്തീകരണമാണ് ഏതൊരു മനുഷ്യന്റെ ജീവിത ലക്ഷ്യം. എഴുതി വെച്ചാൽ ഒരു മനുഷ്യന് പത്തോ പതിനഞ്ചോ ആഗ്രഹങ്ങൾ കാണും. പക്ഷെ അത്യാഗ്രഹങ്ങൾക്ക് അങ്ങിനെയൊരു കണക്കുണ്ടാകില്ല. അത് മരണം വരെയും തുടരും. ഈ അത്യാഗ്രഹങ്ങളുടെ പുറകിൽ പോകുന്പോഴാണ് മനുഷ്യന്റെ മനസമാധാനം നഷ്ടപ്പെടുന്നത്. ഇന്ന് ഈ ലോകത്തുള്ള ഇരുന്നൂറോളം രാജ്യങ്ങളിൽ കേവലം പത്ത് രാജ്യങ്ങൾ മാത്രമാണ് സമാധാപൂർണമെന്ന് പറയാൻ സാധിക്കൂ എന്ന് 2016ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ചൂണ്ടിക്കാണിക്കുന്നു. അഭ്യന്തരതലത്തിലോ, അന്താരാഷ്ട്ര തലത്തിലോ യുദ്ധങ്ങളിലോ, സംഘർഷങ്ങളിലോ ഏർപ്പെടാത്ത രാജ്യങ്ങളാണിത്. ചിലി, കോസ്റ്റാറിക്ക, ജപ്പാൻ, ഖത്തർ, ബൊട്സ്വാന, മൊറീഷ്യസ്, പാനമ, സ്വിറ്റ്സർലാൻഡ്, ഉറുഗ്വായ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണിവ. ഇവയിൽ ജപ്പാനും, വിയറ്റ്നാമും ഉൾപ്പെടയുള്ള പല രാജ്യങ്ങൾക്കും കൊടും യുദ്ധത്തിന്റെ ചരിത്രം കൂടിയുണ്ടെന്ന് നാം മനസ്സിലാക്കണം.
അതുപോലെ തന്നെ മുന്പ് വളരെ സമാധാനപരമായിരുന്ന പല രാജ്യങ്ങളും ഇന്ന് ഏറെ സംഘർഷഭരിതമാണ്. ഏറ്റവുമധികം സംഘർഷബാധിതമായിരിക്കുന്നത് പശ്ചിമേഷ്യയിലാണ്. സിറിയ, ലിബിയ, ഇറാഖ്, യമൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാൾക്ക് നാൾ ഇവിടെ നിന്ന് സംഘർഷങ്ങളുടെ വർദ്ധനവിന്റെ പറ്റി മാത്രമാണ് നമ്മൾ അറിയുന്നത്. ഈ വർഷം മാത്രം ഇത്തരം സംഘർഷങ്ങളിൽ പെട്ട് 1,12,000രത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ തന്നെ എഴുപ്പത്തിയഞ്ച് ശതമാനത്തോളം പേർ മരിച്ച് വീണത് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. ഇവിടെയുള്ള മുപ്പത് ദശലക്ഷത്തോളം കുട്ടിക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ സാധിക്കുന്നില്ല. സംഘർഷപ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകൾ ലൈംഗികമായി ഓരോ നിമിഷവും പീഢിപ്പിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങളൊക്കെ തന്നെ ഇത്തരം സ്ഥലങ്ങളിൽ ചവിട്ടിമെതിക്കപ്പെടുന്നു.
പല സംഘർഷങ്ങളും ആരംഭിക്കുന്പോൾ തന്നെ അത് ചർച്ചകളിലൂടെയും, അനുനയ ശ്രമങ്ങളിലൂടെയും തടയാൻ സാധിക്കത്തപ്പോഴാണ് പിന്നീട് അത് രൂക്ഷമാവുകയും, രാഷ്ട്രങ്ങളെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നത്. കുറച്ചുപേരുടെ അധികാര ചിന്തയുടെ പരിണിത ഫലമാണ് ഓരോ യുദ്ധവും, സംഘർഷങ്ങളും. അതേ സമയം ഭൂരിഭാഗം മനുഷ്യരുടെയും സ്നേഹവിചാരങ്ങളുടെ ബാക്കിയാണ് സമാധാന ചിന്ത. യുദ്ധം എന്ന പ്രകിയ ഒരു ജനതയെ കുറച്ച് നേരത്തേയ്ക്ക് തളർത്തുക മാത്രമല്ല ചെയ്യുന്നത് മറിച്ച് നിരപരാധികളുടെ ജീവിതത്തിലേയ്ക്ക് തീപ്പന്തങ്ങൾ എറിഞ്ഞ് അവരെ കരിച്ചുകളയാനും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സമാധാനം എന്നത് തികച്ചും മാനവികതയുടെ മാത്രം പ്രശ്നമായിമാറുന്നു. ആ പ്രശ്നം സങ്കീർണ്ണമായി നമ്മുടെ ചുറ്റും വലയം ചെയ്യുന്പോൾ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭ്രാന്തൻ മതവിശ്വാസങ്ങളെയും, കേവല അസഹിഷ്ണുതകളെയും, ചേരിത്തിരിവുകളെയും, ദുഷ്ചിന്തകളെയുമൊക്കെ നമ്മൾ മാറ്റി നിർത്തേണ്ടതുണ്ട്. ഇവിടെ കേവലം മനുഷ്യൻ എന്ന രീതിയിലാകട്ടെ നമ്മുടെ ചിന്തകൾ. നമുക്ക് വേണ്ടി ഇറ്റുവീണ ഓരോ ചോരതുള്ളികൾക്കും വലിയ വിലയുണ്ട്. അവരോട് നിറഞ്ഞ ആദരവുമുണ്ട്. പക്ഷെ അതേസമയം ചർച്ചകൾക്കോ മറ്റ് എന്തെങ്കിലും തരത്തിലുള്ള അനുനയ ശ്രമങ്ങൾക്കോ, സമ്മർദ്ദങ്ങൾക്കോ സാധ്യതകളുണ്ടെങ്കിൽ അതുപയോഗിക്കാനും കഴിയണം. കാരണം ഒരു യുദ്ധത്തെക്കാൾ എന്തുകൊണ്ടും നല്ലത് സമാധാനം തന്നെയാണ്.