അല്ലയോ വാമനാ...
ഒരു ഓണക്കാലം കൂടി പതിയെ പടിയിറങ്ങുന്പോൾ ചിന്തകൾ വീണ്ടും മഹാബലിയിലേയ്ക്കും വാമനനിലേയ്ക്കുമൊക്കെ തന്നെ കടക്കുന്നു.ഇവർ രണ്ടുപേരുമാണല്ലോ ഇപ്രാവശ്യത്തെ ഓണം നാളുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ടവർ. ചരിത്രം നമ്മുടെ മുന്പിൽ വരച്ചിട്ടുതന്ന മനോഹരമായ പ്രതീകങ്ങളാണ് ആണ് ഇവർ രണ്ട് പേരും. സാധാരണ മനുഷ്യനെന്ന രീതിയിൽ ചിന്തിച്ചാൽ നമ്മൾ എന്നും മഹാബലിയെയും വാമനനെയും കാണുന്നുണ്ടെന്നും, അനുഭവിക്കുന്നുണ്ടെന്നും തിരിച്ചറിയും. സാഹചര്യമനുസരിച്ച് അതിന്റെ അളവുകൾ വ്യത്യസ്തമായിരിക്കും എന്നു മാത്രം.
മഹാബലിക്ക് നമ്മൾ കൊടുത്തിരിക്കുന്നത് ഒരു നിഷ്കളങ്കന്റെ രൂപമാണ്്. ജീവിതത്തിൽ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് അദ്ദേഹം. ദാനം ചോദിച്ചുവരുന്ന ഏതുതരം വാമനന്മാരെയും തൃപ്തിപ്പെടുത്താൻ കൈയിലുള്ള സ്വത്തുക്കൾ മാത്രമല്ല, തന്റെ തല പോലും നീട്ടി വെച്ചു കൊടുക്കുന്ന നിഷ്കളങ്കൻ. വാമനൻ നേരെ എതിർചേരിയിൽ ഉള്ള ആളാണ്. ഒരു പരിചയവും ഇല്ലാത്തയാളാണെങ്കിൽ പോലും ആരോടും കൈനീട്ടി സഹായം ചോദിക്കാൻ മടിക്കാത്തയാൾ. ചോദിക്കുന്ന സഹായത്തിൽ പോലും കുതന്ത്രങ്ങൾ മെനഞ്ഞ് തനിക്ക് വേണ്ടത് തന്നെ വാങ്ങിയെടുക്കാൻ മിടുക്കുള്ളവൻ. എങ്ങിനെയും മറ്റൊരുത്തന്റെ സ്വത്തും ജീവനുമൊക്കെ പിടിച്ചെടുക്കണം എന്ന ഫിലോസഫിയിൽ വിശ്വസിക്കുന്നവൻ. വിജയിക്കാനുള്ള അവകാശം തനിക്ക് മാത്രമാണെന്ന് കരുതുന്നയാളാണ് അദ്ദേഹം. ജീവിതവഴികളിൽ യാത്ര ചെയ്യുന്പോൾ നമ്മൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട രണ്ട് കഥാപാത്രങ്ങളായിട്ടാണ് ഇവരെ ഞാൻ കാണുന്നത്. ഇന്നത്തെ ലോകത്ത് ഇതിൽ ഏതെങ്കിലും ഒന്നാണ് നമ്മളെല്ലാവരും.
തന്റേതല്ലാത്ത ഒരിടത്ത്് അധിനിവേശം നടത്തി വിജയം തട്ടിപ്പറിച്ചെടുത്ത വ്യക്തികളും, കന്പനികളും, പ്രസ്ഥാനങ്ങളും, രാജ്യങ്ങളുമൊക്കെ ഒരു തരത്തിൽ വാമനന്മാർ തന്നെയാണ്. അവർ കയറി ചെന്ന, ഇപ്പോഴും ചെന്നുകൊണ്ടിരിക്കുന്ന ഓരോ സമൂഹവും മഹാബലിയുടേതാണ്. ആദരവോടെ അവർ വാമനന്മാരെ കയറ്റിയിരുത്തി സത്കരിക്കും. അപ്പോഴൊന്നും അധിനിവേശം നടത്താൻ എത്തിയ വാമനമാരുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന അത്യാഗ്രഹങ്ങളെ കാണാൻ ഈ പാവം മഹാബലിമാർക്ക് പറ്റിയില്ല. ഒടുവിൽ തങ്ങളുടെ തല പോലും മണ്ണിനടിയിലേയ്ക്ക് പൂഴ്ത്തിവെക്കേണ്ട അവസ്ഥയിൽ അവരെത്തും. ഇത് കാലങ്ങൾക്ക് മുന്പ് മാത്രമല്ല, ഇപ്പോഴും നടന്നു കൊണ്ടേയിരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ, ഇറാഖിൽ, സിറിയയിൽ, ലിബിയയിൽ, തുർക്കിയിൽ, എന്നു വേണ്ട ലോകത്തിന്റെ പലയിടങ്ങളിലും ദുരമൂത്ത വാമനന്മാർ മഹാബലിയുടെ സമൂഹത്തെപറ്റിച്ചും തട്ടിച്ചും സ്വത്തുക്കളും സ്ഥലങ്ങളും അളന്നെടുക്കുന്നു. വർഷത്തിലൊരിക്കൽ ഈ അധിനിവേശങ്ങളുടെ വാർഷികം തിരുവോണം പോലെ അതിഗംഭീരമായി ആഘോഷിക്കുന്നു. സമരചരിത്രങ്ങളുടെ ഗൃഹാതുരമായ സ്മരണകൾ അയവിറക്കി ഏന്പക്കവുമിട്ട്, വീണ്ടും പുതിയ വാമന്മാരെ ക്ഷണിച്ചു വരുത്തുന്നു. ദുരന്തങ്ങളുടെ ആവർത്തനമായി അത് മാറികൊണ്ടേയിരിക്കുന്നു.
കഴിഞ്‍ഞ ദിവസം നമ്മുടെ സ്വന്തം രാജ്യത്ത് പോലും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ദാഹജലത്തിന് വേണ്ടി പരസ്പരം വഴക്കിടുന്ന അവസ്ഥ നമ്മളൊക്കെ കണ്ടതും കേട്ടതും വായിച്ചതുമാണ്. മനസ്സിലാക്കേണ്ട ഒരു കാര്യം എവിടെയും, ഏത് ബന്ധങ്ങളിലും ഒരൽപ്പം മണ്ണും, സ്വത്തും തന്നെയാണ് പ്രധാന പ്രശ്നം. പലതരം അളവെടുപ്പുകളിലൂടെ പരസ്പരം മണ്ണും, സ്വത്തുക്കളും ഒക്കെ നഷ്ടപ്പെടുന്പോൾ എവിടെ നിൽക്കണമെന്നറിയാതെ ഓടുകയും ഒറ്റപ്പെടുകയും ചെയ്യുകയാണ് സാധാരണക്കാരനായ മാവേലിമാർ.
അതുകൊണ്ടായിരിക്കാം മഹാബലിയെ പോലെ കൈയിൽ ഉള്ളതെല്ലാം കൊടുത്ത് ജീവിതം കളയല്ലെ മക്കളെ എന്ന് അടുത്ത തലമുറയോട് ആരോ പറയുന്നത് ഞാനും നിങ്ങളും ഇപ്പോൾ കേൾക്കുന്നത്. വാമനനെ പോലെ സ്മാർട്ടായി ആരുടെ തലയിലും കാൽ കയറ്റി വെയ്ക്കാനുള്ള ചങ്കൂറ്റമാണ് നിങ്ങൾക്ക് വേണ്ടതെന്നും നമ്മൾ കേൾക്കുന്നു. സ്വന്തം മാതാപിതാക്കളെ പോലും തൂക്കിവിൽക്കാൻ ശേഷി കാണിക്കുന്ന, രക്തത്തിൽ പിറന്ന കുഞ്ഞിനെ പോലും പീഢിപ്പിക്കാൻ മടി കാണിക്കാത്ത, പട്ടാപകൽ പോലും ആരുടെയും ജീവനെടുക്കാൻ തോന്നുന്ന തരത്തിൽ ക്രൂരന്മാരുടെ ലോകമായി മാറിയ നമ്മുടെ നാട്ടിൽ മാവേലി വില്ലനും, വാമനൻ നായകനുമാകാൻ വലിയ കാലം ആവശ്യമില്ല. അതുകൊണ്ട് തന്നെ കേൾവികളുടെയും പറച്ചിലുകളുടെയും ഈ ലോകത്ത് എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹോഷ്മളമായ നല്ല കാലം ആശംസിക്കാൻ മാത്രമേ ഈ ഓണക്കാലത്ത് തത്കാലം സാധിക്കുന്നുള്ളൂ. വരുംകാലം എല്ലാത്തിനും ഉത്തരം നൽകുമെന്ന പ്രതീക്ഷയോടെ...
(ദയവ് ചെയ്ത് പുരാണവും ഇതിഹാസവും ഒക്കെയായി ഈ ഒരു ചിന്തയെ കൂട്ടി കലർത്തരുത്)