എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

ആഘോഷങ്ങളുടെ ആഴ്ച്ചയാണ് കടന്നുപോകുന്നത്. വ്യത്യസ്ത പേരുകളിൽ ഓരോ ആഘോഷങ്ങൾ കടന്നുവരുന്പോൾ നമ്മുക്കിടയിൽ ഉണർന്ന് വരേണ്ടത് പരസ്പര സഹോദര്യത്തിന്റെ സന്ദേശമാണ്.
മനുഷ്യൻ എന്നത് ജീവജാലങ്ങളിലെ ഒരു ജാതിയാണെന്നും, പരസ്പര സ്നേഹമാണ് മനുഷ്യന്റെ മതമെന്നും തിരിച്ചറിയേണ്ട ദിവസങ്ങളാണിവ. ഒരു പായസം കുടിച്ചാലോ, ബിരിയാണി കഴിച്ചാലോ, പരസ്പരം ഒന്നു ചിരിച്ചു പോയാലോ ഒരു ദൈവവും മനുഷ്യനോട് കോപിക്കില്ലെന്ന സാമാന്യ ബോധമെങ്കിലും ഇത്തരം ആഘോഷചടങ്ങുകളിൽ നാം പങ്കിടണം. കാരണം നമ്മുടെ ഇടയിൽ പലർക്കും മനുഷ്യത്വം നഷ്ടമായികൊണ്ടിരിക്കുന്നു. എല്ലാം ഒന്നിൽ നിന്ന് തുടങ്ങിയതാണെന്ന ചിന്തയും അന്യമായിരിക്കുന്നു.
ചിലർ മതങ്ങളെ എസ്റ്റാബ്ലിഷ്മെന്റുകളാക്കുന്പോൾ അവർക്ക് അവരുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടിവരുന്നു. മനുഷ്യൻ എന്ന ഉൽപ്പന്നത്തിനെ കൊന്നിട്ടായാലും ഈ എസ്റ്റാബ്ലിഷ്മെന്റുകൾ ലാഭമുണ്ടാകുന്നു. വിശ്വാസികളുടെ ഭയത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. പണമായും, കെട്ടിടങ്ങളായും, മറ്റു സ്വത്തുക്കളായും അവർ വാരിക്കൂട്ടുന്നു, ജനങ്ങളെ ഭരിക്കുന്നു. ഒരു സുപ്രഭാതത്തിൽ ഇതൊന്നും മാറില്ല. ചിലപ്പോൾ വരും വർഷങ്ങളിൽ ഈ പ്രവണത അനേകമടങ്ങ് വർദ്ധിച്ചേക്കാം. എങ്കിലും അൽപം ചിലർ ആശാകിരണങ്ങളുമായി നമുക്ക് ചുറ്റും അപ്പോഴും ഉണ്ടാകും. ഒരു നാൾ പുതിയ പ്രഭാതം വരുമെന്നും, അന്ന് മനസിലെ തിമിരം എടുത്തുകളഞ്ഞ് മനുഷ്യർ പരസ്പരം സ്നേഹിക്കുമെന്നും അവർ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു നല്ല കാലം വരട്ടെയെന്ന ആശംസയോടൊപ്പം ബലിപെരുന്നാളിന്റെ ആശംസകളും നിങ്ങൾക്കേവർക്കും നേർന്നു കൊണ്ട് സ്നേഹത്തോടെ...
പ്രദീപ് പുറവങ്കര