അ--സത്യമേവ ജയതേ...
ഒരു സമൂഹത്തിനെ അച്ചടക്കത്തോടെ മുന്പോട്ട് നയിക്കാനാണ് അവിടെ നിയമവ്യവസ്ഥ ഉണ്ടാക്കുന്നത്. ആധുനിക ലോകത്ത് അത്തരം നിയമവ്യവസ്ഥകൾ പാലിച്ചു ജീവിച്ചു പോകാനാണ് സാമാന്യബോധമുള്ള ആരും തന്നെ ശ്രമിച്ചു പോരുന്നത്. സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് ഇത്തരം നിയമവ്യവസ്ഥകൾ നമ്മെ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
നിയമങ്ങൾ തെറ്റിച്ചാൽ ലഭിക്കുന്ന ശിക്ഷകളെ പറ്റി ഏതൊരു പരിഷ്കൃത സമൂഹത്തിലെയും പൗരന്മാർക്ക് വളരെ ചെറുപ്പത്തിലേ ഏകദേശധാരണ ലഭിക്കുന്നു. തൂക്ക് കയർ മുതൽ സാദാ തടവ് ശിക്ഷ വരെ ഇതിൽ പെടുന്നു. തെറ്റ് ചെയ്താൽ വഴക്ക് മുതൽ അടിവരെ ലഭിക്കുമെന്ന് ചെറിയ കുഞ്ഞുങ്ങൾക്ക് വരെ ഇന്ന് അറിയാം. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ നിയമങ്ങളോട് പൊതുവായി നമുക്ക് ആദരവാണ് ഉള്ളത്. നാളെ എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ അന്യായമായി എന്തെങ്കിലും നേരിടേണ്ടി വന്നാൽ അതിന് തക്കതായ പരിഹാരം ഈ നിയമവ്യവസ്ഥ നൽകുമെന്ന വിശ്വാസമാണ് ഈ ആദരവിന് കാരണം. ആ ഒരു വിശ്വാസത്തിനാണ് കഴിഞ്ഞ ദിവസത്തെ സൗമ്യ വധക്കേസ് വിധി പോറലേൽപ്പിച്ചിരിക്കുന്നതെന്ന് പറയാതിരിക്കാൻ സാധ്യമല്ല.
കോടതി എന്നത് ഇന്ന് സാധാരണ മനുഷ്യന്റെ അവസാനത്തെ പ്രത്യാശ കേന്ദ്രമാണ്. രാഷ്ട്രീയവും, മതവും, കച്ചവടവുമൊക്കെ പരസ്പരം പാര പണിയുന്ന ഇടങ്ങളാണെന്ന തിരിച്ചറിവ് തന്നെയാണ് കോടതിയിൽ തന്റെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതാൻ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് എന്ത് വിഷമഘട്ടത്തിലും ഇനി കോടതിയിൽ കാണാമെന്ന് ആ പാവപ്പെട്ടവൻ അലറിവിളിക്കുന്നത്. ആ അലർച്ചയുടെ ആവേശത്തിനാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്. അവർക്ക് പ്രൊസിക്യൂഷനും, റിവ്യൂ ഹർജ്ജിയും, സെക്ഷൻ 376, 325 എന്നൊക്കെ പറഞ്ഞാൽ മനസിലാകില്ല. അവർക്കറിയുന്ന കാര്യം നഗരത്തിൽ ജോലി ചെയ്തിരുന്ന ഒരു പാവം പെൺകുട്ടിയെ വീട്ടിലേയ്ക്ക് പോകുന്നവഴിയിൽ അതിക്രൂരനായ ഒരാൾ ബലാത്സംഗം ചെയ്ത് കൊന്നു എന്ന് മാത്രമാണ്. കോടതി അവന് വിധിക്കുന്നത് ഏറ്റവും കടുത്ത ശിക്ഷയായിരിക്കുമെന്ന് സമൂഹം വിശ്വസിച്ചതിൽ ഒരു തെറ്റും പറയാൻ സാധിക്കില്ല. അവരെ സംബന്ധിച്ചെടുത്തോളം നീതി പരാജയപ്പെട്ടിരിക്കുന്നു. സൗമ്യയുടെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ അവരുടെ ഉറക്കം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.
അതേസമയം ഗോവിന്ദചാമിക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങി കേസ് വാദിക്കുന്നു എന്നു പറയപ്പെടുന്ന അഡ്വ. ആളൂരിനെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സത്യത്തിൽ അദ്ദേഹം തന്റെ ജോലി ചെയ്യുകയല്ലെ ചെയ്യുന്നത്. കള്ളനും, കൊലപാതകിക്കും, അഴിമതിക്കാരനുമൊക്കെ പണമുണ്ടെങ്കിൽ സ്വന്തമായി ഒരു വക്കീലിനെ വെച്ച് കേസ് വാദിക്കാം. അതിന് നമ്മുടെ നിയമവ്യവസ്ഥ അനുകൂലമാണ്. അതുകൊണ്ട് വക്കീലിനെ കുറ്റം പറയുന്നതിന് പകരം തൂക്ക്കയറിൽ നിന്ന് ജീവപര്യന്തത്തിലേയ്ക്ക് ഗോവിന്ദചാമിയെ പോലെ ഒരു ക്രിമിനലിനെ ഇറക്കി കൊണ്ടുവരുന്പോൾ നമ്മുടെ നിയമവ്യവസ്ഥയ്ക്ക് എവിടെയോ തകരാറുകൾ സംഭവിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. വർഷങ്ങൾ ഏറെയായിരിക്കുന്നു നമ്മുടെ നിയമങ്ങൾ ഉണ്ടാക്കിയിട്ട്. പലതും കാലഹരണപ്പെട്ട നിയമങ്ങളാണ്. ഒരാളെ കൊന്നാൽ പോലും വളരെ എളുപ്പത്തിൽ ശിക്ഷയൊന്നുമില്ലാതെ ഇറങ്ങി നടക്കാൻ അവസരമൊരുക്കുന്നവയാണ് അതിൽ പലതും. ഇത്തരം നിയമങ്ങളെ കണ്ടുപിടിച്ച് പുതിയ നിയമനിർമ്മാണം നടത്തുകയാണ് നമ്മുടെ രാജ്യത്ത് അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യം.
നാളെ മറ്റൊരു കുറ്റപത്രം ഹാജരാക്കുകയാണ്. പെരുന്പാവൂരിലെ ജിഷയെ കൊന്ന അമീറുൽ ഇസ്ലാമിന് എതിരെയുള്ള കുറ്റപത്രം. അതിലും കാണും സുഖമായി ഇറങ്ങിവരാൻ സാധിക്കുന്ന തരത്തിൽ ഒട്ടനവധി പഴുതുകൾ. ഒടുവിൽ ജിഷ സ്വന്തം നിലയ്ക്ക് കത്തിയെടുത്തു കുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതി രക്ഷിക്കാൻ അവിടെയെത്തിയാതെണെന്ന് വരെ നമ്മുടെ ഇപ്പോഴത്തെ നിയമം കണ്ടുപിടിച്ചേക്കാം. അതാണ് നമ്മുടെ സമീപകാല അനുഭവങ്ങളൊക്കെ തെളിയിക്കുന്നത്. സത്യമേവ ജയതേ എന്ന് പറയാൻ ഇനിയും നമുടെ നീതിപീഠങ്ങൾക്ക് എന്ത് അർഹത എന്ന ചിന്തയോടെ...