ചർച്ചയിൽ വീർപ്പുമുട്ടി കേരളം


ഫ്ളാറ്റിന്റെ കുഞ്ഞുബാൽ‍ക്കണിയിൽ‍ വിരിച്ചിട്ട പൂക്കളത്തിലെ പൂക്കൾ‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു. ഉറുന്പുകൾ‍ പതിയെ ആ പൂക്കളിൽ‍ വലിഞ്ഞു കയറി തുടങ്ങിയിരിക്കുന്നു. എന്നിട്ടും ആ പൂക്കൾ എടുത്ത് മാറ്റാൻ‍ മനസ് സമ്മതിക്കുന്നില്ല. ഓണം അങ്ങിനെയൊരു വികാരമാണ് നമ്മൾ‍ മലയാളികൾ‍ക്ക് നൽ‍കുന്നത്. പറിച്ചു മാറ്റാൻ‍ പറ്റാതെ ഒട്ടിപിടിച്ചു കിടക്കുന്ന വികാരം. ഇത്തരം വികാരങ്ങളെ നെഞ്ചോടടുപ്പിച്ച് കൊണ്ടുനടക്കുന്നത് കൊണ്ടാകാം ഈ വികാരങ്ങൾ‍ക്കൊപ്പം അതോടൊനുബന്ധിച്ചുള്ള വിവാദങ്ങളുടെയും ഇഷ്ടതോഴരായി നമ്മൾ‍ മാറിയത്.

ഇത്തവണ ഓണത്തിന് പുറമേ കേരളത്തിന്റെ നവോത്ഥാന നായകൻ‍ ശ്രീനാരായണഗുരുവിനെ കൂടി വിവാദങ്ങളിലെ പ്രധാന വിഷയമായി നമ്മുടെ മാധ്യമപ്രവർ‍ത്തകരും, രാഷ്ട്രീയ നായകരും ചേർ‍ന്ന് മാറ്റിയിരിക്കുന്നു. നമ്മുടെ ചർ‍ച്ചാവേദികളുടെ കേന്ദ്ര ബിന്ദുവായി ഈ വിഷയങ്ങൾ‍ മാറിയത് സ്വാഭാവികമായ ഒരു പ്രക്രിയയാണെന്ന് ഞാൻ‍ കരുതുന്നില്ല. വ്യക്തമായ അജണ്ടകളും താത്പര്യങ്ങളും ഇത്തരം ചർ‍ച്ചകളെ പൊതുസമൂഹത്തിന്റെ മുന്പിലേയ്ക്ക് തെളിയിച്ച് കൊണ്ടുവരുന്നതിലും കാണുമെന്നുറപ്പ്. എന്തായാലും ബുദ്ധിശൂന്യത വിളിച്ചുപറയുന്ന തരത്തിലാണ് ഇത്തരം ചർ‍ച്ചകൾ‍ പലതും നടക്കുന്നത് എന്ന് പറയാതിരിക്കാൻ‍ സാധിക്കില്ല.

ഓണം നൽ‍കുന്ന മഹത്തായ സന്ദേശങ്ങൾ‍ക്ക് പകരം നമ്മുടെ ചർ‍ച്ചകൾ‍ മഹാബലിയിലേയ്ക്കും വാമനനിലേയ്ക്കും ഒതുങ്ങിപോയി. ഇവരിലാരാണ് കേമൻ‍ എന്നതായിരുന്നു നമ്മിൽ പലരയെും വേവലാതിപ്പെടുത്തിയത്. അതുപോലെ തന്നെ ശ്രീനാരായണ ഗുരു മാറ്റി മറിച്ച കേരളത്തെ പറ്റി ചിന്തിച്ച് അതിൽ അഭിമാനിക്കുന്നതിന് പകരം അദ്ദേഹം ഒരു പ്രത്യേക മതത്തിൽ‍ പെട്ട ആളാണോ എന്നതിലാണ് ചർ‍ച്ചകൾ‍ മുന്പോട്ട് പോയത്. എന്ത് മാത്രം കഷ്ടമാണിത്.

കാലയവനികയ്ക്കുള്ളിൽ‍ മറഞ്ഞു പോയ എത്രയോ മഹാരഥന്‍മാരുടെ ശ്രമഫലമായിട്ടാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള അവസ്ഥയിലേയ്ക്ക് മനുഷ്യൻ‍ എത്തിയിട്ടുള്ളത്. നൂറ് കൊല്ലം പോയിട്ട് ഒരു ഇരുപത് വർ‍ഷം പിന്നോട്ട് പോകാൻ‍ പോലും ഇന്ന് ആർ‍ക്കും സാധ്യമല്ല. കാരണം നമ്മുടെ ചുറ്റുമുള്ള ലോകം ഏറെ മുന്പോട്ട് പോയിരിക്കുന്നു. കാര്യങ്ങൾ‍ ഏറെ മാറിയിരിക്കുന്നു. ഇന്നലെകളെ പറ്റി ഓർ‍ക്കുന്നത് നന്ന് തന്നെ. പക്ഷെ അവ ബാക്കി വെച്ച നല്ല അനുഭവങ്ങളെ പറ്റിയും അവയിൽ‍ നിന്ന് ലഭിച്ച നല്ല പാഠങ്ങളുമാണ് ഇന്ന് നമ്മൾ‍ ചർ‍ച്ച ചെയ്യേണ്ടത്. അല്ലാതെ പഴകി പഴങ്കഞ്ഞിയായ പഴകഥകളും, ആർ‍ക്കും ഗുണം ചെയ്യാത്ത കുറെ ചരിത്രങ്ങളും പറഞ്ഞ് പരസ്പരം ചൊറിഞ്ഞു കൊണ്ടിരുന്നാൽ‍ ഒരടി പോലും മുന്പോട്ട് പോകാൻ‍ ആർ‍ക്കും തന്നെ സാധ്യമല്ല. ഇത് തിരിച്ചറിയാത്തവരൊന്നുമല്ല ചർ‍ച്ചകളിൽ‍ പങ്കെടുക്കുന്നതും, അത് നയിക്കുന്നതും. തങ്ങൾ‍ക്ക് ലഭിക്കുമെന്ന് കരുതുന്ന ചില കുഞ്ഞു സമ്മാനങ്ങളാണ് അവരെ ഇത്തരം ചർ‍ച്ചകളിലെ പ്രധാന താരങ്ങളാകാൻ‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

നമ്മുടെ നാട്ടിലെ ടെലിവിഷൻ‍ ചാനലുകൾ‍ വൈകുന്നേരം ചർ‍ച്ച ചെയ്യുന്ന വിഷയങ്ങളെ പറ്റി ചിന്തിച്ചാൽ‍ എൺ‍പത് ശതമാനവും രാഷ്ട്രീയക്കാരുടെ വിഴുപ്പ് അലക്കലാണെന്ന് തിരിച്ചറിയും. നാടിന്റെ സർ‍വോന്‍മുഖമായ വികസനങ്ങളെ പറ്റിയോ, പൊതുസമൂഹത്തെ ഏറ്റവുമധികം ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പറ്റിയോ ചർ‍‍ച്ച ചെയ്യാൻ‍ ഇവർ‍ക്ക് സമയം കുറവാണ്. കണ്ടിരിക്കുന്ന പ്രേക്ഷകനും അത്തരം വിഷയങ്ങളിൽ‍ ഒരു താത്പര്യവുമില്ലെന്ന് റേറ്റിങ്ങ് ഏജൻ‍സികൾ‍ അവരെ ഉപദേശിക്കുന്നു. ഒന്നുകിൽ‍ കണ്ണീർ‍ സീരിയലുകൾ‍ അതല്ലെങ്കിൽ‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ അഴിമതി കഥകൾ, വർ‍ഗീയ രാഷ്ട്രീയത്തിന്റെ വികാരങ്ങൾ പങ്കിടുന്ന  ക്രൂരമായ ചർ‍ച്ചകൾ, അതുമല്ലെങ്കിൽ‍ പെൺവാണിഭ പീഢന കഥകൾ. ഇതൊക്കെ തന്നെയാണ് ഇന്ന് മലയാളിയുടെ മുന്പിൽ‍ വിറ്റുപോകുന്ന വിഷയങ്ങൾ‍. ഇത് കാണിക്കുന്പോൾ‍ മാത്രമാണ് സ്ളോട്ടുകൾ‍ പ്രൈം ആകുന്നത്. അതിന്റെ പ്രതിഫലനമാണ് മലയാളിയുടെ സോഷ്യൽ‍ മീഡിയയിലും കാണുന്നത്. ഇത്തരം വിഷയങ്ങളിൽ‍ ഒരു പോസ്റ്റിട്ടാൽ‍ പിന്നെ ലൈക്കുകളുടെയും, കമന്റുകളുടെ ചാകരയാണ്. 

അടുത്ത കാലത്തൊന്നും തന്നെ ഈ ഒരു പ്രതിഭാസത്തിൽ‍ നിന്ന് നമുക്ക് മോചനമില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ മുന്പോട്ട് പോകാൻ‍ മാത്രമേ സാധാരണ ജനത്തിന് ഇപ്പോൾ‍ സാധിക്കൂ. ഈ ചർ‍ച്ചാ മാഫിയകൾ‍ സൃഷ്ടിക്കുന്ന മസ്തിഷ്ക പ്രക്ഷാളനത്തിൽ‍ തലയും കുത്തി വീഴാതിരിക്കണെ എന്ന് മാത്രം പ്രാർ‍ത്ഥിച്ചു കൊണ്ട്...

You might also like

Most Viewed